Site iconSite icon Janayugom Online

എഫ്സിഐ ഗോഡൗണുകളിലെ ഭക്ഷ്യശേഖരം ഇടിയുന്നു

ricerice

കാലാവസ്ഥാ വ്യതിയാനവും മറ്റും മൂലം കാർഷികോല്പാദനത്തിലുണ്ടായ മുരടിപ്പിന്റെ ഫലമായി രാജ്യത്തെ എഫ്സിഐ ഗോഡൗണുകളിലെ അരി, ഗോതമ്പ് ശേഖരം ഇടിയുന്നു. ഏഴ് വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ഗോതമ്പ് ശേഖരണമാണ് ഇപ്പോൾ ഗോഡൗണുകളിലുള്ളതെന്നും അരിയുല്പാദനത്തിലുണ്ടായിരിക്കുന്നത് വലിയ ഇടിവാണെന്നുമാണ് കണക്കുകൾ. 

അരിയുല്പാപാദനം മുൻ വർഷത്തെ അപേക്ഷിച്ച് നാല് ശതമാനം ഈ വർഷം കുറഞ്ഞു. 2022–23 ൽ 1105.12 ലക്ഷം ടണ്ണായിരുന്ന അരിയുല്പാദനം 23- 24 ൽ 1063.12 ലക്ഷം ടണ്ണായാണ് കുറഞ്ഞിരിക്കുന്നത്. 2021 — 22 ൽ 1110. 01 ലക്ഷം ടണ്ണായിരുന്ന അവസ്ഥയിൽ നിന്നാണ് 1105.12 ലേക്കും 1063.12 ലേക്കും ഉത്പാദനം താഴേക്ക് പോന്നത്. 

ജനുവരി ഒന്നിലെ അവലോകനത്തിലാണ്, എഫ്സിഐ ഗോഡൗണുകളുടെ ഏഴ് വർഷത്തെ ചരിത്രത്തിനിടെയിലെ ഏറ്റവും കുറഞ്ഞ ശേഖരമാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടുള്ളത്. മിനിമം പരിധിയായ 138 ലക്ഷം ടണ്ണിന്റെ അല്പം മുകളിലാണ് നിലയെങ്കിലും അത് ആശങ്ക വർധിപ്പിക്കുന്ന സ്ഥിതി തന്നെയാണെന്നാണ് കാർഷിക മേഖലയിലെ വിദഗ്ധരുടെ വിലയിരുത്തൽ. നെല്ല് കൃഷി ചെയ്യുന്ന ഭൂമിയുടെ വിസ്തൃതി മുൻകാലത്തെക്കാൾ ഇരട്ടിയായി വർധിച്ചിട്ടും ഉല്പാദനം താഴോട്ട് പോയതെങ്ങനെ എന്നത് സർക്കാർ ഗൗരവമായി ചിന്തിക്കേണ്ട കാര്യമാണെന്നാണ് അവരുടെ അഭിപ്രായം. മുൻവർഷം 204.27 ലക്ഷം ഹെക്ടറിലായിരുന്നു നെൽകൃഷിയെങ്കിൽ 2023 ൽ 411 ലക്ഷം ഹെക്ടറായാണ് കൃഷിഭൂമിയുടെ വിസ്തൃതി കൂടിയത്. 

രാജ്യം ഭക്ഷ്യക്ഷാമത്തിലേക്ക് നീങ്ങുമെന്ന ആശങ്ക ശക്തമായപ്പോഴാണ് താത്കാലികാശ്വാസമെന്ന നിലയിൽ ഗോതമ്പിന്റെയും ബസുമതി അരിയുടെയും കയറ്റുമതി നിരോധനം കേന്ദ്രം പരീക്ഷിച്ചത്. അടുത്ത വിളവെടുപ്പിൽ ഉല്പാദനം ഇപ്പോഴത്തേതിലും മോശമായാൽ നിരോധനം കൊണ്ടും പിടിച്ചു നിൽക്കാനാവാതെ വരും. ഗോതമ്പ് ഉല്പാദിപ്പിക്കുന്ന സംസ്ഥാനങ്ങളിൽ സർക്കാർ സംഭരണം കാര്യക്ഷമമല്ലെന്ന ആക്ഷേപം ശക്തമാണ്. സർക്കാർ നൽകുന്ന തുച്ഛമായ വിലയെക്കാൾ കൂടിയ വില പുറത്ത് കിട്ടുന്നതിനാൽ പുറത്ത് വിറ്റതിനുശേഷം മിച്ചമുള്ളതാണ് കൃഷിക്കാർ സർക്കാരിന് നൽകുന്നത്. ഏപ്രിൽ മാസത്തിലാണ് ലോകസഭാ തെരഞ്ഞെടുപ്പ് എന്നതിനാൽ, മാർച്ച് അവസാനത്തിൽ നടക്കുന്ന ഗോതമ്പ് വിളവെടുപ്പ് കേന്ദ്ര സർക്കാരിന്റെ നെഞ്ചിടിപ്പ് കാര്യമായി വർധിപ്പിക്കുന്നുണ്ട്.

Eng­lish Sum­ma­ry: Food stocks in FCI godowns are falling

You may also like this video 

Exit mobile version