Site icon Janayugom Online

എണ്ണ ഇറക്കുമതിക്ക് രൂപ; കേന്ദ്ര പദ്ധതി പാളി

ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ ഇന്ത്യൻ രൂപ ഉപയോഗിക്കാനുള്ള പദ്ധതി ഉപേക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍. ഇന്ത്യന്‍ രൂപയോട് എണ്ണ ഉല്പാദക രാജ്യങ്ങള്‍ താല്പര്യം പ്രകടിപ്പിക്കാത്ത സാഹചര്യത്തിലാണ് തീരുമാനം. ഇന്ത്യൻ രൂപയുടെ ഉയര്‍ന്ന വിനിമയ തുകയും രൂപയിലേക്ക് മാറ്റി എടുക്കുന്നതിലുള്ള ബുദ്ധിമുട്ടുമാണ് വിതരണക്കാരെ പിന്നോട്ട് വലിക്കുന്നതെന്ന് കേന്ദ്രം പാര്‍ലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയെ അറിയിച്ചു. ക്രൂഡ് ഓയില്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട എല്ലാ വ്യവഹാരങ്ങളും നടക്കുന്നത് യുഎസ് ഡോളറിലാണ്. എന്നാല്‍ രൂപ അന്താരാഷ്ട്രവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി കയറ്റുമതി- ഇറക്കുമതിക്കായി ഇന്ത്യൻ രൂപ ഉപയോഗിക്കാൻ 2022 ജൂലൈ 11ന് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയിരുന്നു. എന്നാല്‍ എണ്ണ കയറ്റുമതിക്കാരില്‍ നിന്ന് മികച്ച പ്രതികരണം ഉണ്ടായിട്ടില്ല.

പാര്‍ലമെന്റില്‍ കഴിഞ്ഞ ആഴ്ചയാണ് കമ്മിറ്റി റിപ്പോര്‍ട്ട് മേശപ്പുറത്തുവച്ചത്. 2022–23 സാമ്പത്തിക വര്‍ഷത്തില്‍ ക്രൂഡ് ഓയില്‍ ഇറക്കുമതികളൊന്നും ഇന്ത്യൻ രൂപയില്‍ ഉണ്ടായിട്ടില്ല എന്നും പെട്രോളിയം മന്ത്രാലയം പറയുന്നു. രൂപയിലേക്ക് മാറ്റുന്നതിലെ ചെലവ്, വിനിമയത്തിലെ ഏറ്റക്കുറച്ചിലുകള്‍ എന്നിവയാണ് ക്രൂഡ് ഓയില്‍ വിതരണക്കാര്‍ ഇതിന് കാരണമായി പറയുന്നതെന്നും മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ വര്‍ഷമാണ് ആര്‍ബിഐ റുപി വോസ്ട്രോ അക്കൗണ്ടുകള്‍ തുറക്കാൻ സഹ ട്രേഡിങ് രാജ്യങ്ങള്‍ക്ക് അനുമതി നല്‍കിയത്. നിലവില്‍ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും പൊതുമേഖലാ സ്ഥാപനങ്ങളും ക്രൂഡ് ഓയില്‍ വിതരണക്കാരുമായി ഇന്ത്യൻ രൂപയില്‍ വ്യവഹാരം നടത്തുന്നത് സംബന്ധിച്ച് ധാരണയിലെത്തിയിട്ടില്ല.

നേരത്തെ അന്താരാഷ്ട്ര കറന്‍സിയായി രൂപയെ ഉയര്‍ത്തിയെടുക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കങ്ങള്‍ക്കിടെ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് ഇന്ത്യന്‍ കമ്പനികള്‍ ചൈനീസ് യുവാന്‍ ഉപയോഗിച്ചതും ഏറെ ശ്രദ്ധേയമായിരുന്നു. ഉപരോധത്തെത്തുടര്‍ന്ന് റഷ്യ ഡോളറിലുള്ള വ്യാപാരം നിര്‍ത്തിയിരുന്നു. ആദ്യം കുറച്ചുനാള്‍ രൂപ ഉപയോഗിക്കപ്പെട്ടെങ്കിലും പിന്നീട് റഷ്യ സ്വീകരിക്കാതെയായി. ഇതോടെയാണ് ഇന്ത്യന്‍ കമ്പനികള്‍ക്കും ചൈനീസ് കറന്‍സി ഉപയോഗിക്കേണ്ടിവന്നത്.

ഇറക്കുമതി പ്രതിദിനം 460 കോടി ബാരല്‍

ഊര്‍ജ ഉപഭോഗത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. എന്നാല്‍ ഇതിന്റെ 15 ശതമാനം മാത്രമാണ് ആഭ്യന്തര ഉല്പാദനം നടക്കുന്നത്. 2022 ഏപ്രില്‍ മുതല്‍ 2023 മാര്‍ച്ച് വരെ ഇന്ത്യ 15,750 കോടിയാണ് 23.27കോടി ടണ്‍ ക്രൂഡ് ഓയില്‍ ഇറക്കുമതിക്കായി ചെലവഴിക്കുന്നത്.
ഇറാഖ്, സൗദി അറേബ്യ, റഷ്യ, യുഎഇ എന്നീ രാജ്യങ്ങളില്‍ നിന്നാണ് കൂടുതല്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യപ്പെടുന്നത്. ഇതില്‍ ‍14.12കോടി മിഡില്‍ ഈസ്റ്റില്‍ നിന്നാണ്. അതായത് ആകെ ഇറക്കുമതിയുടെ 58 ശതമാനം. 11,340 കോടി രൂപയാണ് ഈ സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം 15.26 കോടി ടണ്‍ ക്രൂഡ് ഓയില്‍ ഇറക്കുമതിക്കായി ചെലവഴിച്ചത്. രാജ്യത്ത് പ്രതിദിനം 550–560 കോടി ബാരല്‍ ക്രൂഡ് ഓയിലാണ് ഉപയോഗിക്കുന്നതെന്നും ഇതില്‍ 460 കോടി ബാരല്‍ ഇറക്കുമതി ചെയ്യുന്നതായും മന്ത്രാലയം പാര്‍ലമെന്ററി സമിതിയെ അറിയിച്ചു.

Eng­lish Summary;For oil import Rs. Cen­tral plan­ning layer
You may also like this video

Exit mobile version