Site iconSite icon Janayugom Online

സ്വാതന്ത്ര്യലബ്ധിയ്ക്കുശേഷം ചരിത്രത്തിലേക്ക് ‘ചെരുപ്പിട്ട്’ നടന്നുകയറി നായ്ക്കര്‍ വിഭാഗം: ദളിതര്‍ക്കെതിരെയുള്ള അനാചാരങ്ങള്‍ക്ക് മറുപടി

castecaste

സ്വാതന്ത്ര്യത്തിന് മുമ്പ് സവര്‍ണവിഭാഗം ഏര്‍പ്പെടുത്തിയ ദുരാചാരം അവസാനിപ്പിച്ച്, തമിഴ്‌നാട്ടിലെ ദളിത് വിഭാഗമായ നായ്ക്കര്‍. സവര്‍ണ ജാതിക്കാർ ഏർപ്പെടുത്തിയ അലിഖിത നിയമം ലംഘിച്ച് ഞായറാഴ്ചയോടെ അംഗങ്ങള്‍ നിരത്തുകളില്‍ ചെരിപ്പിട്ട് നടന്നു.

തിരുപ്പൂർ ജില്ലയിലെ മടത്തുകുളം താലൂക്കിലെ രാജാവൂർ ഗ്രാമത്തിലെ ‘കമ്പള നായ്ക്കൻ സ്ട്രീറ്റിൽ’ നായ്ക്കര്‍ വിഭാഗത്തിലെ അംഗങ്ങൾ ആദ്യമായി പാദരക്ഷകൾ ധരിച്ച് നടന്നത് ചരിത്രത്തിലേക്കാണ്. 

ദലിതർ ചെരിപ്പിട്ട് തെരുവിലൂടെ നടക്കാൻ പാടില്ലെന്ന സവർണ്ണരുടെ വിലക്ക് അവസാനിപ്പിക്കുകയായിരുന്നു നായ്ക്കര്‍ വിഭാഗത്തിന്റെ ലക്ഷ്യം. പട്ടികജാതി (എസ്‌സി) അംഗങ്ങളെ തെരുവിൽ സൈക്കിൾ ചവിട്ടാൻ പോലും അനുവദിച്ചിരുന്നില്ല. ഇത്തരം ദുരാചാരങ്ങള്‍ക്കാണ് 2023 ഓടെ തിരശീല വീണത്. 

300 മീറ്റർ നീളമുള്ള തെരുവിൽ താമസിക്കുന്ന 60 പേരും പിന്നോക്ക ജാതി വിഭാഗത്തില്‍പ്പെട്ട നായ്ക്കർ ആണ്. ഗ്രാമത്തിലെ 900ഓളം വീടുകളിൽ 800ഉം ഗൗണ്ടർമാർ, നായ്ക്കർമാർ തുടങ്ങിയ ജാതികളിൽപ്പെട്ടവരാണ്.

ചെരുപ്പിട്ട് നടന്നാല്‍ കൊല്ലുമെന്നുവരെ ഭീഷണിപ്പെടുത്തിയ സ്ത്രീകള്‍പോലും ഈ തെരുവിലുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. പതിറ്റാണ്ടുകളായി അടിച്ചമര്‍ത്തലില്‍ ജീവിച്ചുവരികയായിരുന്നു ഇവര്‍. 

ദളിത് സ്ത്രീകളെ തെരുവിൽ പ്രവേശിക്കാൻ പോലും അനുവദിച്ചില്ലെന്ന് തമിഴ്‌നാട് അൺടച്ചബിലിറ്റി ഇറാഡിക്കേഷൻ ഫ്രണ്ട് (തിരുപ്പൂർ) സെക്രട്ടറി സി കെ കനകരാജ് തെരുവ് സന്ദര്‍ശിച്ചുകൊണ്ട് വെളിപ്പെടുത്തി. 

കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്), വിടുതലൈ ചിരുതൈകൾ പാർട്ടി, ദളിത് അവകാശ സംഘടനയായ ആതി തമിഴർ പേരവൈ തുടങ്ങിയ രാഷ്ട്രീയ പാർട്ടികളുടെ ഭാരവാഹികൾക്കൊപ്പം മുന്നണിയിലെ അംഗങ്ങളും തെരുവിൽ ചെരുപ്പിട്ട് നടന്നു. ദളിതര്‍ക്ക് പ്രവേശനം നിഷേധിച്ച ഗ്രാമത്തിലെ രാജകാളിയമ്മൻ ക്ഷേത്രത്തിലും സംഘം ദര്‍ശനം നടത്തി. 

ദളിത് വിഭാഗങ്ങളുടെ വീടുകള്‍പോലും സവര്‍ണരുടെ വീടുകള്‍ക്ക് അഭിമുഖമായി ഇരുന്നുകൂട എന്നതരത്തിലുള്ള മറ്റൊരു അനാചാരവും ഇവര്‍ക്കുമേല്‍ ഏര്‍പ്പെടുത്തിയിരുന്നതായുള്ള വാര്‍ത്തകള്‍ നേരത്തെ ഈ ഗ്രാമത്തില്‍നിന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുഖാമുഖം വരാതിരിക്കുന്നതിനായി വീടുകളുടെ മുന്‍വശംപോലും സവര്‍ണരുടേതില്‍ നിന്ന് തിരിച്ചാണ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്.

Eng­lish Sum­ma­ry: For the first time after inde­pen­dence, Naikkars wear footwear and occu­py the streets

You may also like this video

Exit mobile version