Site iconSite icon Janayugom Online

ഇന്ത്യൻ സഭാ ചരിത്രത്തിലാദ്യമായി വൈദികൻ കര്‍ദ്ദിനാളാകും; ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് കൂവക്കാടിന്റെ സ്ഥാനാരോഹണം ഇന്ന്

ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് കൂവക്കാടിന്റെ സ്ഥാനാരോഹണം ഇന്ന്. ഇന്ത്യൻ സഭാ ചരിത്രത്തിൽ ആദ്യമായാണ് ഒരു വൈദികനെ നേരിട്ട് കർദിനാളാക്കുന്നത്. ചടങ്ങുകൾ ഇന്ന് വത്തിക്കാനിൽ നടക്കും. ഇന്ത്യൻ സമയം രാത്രി 9ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ ഫ്രാൻസിസ് മാർപാപ്പ മുഖ്യ കാര്‍മികത്വം വഹിക്കുന്ന ചടങ്ങിൽ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് കൂവക്കാട് കർദ്ദിനാളായി ഉയർത്തപ്പെടും. ഇദ്ദേഹത്തോടൊപ്പം മറ്റ് ഇരുപത് പേരെയും കർദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തും. തുടർന്ന് ഇന്ത്യൻ സമയം രാത്രി 10 മുതൽ 12 വരെ നവ കർദിനാൾമാർ ഫ്രാൻസിസ് മാർപാപ്പയെ വത്തിക്കാൻ കൊട്ടാരത്തിൽ സന്ദർശിച്ച് ആശീർവാദം വാങ്ങും. എട്ടാം തീയതി സെന്റ് ഞായറാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് 2ന് പുതിയ കര്‍ദിനാള്‍മാര്‍ ഫ്രാൻസിസ് മാർപാപ്പയോടൊപ്പം പീറ്റേഴ്‌സ് ബസിലിക്കയിൽ കുർബാന അർപ്പിക്കും. 

ഇന്ത്യയെ പ്രതിനിധീകരിച്ച് ഏഴംഗ സംഘം ചടങ്ങില്‍ പങ്കെടുക്കും. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ, മുൻ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, കൊടിക്കുന്നിൽ സുരേഷ് എംപി, അനിൽ ആന്റണി , അനൂപ് ആന്റണി എന്നിവരാണ് ഇന്ത്യയെ പ്രതിനിധീകരിച്ച് വത്തിക്കാനിലെത്തിയത്. സ്ഥാനാരോഹണച്ചടങ്ങിൽ പങ്കെടുക്കാൻ എംഎൽഎമാർ ഉള്‍പ്പെടെ മലയാളി പ്രതിനിധിസംഘവും എത്തിയിട്ടുണ്ട്. കേരളത്തിന് അഭിമാനനിമിഷമാണെന്ന് സംഘം പ്രതികരിച്ചു. കര്‍ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞമാസം ചങ്ങനാശേരിയില്‍ വച്ചായിരുന്നു മെത്രാഭിഷേക ചടങ്ങുകള്‍ നടന്നത്.

Exit mobile version