13 പേർ കൊല്ലപ്പെട്ട ഡൽഹി ചെങ്കോട്ട കാർ ബോംബ് സ്ഫോടനക്കേസ് അന്വേഷണം വിദേശരാജ്യങ്ങളിലേക്ക് നീളുന്നു. ദുബായിൽ താമസിക്കുന്ന ചിലരുമായി പ്രതികള്‍ ബന്ധപ്പെട്ടിരുന്നതായി എന്‍ഐഎ കണ്ടെത്തി. ചില പ്രതികൾ തുർക്കിയെയിലും പാകിസ്ഥാനിലും താമസിച്ചിരുന്നുവെന്ന വിവരവും പുറത്തുവന്നു. പ്രതികളിൽ ഒരാളായ ഡോ. ആദിൽ അഹമ്മദ് റാത്തറിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് പ്രതികളുടെ വിദേശബന്ധം പുറത്തുവന്നത്. ഉത്തർപ്രദേശിലെ സഹാറൻപൂർ സ്വദേശിയാണ് ഡോ. ആദിൽ റാത്തർ. ചോദ്യം ചെയ്യലിൽ, ഡോ. ആദിലിന്റെ സഹോദരൻ മുസഫർ റാത്തർ പാകിസ്ഥാനിലേക്ക് പോയ ശേഷം രണ്ട് മാസം മുമ്പ് ദുബായിലെത്തിയിരുന്നു. മുസഫർ റാത്തറിന് ജയ്ഷ്-ഇ‑മുഹമ്മദുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് സൂചനകള്‍.
ഭീകര പ്രവർത്തനങ്ങൾക്കായി പണം സമാഹരിക്കാനാണ് മുസഫർ റാത്തർ ദുബായ് സന്ദർശിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. ദുബായിലേക്ക് പോകുന്നതിനുമുമ്പ് പാകിസ്ഥാനിൽ വെച്ച് മുസഫർ റാത്തർ ആരെല്ലാമായി കൂടിക്കാഴ്ച നടത്തി എന്നും അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നുണ്ട്.
അതേസമയം ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത് ഡോ. ഉമര്‍ ഉന്‍ നബിയെന്ന് സ്ഥിരീകരിച്ചു. അറസ്റ്റിലായ ഡോക്ടര്‍മാര്‍ ജോലി ചെയ്തിരുന്ന അല്‍ ഫലാ യൂണിവേഴ്‌സിറ്റിക്കെതിരെയും അന്വേഷണം വ്യാപിപ്പിച്ചു. ചെങ്കോട്ട സ്ഫോടനത്തിന് ഉപയോഗിച്ച ഐ 20 കാര്‍ ഓടിച്ചിരുന്നത് ഉമര്‍ നബിയെന്ന് ഡിഎന്‍എ പരിശോധനയില്‍ വ്യക്തമായി. ഇതിനായി ഇയാളുടെ മാതാവിന്റെ രക്ത സാമ്പിളുകള്‍ അന്വേഷണ ഏജന്‍സികള്‍ ശേഖരിച്ചിരുന്നു. സ്‌ഫോടനവുമായി ബന്ധപ്പെട്ട അറസ്റ്റിലായ ഡോക്ടര്‍മാര്‍ ജോലി ചെയ്തിരുന്ന അല്‍ ഫല യൂണിവേഴ്‌സിറ്റിക്കെതിരെയും അന്വേഷണം പുരോഗമിക്കുകയാണ്. സ്‌ഫോടനത്തിന് ഉപയോഗിച്ചത് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഈ കാമ്പസില്‍ നിന്നും കണ്ടെത്തിയ സാഹചര്യത്തിലാണ് പുതിയ നടപടി. ഇതിനു പുറമെ അല്‍ ഫല യൂണിവേഴ്‌സിറ്റി സ്ഥാപകരുടെ മുന്‍ സാമ്പത്തിക തട്ടിപ്പകളും ഇടപാടുകളും അന്വേഷണ ഏജന്‍സികള്‍ പരിശോധിച്ചു വരുന്നു.
സ്‌ഫോടനം നടന്നതിന്റെ പരിസരത്ത് ഒരു കൈ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. നിലവില്‍ 13 പേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെടുകയും 20 ല്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്നാണ് ഔദ്യോഗിക വിശദീകരണം. ഡോക്ടര്‍മാരായ ഉമറിന്റെയും മുസമ്മിലിന്റെയും ഡയറികള്‍ അന്വേഷണ സംഘം കണ്ടെത്തി. ഇതില്‍ നവംബര്‍ എട്ട് മുതല്‍ 12 വരെ തിയതികള്‍ പരാമര്‍ശിക്കുന്നുണ്ട്. അതിനിടെ ഫരിദാബാദിൽ എക്കോ സ്‌പോർട് വാഹനം ഉപേക്ഷിച്ച ആളെ പിടികൂടി. മുഖ്യപ്രതി ഉമർ നബിയുടെ ബന്ധുവായ ഫഹീം ആണ് പിടിയിലായത്. ജമ്മു കശ്മീരിലെ കാർഡിയോളജി വിദ്യാർത്ഥിയായ ഡോ. മുഹമ്മദ് ആരിഫിനെ ആണ് ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായ ഡോ. ഷഹീൻ ഷാഹിദുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. ഇയാളെ വിശദമായി ചോദ്യംചെയ്ത് വരുകയാണെന്ന് പൊലീസ് അറിയിച്ചു.

