നിയമം കാറ്റില്‍പ്പറത്തി കേരളത്തിലേക്ക് അന്തര്‍സംസ്ഥാന വിനോദ സഞ്ചാര ബസുകളുടെ ഒഴുക്ക്. അതിർത്തി വാഹന ചെക്ക്പോസ്റ്റുകളുടെ പ്രവർത്തനം കാര്യക്ഷമമല്ലാതായതിന്റെ മറവിലാണ് കടുത്ത നിയമലംഘനം.
രാജ്യം മുഴുവൻ സഞ്ചരിക്കാനുള്ള പെർമിറ്റുണ്ടെങ്കിലും ഓരോ സംസ്ഥാനത്തും സർവീസ് നടത്താൻ സംസ്ഥാന അതിർത്തി കടക്കുമ്പോൾ അതത് ഇടങ്ങളിലെ റോഡ് നികുതി അടയ്ക്കണമെന്നാണ് ചട്ടം. ഈ നിയമം ലംഘിച്ച് നികുതി അടയ്ക്കാതെയാണ് മറുനാടുകളിൽ നിന്നുള്ള അന്തര്‍സംസ്ഥാന ബസുകളുടെ കേരളത്തിലേക്കുള്ള യാത്ര. ഇത്തരം ഓംനി ബസുകൾ സമീപ ദിവസങ്ങളില്‍ വിവിധ ജില്ലകളിൽ വച്ച് സംസ്ഥാന ഗതാഗത വകുപ്പ് അധികൃതർ കസ്റ്റഡിയിലെടുക്കുകയും പിഴ ചുമത്തുകയും ചെയ്തിരിക്കുകയാണ്.
നികുതി വെട്ടിപ്പിന് പുറമെ അമിത വേഗം, എയർ ഹോൺ, നമ്പർ പ്ലേറ്റുകളിലെ അപാകത, വാഹന രേഖകളിലെ ക്രമക്കേട് തുടങ്ങിയ നിയമ ലംഘനങ്ങളും കണ്ടെത്തി.
തമിഴ്‌നാട്, ആന്ധ്ര, കർണാടക, പുതുച്ചേരി സംസ്ഥാനങ്ങളിൽ നിന്നുള്ള ടൂറിസ്റ്റ് ബസുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വച്ച് മോട്ടോർ വാഹന എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ പിടിയില്‍പ്പെട്ടത്. യാത്രക്കാർക്ക് അസൗകര്യമുണ്ടാകാത്ത വിധത്തിൽ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലായിരുന്നു പരിശോധന.
തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്കുള്ള വിനോദ സഞ്ചാര ബസുകളുടെ യാത്ര തന്നെ നിയമലംഘനമാണെന്നും അതിനൊപ്പമാണ് നികുതി വെട്ടിപ്പെന്നുമാണ് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കുന്നത്. കൂട്ടത്തോടെ വിനോദ സഞ്ചാരികളെ കൊണ്ടുപോകാൻ അനുമതിയുള്ളതും ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുള്ളതുമായ ബസുകൾ റൂട്ട് ബസുകളെപ്പോലെ സമയവും റൂട്ടും നിരക്കും നിശ്ചയിച്ചാണ് ഓടുന്നത്. ഓരോ യാത്രക്കാരനും പ്രത്യേകം ടിക്കറ്റും നൽകുന്നുണ്ട്. ഇത് സ്റ്റേജ് കാരേജ് നിയമങ്ങളുടെ ലംഘനമാണ്.
പുറമെ, വൻതോതിൽ പാർസലും കടത്തുന്നുണ്ട്. നിയമപ്രകാരം ബസുകളിലെ യാത്രക്കാരുടെ ബാഗുകൾ മാത്രമാണ് അനുവദനീയം. നിയമ ലംഘനത്തിനെതിരെ സ്വീകരിച്ച നടപടികളുടെ പേരിൽ തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്കുള്ള 150 ഓളം ടൂറിസ്റ്റ് ബസുകൾ ഓട്ടം നിർത്തിയിരിക്കുകയാണ്. ഓരോ സംസ്ഥാനത്തും സർവീസ് നടത്തുന്ന അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകൾ അവിടങ്ങളിൽ നികുതി അടയ്ക്കുന്നത് ഒഴിവാക്കാൻ അവയ്ക്ക് കേന്ദ്രം പ്രത്യേക പെർമിറ്റ് അനുവദിക്കണമെന്നാണ് തമിഴ്‌നാട്ടിലെ ടൂറിസ്റ്റ് ബസുടമകളുടെ ആവശ്യം. കേരളത്തിൽ നിന്ന് തമിഴ്‌നാട്ടിലേക്കും കർണാടകയിലേക്കും സർവീസ് നടത്തുന്ന സ്വകാര്യ ടൂറിസ്റ്റ് ബസുകൾക്ക് അന്യായവും അമിതവുമാണ് നികുതിയാണ് അവിടങ്ങളിൽ ഈടാക്കുന്നത് എന്നതിന്റെ പേരിൽ ഇവിടെയും ഉടമകൾ പ്രതിഷേധത്തിലാണ്.

