Site iconSite icon Janayugom Online

വനം ഭേദഗതി, വനം വന്യജീവി സംരക്ഷണ ബില്ലുകള്‍ സബ്‌ജക്ട് കമ്മിറ്റിക്ക്

വനം ഭേദഗതി ബില്ലും വനം വന്യജീവി സംരക്ഷണ ഭേദഗതി ബില്ലും സബ‌്ജക്ട് കമ്മിറ്റിക്ക് വിട്ടു. ചന്ദനമരങ്ങൾ നടുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി സ്വകാര്യ ഭൂമിയിലെ ചന്ദനമരം വനം വകുപ്പ് മുഖേന മുറിച്ച് വില്പന ചെയ്യാനുള്ള ഭേദഗതിയാണ് 2025ലെ കേരള വന (ഭേദഗതി) ബില്ല് വിഭാവനം ചെയ്യുന്നതെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി. വില്പനത്തുക കർഷകർക്ക് തന്നെ ലഭിക്കും. പ്രോസിക്യൂഷൻ നടപടി ആരംഭിച്ചതിനു ശേഷം വനം സംബന്ധിച്ച കുറ്റങ്ങൾ രാജിയാക്കുന്നതിനുള്ള വ്യവസ്ഥകളും നിയമത്തിൽ ഉൾപ്പെടുത്തും. വനം ഉദ്യോഗസ്ഥൻ എന്നതിന്റെ നിർവചനത്തിൽ ഭേദഗതി വരുത്താനും വ്യവസ്ഥയുണ്ട്. വർധിച്ചുവരുന്ന മനുഷ്യ മൃഗ സംഘർഷങ്ങളും മനുഷ്യജീവനും സ്വത്തുക്കളും നഷ്ടപ്പെടുന്നതും കൈകാര്യം ചെയ്യുന്നതിനായി കേന്ദ്രനിയമത്തിൽ ചില സംസ്ഥാന ഭേദഗതികൾ വരുത്താനുദ്ദേശിച്ചുള്ളതാണ് 2025ലെ വന്യജീവി സംരക്ഷണം(കേരള ഭേദഗതി) ബിൽ. പൊതുസ്ഥലത്തോ ജനവാസ മേഖലയിലോ ഏതെങ്കിലും വന്യമൃഗം മനുഷ്യരെ ആക്രമിക്കുകയോ ഗുരുതരമായി പരിക്കേല്പിക്കുകയോ ചെയ്താൽ ഉടൻ നടപടി നടപടിയെടുക്കാനും കൊല്ലാനും ചീഫ് വൈൽഡ് വാർഡനെ അധികാരപ്പെടുത്തന്നതിനാണ് ഭേദഗതി മുഖ്യമായും ഉദ്ദേശിക്കുന്നത്.
പട്ടിക രണ്ടിലെ വന്യമൃഗങ്ങളുടെ എണ്ണം വര്‍ധിച്ചാൽ അവയുടെ ജനന നിയന്ത്രണം, മറ്റ് സ്ഥലങ്ങളിലേക്ക് നാടുകടത്തൽ എന്നിവയ്ക്കും ബില്ലിൽ വ്യവസ്ഥയുണ്ട്. 

പട്ടിക രണ്ടിലെ ഏത് വന്യമൃഗത്തെയും അവയുടെ എണ്ണം അനിയന്ത്രിതമായി വര്‍ധിച്ചു എന്ന് കണ്ടാൽ അവയെ ക്ഷുദ്രജീവി ആയി പ്രഖ്യാപിക്കാൻ ഇപ്പോൾ കേന്ദ്ര സർക്കാരിനാണ് അധികാരം. ഇതിനു പകരം സംസ്ഥാന സർക്കാരിന് ഈ അധികാരം നൽകുന്നതിനും ബില്ലിൽ വ്യവസ്ഥ ചേര്‍ത്തിട്ടുണ്ട്. ക്ഷുദ്രജീവിയായി പ്രഖ്യാപിച്ചു കഴിഞ്ഞാൽ അത്തരം വന്യജീവിയെ ആർക്ക് വേണെമെങ്കിലും ഏതു വിധത്തിലും കൊല്ലാവുന്നതാണ്. അതിന്റെ ഇറച്ചി കഴിക്കുന്നതിനും തടസമുണ്ടാകുന്നതല്ല. നാടൻ കുരങ്ങുകളെ പട്ടിക ഒന്നിൽ നിന്നും രണ്ടിലേക്ക് മാറ്റുന്നതിനും ബില്ലിൽ ശുപാർശയുണ്ട്. പാമ്പുകടി മരണമാണ് കേരളത്തിൽ കൂടുതൽ. പാമ്പുകളെ പിടിക്കാനും കൊല്ലാനും നിയന്ത്രണമില്ലെന്ന് എ കെ ശശീന്ദ്രൻ സഭയിൽ പറഞ്ഞു. പാമ്പുകൾക്ക് വേണ്ടി വേറെ നിയമം വേണ്ട, ഇപ്പോൾ ഉള്ളത് തന്നെ മതിയെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര നിയമത്തിൽ ഭേദഗതി വരുത്തണമെന്ന് കേരള നിയമസഭ തന്നെ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. നേരിട്ടും കത്തു മുഖേനയും കേന്ദ്രസർക്കാരിനെ വിഷയം ധരിപ്പിച്ചിരുന്നു. വന്യജീവി സംരക്ഷണം(കേരള ഭേദഗതി) ബിൽ രാഷ്ട്രപതിയുടെ അംഗീകാരത്തിന് വേണ്ടി സമർപ്പിക്കേണ്ടിവരും. പക്ഷേ നിയമ ഭേദഗതി അവതരിപ്പിക്കുന്നതിൽ മറ്റു തടസങ്ങൾ ഇല്ല എന്നാണ് നിയമവശങ്ങൾ പരിശോധിച്ചപ്പോൾ വ്യക്തമായതെന്നു മന്ത്രി എ കെ ശശീന്ദ്രൻ കൂട്ടിച്ചേർത്തു. ഈസ് ഓഫ് ഡൂയിങ് ബിസിനസ്സ് ഫലപ്രദമായി നടപ്പിലാക്കുന്നതിനായി 1987ലെ കേരളാ കയര്‍ തൊഴിലാളി ക്ഷേമനിധി ആക്ടിലെ നടപടി ക്രമലംഘനങ്ങള്‍, ചെറിയ കുറ്റകൃത്യങ്ങള്‍, പിഴ മുതലായവയില്‍ നിലവിലെ ശിക്ഷാ വ്യവസ്ഥകള്‍ക്ക് പകരം പിഴ ഈടാക്കാനുദ്ദേശിച്ചുള്ള 2025ലെ കേരള കയര്‍ തൊഴിലാളി ക്ഷേമനിധി (ഭേദഗതി) ബില്ലും സബ‌്ജക്ട് കമ്മിറ്റിക്ക് അയച്ചു. പണത്തിന്റെ മൂല്യം കണക്കിലെടുത്ത് പിഴ വര്‍ധിപ്പിക്കുക, പിഴ ചുമത്തുന്നതിനു മുമ്പ് വിശദീകരണത്തിനും രേഖകള്‍ക്കും അവസരം നല്‍കുക, കുറ്റങ്ങള്‍ ഒത്തുതീര്‍ക്കുന്നതിന് ഉദ്യോഗസ്ഥനെ നിയോഗിക്കുക തുടങ്ങിയ ഭേദഗതികള്‍ക്കും ബില്ലില്‍ വ്യവസ്ഥയുണ്ട്. വ്യവസായ മന്ത്രി പി രാജീവ് ബില്‍ അവതരിപ്പിച്ചു.

Exit mobile version