Site iconSite icon Janayugom Online

കൃഷിനാശത്തിന് വനംവകുപ്പ് നഷ്ടം നൽകണം: സിപിഐ

wild boarwild boar

വന്യജീവി ആക്രമണത്തിൽ നാശനഷ്ടം നേരിടുന്നവർക്ക് മതിയായ നഷ്ടപരിഹാരം ഉറപ്പുവരുത്തണമെന്നും കൃഷിനാശത്തിന് വനംവകുപ്പ് നഷ്ടപരിഹാരം അനുവദിക്കണമെന്നും സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ് വിതുര താലൂക്കാശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ടാപ്പിങ് തൊഴിലാളി മുരുകനെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിലുള്ള ധനസഹായം പരിമിതമാണ്. ചികിത്സയിൽ കഴിയുന്ന സമയത്ത് കുടുംബത്തിന്റെ സംരക്ഷണം സർക്കാർ ഏറ്റെടുക്കണം. ചികിത്സ പൂർണമായും സൗജന്യമാക്കണം. മുൻ എൽഡിഎഫ് സർക്കാരിന്റെ ഭരണകാലത്ത് സമാനമായ സ്ഥിതി വിശേഷം സംജാതമായ ഘട്ടത്തിൽ അന്നത്തെ വനംവകുപ്പ് മന്ത്രി അഡ്വ. കെ രാജു കർഷക സംഘടനകളും കർഷകരുമായി ആലോചിച്ച് ഉചിതമായ പ്രതിരോധ നടപടികൾ നടപ്പിലാക്കിയിരുന്നു. നിലവിൽ സൗരോർജവേലി അടക്കമുള്ള പദ്ധതികൾ കടലാസിൽ ഒതുങ്ങിയ അവസ്ഥയിലാണ്.

ഇക്കാര്യം വനംവകുപ്പ് ഗൗരവമായി കാണണമെന്നും വന്യജീവി ശല്യത്തിൽ നിന്ന് ജനങ്ങൾക്കും കൃഷിവിളകൾക്കും സംരക്ഷണം ഏർപ്പെടുത്താൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും മാങ്കോട് രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.

വനം റേഞ്ച് ഓഫീസറെ ഫോണിൽ ബന്ധപ്പെട്ട് ചികിത്സ ധനസഹായം ഉടൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം താലൂക്കാശുപത്രി മെഡിക്കൽ ഓഫീസറെ നേരിൽക്കണ്ട് മുരുകന്റെ ആരോഗ്യ സ്ഥിതി ഉറപ്പാക്കി. സിപിഐ മണ്ഡലം സെക്രട്ടറി എം എസ് റഷീദ്, വിതുര ലോക്കൽ സെക്രട്ടറി അജിൽ കല്ലാർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മഞ്ജുഷാ ജി ആനന്ദ്, ഗ്രാമ പഞ്ചായാത്ത് അംഗങ്ങളായ എസ് സുനിത, കല്ലൻകുടി മനോഹരൻ, രതികുമാർ, എ ബിനോയ്, കല്ലാർ വിക്രമൻ തുടങ്ങിയവരും ജില്ലാ സെക്രട്ടറിക്കൊപ്പം ഉണ്ടായിരുന്നു.

Eng­lish Sum­ma­ry: For­est depart­ment should pay for crop dam­age: CPI

You may like this video also

Exit mobile version