ബിഹാര്‍ മന്ത്രിസഭ രൂപീകരണത്തില്‍ മേല്‍ക്കൈ നേടി ബിജെപി. മുഖ്യമന്ത്രിയായി ജനതാദള്‍ യുണൈറ്റഡ് അധ്യക്ഷന്‍ നിതീഷ് കുമാര്‍ തുടരുമെങ്കിലും 15 മുതല്‍ 16 വരെ മന്ത്രിസ്ഥാനങ്ങളാകും ബിജെപിക്ക് ലഭിക്കുക. ഉപമുഖ്യമന്ത്രി പദവും ക്യാബിനറ്റിലെ സുപ്രധാന വകുപ്പുകളും ബിജെപിക്കുതന്നെ ആയിരിക്കും.
85 സീറ്റ് ലഭിച്ച ജെഡിയുവിന് 14 മന്ത്രിസ്ഥാനങ്ങള്‍ മാത്രമേ ലഭിക്കു. 19 സീറ്റില്‍ വിജയിച്ച ചിരാഗ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടിക്ക് മൂന്ന് ക്യാബിനറ്റ് മന്ത്രി സ്ഥാനങ്ങള്‍ നല്‍കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ നടന്ന എന്‍ഡിഎ യോഗത്തിലാണ് മന്ത്രിസ്ഥാനം വിഭജിച്ചത്. 243 അംഗ സഭയില്‍ ബിജെപി 89 സീറ്റാണ് നേടിയത്. ഈ സ്വാധീനത്തിന്റെ ബലത്തിലാണ് ബിജെപി മന്ത്രിസ്ഥാനത്ത് കൂടുതല്‍ അവകാശവാദം ഉന്നയിച്ചത്.
കേന്ദ്രമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ച , ഉപേന്ദ്ര കുശ് വഹയുടെ രാഷ്ട്രീയ ലോക് മോര്‍ച്ച എന്നിവയ്ക്ക് ഓരോ മന്ത്രിസ്ഥാനം ലഭിക്കും. ആറു എംഎല്‍എമാര്‍ക്ക് ഒരു മന്ത്രി എന്ന ഫോര്‍മുലയിലാണ് മന്ത്രിസ്ഥാനം നിശ്ചയിച്ചിരിക്കുന്നത്. ഈ മാസം 19, 20 തീയതികളില്‍ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.
243 അംഗ സഭയില്‍ എന്‍ഡിഎ സഖ്യം 202 സീറ്റുകളിലാണ് വിജയിച്ചത്. പ്രതിപക്ഷ ഇന്ത്യ സഖ്യത്തിന് 35 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. തെരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിച്ച പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടി അക്കൗണ്ട് തുറന്നില്ല. തെരഞ്ഞെടുപ്പ് കമ്മിഷന്റെ അതിതീവ്ര പ്രത്യേക വോട്ടര്‍ പട്ടിക പരിഷ്കരണം വഴി മുസ്ലിം ഭൂരിപക്ഷ മേഖലയില്‍ വോട്ടര്‍മാരെ നീക്കം ചെയ്തതും , തെരഞ്ഞെടുപ്പ് ക്രമക്കേടും ഇന്ത്യ സഖ്യ മുന്നേറ്റത്തിന് മാര്‍ഗതടസം സൃഷ്ടിച്ചു. മഹിളാ റോസ്ഗാര്‍ യോജന പദ്ധതി വഴി സ്ത്രീകള്‍ക്ക് 10,000 രൂപ വിതരണം ചെയ്തതും എന്‍ഡിഎ വിജയത്തിന് ആക്കം വര്‍ധിപ്പിച്ചു.
ബിഹാര്‍ മന്ത്രിസഭ രൂപീകരണം; സുപ്രധാന വകുപ്പുകള്‍ ബിജെപിക്ക്

