Site iconSite icon Janayugom Online

ബിഹാർ മുൻ എംഎൽഎ കൊല പാതകക്കുറ്റത്തിന് അറസ്റ്റിൽ

ബിഹാർ മുൻ എംഎൽഎയും മൊകാമ മണ്ഡലത്തിൽ ജെഡിയുവിന്റെ  സ്ഥാനാര്‍ത്ഥിയുമായ അനന്ത് സിങ് കൊലപാതകക്കുറ്റത്തിന് അറസ്റ്റിൽ. ജൻ സുരാജ് അനുയായി ദുലാർ ചന്ദ് യാദവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് ശനിയാഴ്ച രാത്രി വൈകി നടത്തിയ ഓപ്പറേഷനിൽ അനന്ത് സിങ്ങിനെ അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. യാദവിന്റെ കൊലപാതകം മുതൽ നിരീക്ഷണത്തിലായിരുന്നു സിങ്ങെന്ന് പൊലീസ് വ്യക്തമാക്കി. ബാർഹിലെ വസതിയിൽ വച്ചാണ് സിങ് അറസ്റ്റിലായത്. സിങ്ങിനൊപ്പമുണ്ടായിരുന്ന മണികാന്ത് താക്കൂർ, രഞ്ജിത് റാം എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നുപേരെയും മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും.

വ്യാഴാഴ്ച പട്‌നയിലെ മൊകാമ മേഖലയിൽ ജൻ സൂരജ് പാർട്ടിയുടെ    സ്ഥാനാര്‍ത്ഥി പിയൂഷ് പ്രിയദർശിക്ക് വേണ്ടി പ്രചാരണം നടത്തുന്നതിനിടെയാണ് യാദവ് കൊല്ലപ്പെട്ടത്. മൂർച്ചയുള്ള വസ്തു കൊണ്ട് ഹൃദയത്തിനും ശ്വാസകോശത്തിനും ഏറ്റ ആഘാതം മൂലമാണ് യാദവ് മരിച്ചതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. സംഭവസമയത്ത് അനന്ത് സിങ്ങും മറ്റ് രണ്ടുപേരും അവിടെ ഉണ്ടായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായതായി പട്ന സീനിയർ പൊലീസ് സൂപ്രണ്ട് കാർത്തികേയ ശർമ്മ പറഞ്ഞു പറഞ്ഞു.

സംഭവത്തിൽ പൊലീസ് നാല് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്, അതിൽ ഒന്ന് മാതൃകാ പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ടതാണെന്നും എസ്‌എസ്‌പി പറഞ്ഞു. നിരവധി തവണ എംഎൽഎ ആയിട്ടുള്ള അനന്ത് സിങ്ങിന്റെ ഭാര്യ നീലം ദേവിയാണ് നിലവിൽ മൊകാമ സീറ്റിനെ പ്രതിനിധീകരിക്കുന്നത്. തന്റെ അനുയായികളും ദുലാർ ചന്ദ് യാദവുമായി സംഘർഷമുണ്ടായതായി അനന്ത് സിങ് സമ്മതിച്ചെങ്കിലും കൊലയ്ക്കു പിന്നിൽ തന്റെ എതിരാളിയായ സൂരജ് ഭാൻ ആണെന്ന് ആരോപിച്ചു. സൂരജിന്റെ ഭാര്യ വീണാ ദേവിയാണ് മൊകാമയിൽ ആർജെഡി സീറ്റിൽ മത്സരിക്കുന്നത്.

ഗുണ്ടാ നേതാവായിരുന്ന യാദവ്, പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി സ്ഥാനാർത്ഥിയാക്കുന്ന പ്രിയദർശി പിയൂഷിനെ തെരഞ്ഞെടുപ്പിൽ പിന്തുണയ്ക്കുകയായിരുന്നു. അതേസമയം, യാദവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പട്‌ന പൊലീസ് സൂപ്രണ്ടിനെ (റൂറൽ) സ്ഥലം മാറ്റാനും മറ്റ് മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും തിരഞ്ഞെടുപ്പ് കമ്മീഷൻ ശനിയാഴ്ച ഉത്തരവിട്ടു. നവംബർ ആറിനും 11 നും രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ വോട്ടെടുപ്പ് നടക്കുന്നത്. നവംബർ 14 ന് വോട്ടെണ്ണൽ നടക്കും.

Exit mobile version