Site iconSite icon Janayugom Online

ബിജെപി മുൻ എംപി പ്രജ്ഞ സിങ് ഠാക്കൂർ ഉള്‍പ്പെടെ കുറ്റവിമുക്തർ; മാലെഗാവ് സ്ഫോടനക്കേസിൽ ഏഴു പ്രതികളെയും പ്രത്യേക എൻഐഎ കോടതി വെറുതെവിട്ടു

ബിജെപി മുൻ എംപി പ്രജ്ഞ സിങ് ഠാക്കൂർ, ലഫ്. കേണൽ പ്രസാദ് പുരോഹിത് എന്നിവർ പ്രതികളായ മാലെഗാവ് സ്ഫോടനക്കേസിൽ മുഴുവൻ പ്രതികളെയും പ്രത്യേക എൻഐഎ കോടതി വെറുതെവിട്ടു. കേസിൽ 7 പ്രതികളാണുള്ളത്. നാസിക്കിനടുത്ത് മാലെഗാവിൽ 2008 സെപ്റ്റംബർ 29ന് മസ്ജിദിനു സമീപം ബൈക്കിലുണ്ടായ സ്ഫോടനത്തിൽ ആറ് പേരാണു മരിച്ചത്. ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് കോടതി വ്യക്തമാക്കി.

സ്ഫോടനവുമായി പ്രതികളെ ബന്ധിപ്പിക്കാനുള്ള തെളിവുകൾ ഹാജരാക്കുന്നതിലും പ്രോസിക്യൂഷൻ പരാജയപെട്ടു. തിരക്കേറിയ മാർക്കറ്റിനടുത്ത് ബൈക്കിൽ സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുക്കളാണു പൊട്ടിത്തെറിച്ചത്. വർഗീയ സംഘർഷം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ ന്യൂനപക്ഷങ്ങൾ ഏറെയുള്ള മാലെഗാവിൽ റമസാൻ മാസത്തിൽ സ്ഫോടനം ആസൂത്രണം ചെയ്തു നടപ്പാക്കിയെന്നാണ് എൻ‌ഐ‌എ കണ്ടെത്തിയത്. മഹാരാഷ്ട്രാ പൊലീസിനു കീഴിലുള്ള ഭീകരവിരുദ്ധ സംഘമായിരുന്നു തുടക്കത്തിൽ കേസ് അന്വേഷിച്ചിരുന്നത്. 2016ൽ എൻഐഎ അനുബന്ധ കുറ്റപത്രം സമർപ്പിച്ചു. പ്രജ്ഞ സിങ് ഠാക്കൂറിന്റെ പേരിലുള്ളതാണ് ബൈക്ക് എന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

Exit mobile version