Site iconSite icon Janayugom Online

ഡല്‍ഹി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ അരവിന്ദര്‍ സിംഗ് ലൗലി ബിജെപിയില്‍ ചേര്‍ന്നു

സീറ്റ് തര്‍ക്കത്തിന്റെ പേരില്‍ ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷ പദവി രാജിവച്ച അരവിന്ദ് കുമാര്‍ ലവ്‌ലി ബിജെപിയില്‍ ചേര്‍ന്നു. ഇത് രണ്ടാം വട്ടമാണ് ലവ്‌ലി ബിജെപിയിലേക്ക് ചേക്കേറുന്നത്. എഎപി-കോണ്‍ഗ്രസ് സഖ്യത്തിലും കനയ്യ കുമാറിനും ഉദിത് രാജിനും സീറ്റു നല്‍കിയതിലും ലവ്‌ലിക്ക് എതിര്‍പ്പുണ്ടായിരുന്നു. തനിക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം ഇല്ലെന്നും മുതിര്‍ന്ന നേതാക്കള്‍ തന്റെ പ്രവര്‍ത്തനത്തില്‍ ഇടപെടുന്നുവെന്നും എഎപിയുമായുള്ള സൗഹൃദം കോണ്‍ഗ്രസിന് ഹിതകരമല്ലെന്നും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ലവ്‌ലി രാജിവയ്ക്കുകയായിരുന്നു. 

പാര്‍ട്ടി പ്രാഥമിക അംഗത്വം ഒഴിഞ്ഞിട്ടില്ലെന്നും മറ്റൊരു പാര്‍ട്ടിയിലേക്കില്ലെന്നുമുള്ള ലവ്‌ലിയുടെ വാക്കും പാഴായി. ലവ്‌ലിക്കൊപ്പം മുന്‍ മന്ത്രി രാജ്കുമാര്‍ ചൗഹാന്‍, മുന്‍ എംഎല്‍എമാരായ നീരജ് ബസോയ, നസീബ് സിങ്ങ്, ഡല്‍ഹി യൂത്ത് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ അമിത് മാലിക് എന്നിവരും ബിജെപി അംഗത്വം സ്വീകരിച്ചു. കേന്ദ്ര മന്ത്രി ഹര്‍ദീപ് സിങ് പുരി, ബിജെപി ജനറല്‍ സെക്രട്ടറി വിനോദ് താവ്‌ഡെ, ഡല്‍ഹി അദ്ധ്യക്ഷന്‍ വീരേന്ദ്ര സച്ച്‌ദേവ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഇവരുടെ ബിജെപി പ്രവേശനം.
2015 ല്‍ ഡിപിസിസി അദ്ധ്യക്ഷ സ്ഥാനം രാജിവച്ച ലവ്‌ലി 2017 ല്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഒമ്പത് മാസത്തെ ബിജെപി ബാന്ധവം ഉപേക്ഷിച്ച ലവ്‌ലി വീണ്ടും കോണ്‍ഗ്രസിലേക്ക് മടങ്ങുകയായിരുന്നു. 

Eng­lish Summary:Former Del­hi Con­gress pres­i­dent Arvin­der Singh Love­ly has joined the BJP

You may also like this video

Exit mobile version