ശബരിമല സ്വർണക്കൊള്ളയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം അറസ്റ്റിൽ. എൻ. വിജയകുമാറിനെയാണ് ഹൈകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിന് ശേഷമാണ് വിജയകുമാറിന്‍റെ അറസ്റ്റ് എസ്.ഐ.ടി രേഖപ്പെടുത്തിയത്.
സ്വർണപ്പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയത് വിജയകുമാറിന്‍റെ അറിവോടെയാണെന്ന് ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തിയിരുന്നു. കൂടാതെ, ദേവസ്വം ബോർഡിന് കൂട്ടുത്തരവാദിത്തമാണെന്ന് പത്മകുമാറും മൊഴി നൽകി.
എ. പത്മകുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലത്ത് ചുമതലയിലുണ്ടായിരുന്ന അംഗമാണ് എൻ. വിജയകുമാർ. നേരത്തെ, ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് എൻ. വിജയകുമാറിനും കെ.പി. ശങ്കർദാസിനും പ്രത്യേക അന്വേഷണ സംഘം നോട്ടീസ് കൈമാറിയിരുന്നു. എന്നാൽ, ഇരുവരും എസ്.ഐ.ടിക്ക് മുമ്പിൽ ഹാജരായിരുന്നില്ല.
അതിനിടെ, മുൻകൂർ ജാമ്യം തേടി കൊല്ലം സെഷൻസ് കോടതിയെ വിജയകുമാർ സമീപിച്ചു. എന്നാൽ, ജനുവരി ഒന്നിന് പരിഗണിക്കാനായി ജാമ്യാപേക്ഷ കോടതി മാറ്റി. ഇതിന് പിന്നാലെ വിജയകുമാർ ജാമ്യാപേക്ഷ പിൻവലിച്ചു.
അതേസമയം, താൻ നിരപരാധിയാണെന്നും ഒരു തെറ്റും ചെയ്തിട്ടില്ലെന്നും എൻ. വിജയകുമാർ മാധ്യമങ്ങളോട് പ്രതികരിച്ചു. അന്വേഷണ സംഘത്തിന് മുമ്പിൽ ഹാജരാകാൻ ആവശ്യപ്പെട്ടത് കുടുംബമാണെന്നും വിജയകുമാർ വ്യക്തമാക്കി.

