കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് അസറുദ്ദീന് ഇ ഡി സമൻസ്. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനുമായി ബന്ധപ്പെട്ട കേസിലാണ് നോട്ടീസ്. ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷൻ മുൻ പ്രസിഡന്റായിരുന്ന മുഹമ്മദ് അസറുദ്ദീൻ ഫണ്ട് തിരിമറി നടത്തിയെന്ന ആരോപണത്തിലാണ് ഇ ഡി അന്വേഷണം നടക്കുന്നത്. ഇതാദ്യമായാണ് കേസുമായി ബന്ധപ്പെട്ട് ഇ ഡി മുഹമ്മദ് അസറുദ്ദീനെ വിളിപ്പിക്കുന്നത്. 20 കോടി രൂപയുടെ തിരിമറി ഹൈദരാബാദ് ക്രിക്കറ്റ് അസോസിയേഷനിൽ നടത്തിയെന്നാണ് അസറുദ്ദീനെതിരെ ഉയർന്ന ആരോപണം. ഡീസൽ ജനറേറ്ററുകളും അഗ്നിരക്ഷാ സംവിധാനങ്ങളും രാജീവ് ഗാന്ധി സ്റ്റേഡിയത്തിനായി വാങ്ങിയതിൽ അഴിമതി നടത്തിയിട്ടുണ്ടെന്നാണ് ആരോപണം.