Site iconSite icon Janayugom Online

ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ചംപായ് സോറൻ ബിജെപിയിൽ ചേർന്നു

ജാർഖണ്ഡ് മുക്തിമോർച്ച (ജെഎംഎം) നേതാവും മുൻ മുഖ്യമന്ത്രിയുമായ ചമ്പായിസോറൻ ബിജെപിയിൽ ചേർന്നു. കേന്ദ്രമന്ത്രി ശിവരാജ്സിങ് ചൗഹാൻ, അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ, ജാർഖണ്ഡ് ബിജെപി അധ്യക്ഷൻ ബാബുലാൽ മറാണ്ടി എന്നിവരുടെ സാന്നിധ്യത്തിലാണ് സോറൻ ബിജെപിയിൽ ചേർന്നത്. കഴിഞ്ഞ മാസം മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരികെയെത്തിയ, ഹേമന്ത് സോറൻ മന്ത്രിസഭയിൽ ആണ് ചംപായ് സോറൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. സംസ്ഥാന സർക്കാരിന്റെ ശൈലിയും നയങ്ങളും പാർട്ടി വിടാൻ തന്നെ പ്രേരിപ്പിച്ചുവെന്ന് ആരോപിച്ച് ഓഗസ്റ്റ് 28നാണ് ചംപായ് സോറൻ ജെഎംഎം വിട്ടത്. എംഎൽഎ സ്ഥാനവും മന്ത്രി സ്ഥാനവും രാജിവച്ചു.

പാർട്ടിയിൽ നിന്ന് രാജിവെച്ചാലും ഗോത്രവിഭാഗങ്ങൾക്കും മറ്റു പിന്നാക്ക സമൂഹങ്ങൾക്കും വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് അദ്ദേഹം അറിയിച്ചിരുന്നു. ഒരു കുടുംബത്തെ പോലെ കരുതിയിരുന്ന ജെഎംഎമ്മിൽ നിന്ന് പുറത്തുപോകുമെന്ന് സ്വപ്നത്തിൽ പോലും താൻ കരുതിയിരുന്നില്ല. വേദനയോടെ ഈ തീരുമാനം എടുക്കാൻ തന്നെ നിർബന്ധിതനാക്കിയെന്നും അദ്ദേഹം രാജിക്കത്തിൽ പറഞ്ഞു. അഴിമതി കേസിൽ മുഖ്യമന്ത്രി ഹേമന്ത്സോറൻ ജയിലിലായതിനെ തുടർന്നാണ് ഫെബ്രുവരി 2ന് ചംപായ്സോറൻ ഇടക്കാല മുഖ്യമന്ത്രിയായി ചുമതലയേറ്റത്. എന്നാൽ, ഹേമന്ത് സോറൻ ജാമ്യത്തിൽ ജയിലിൽനിന്നും പുറത്തിറങ്ങിയതോടെ ചംപായിക്ക് മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടി വന്നു. തന്നെ ധൃതി പിടിച്ച് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കിയതിൽ സോറൻ അതൃപ്തനായിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹം ബിജെപിയിൽ ചേരാനുള്ള നീക്കം നടത്തിയത്. 

Exit mobile version