Site icon Janayugom Online

മുന്‍ മന്ത്രി കെ ശങ്കരനാരായണന്‍ അന്തരിച്ചു

k Sankara Narayanan

മുതിർന്ന കോൺഗ്രസ് നേതാവ് കെ ശങ്കരനാരായണൻ (90) അന്തരിച്ചു. പാലക്കാട് ശേഖരിപുരത്തെ വസതിയിൽ ഇന്നലെ വെെകീട്ടായിരുന്നു അന്ത്യം. ഏറെനാളായി വാർധക്യസഹജമായ അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. മഹാരാഷ്ട്ര, നാഗാലാൻഡ്, ഝാർഖണ്ഡ് എന്നിവിടങ്ങളിൽ ഗവർണറായി. അരുണാചൽ പ്രദേശ്, അസം, ഗോവ എന്നിവിടങ്ങളുടെ അധികച്ചുമതലയും വഹിച്ചു. 16 വർഷം യുഡിഎഫ് കൺവീനറായിരുന്നു. സംസ്ഥാനത്ത് മന്ത്രി, യുഡിഎഫ് കൺവീനർ, നിയമസഭാംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ശങ്കരൻ നായരുടേയും ലക്ഷ്മിയമ്മയുടേയും മകനായി 1932 ഒക്ടോബർ 15ന് പാലക്കാട് ജില്ലയിലെ ഷൊർണൂരിൽ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം കോൺഗ്രസ് പാർട്ടിയിൽ ചേർന്നു.

1946ൽ കോൺഗ്രസിന്റെ വിദ്യാർത്ഥി വിഭാഗമായിരുന്ന സ്റ്റുഡൻസ് ഓർഗനൈസേഷന്റെ പ്രവർത്തകനായി. പിന്നീട് സജീവ രാഷ്ട്രീയ പ്രവർത്തകനായി. പാലക്കാട് ഡിസിസി സെക്രട്ടറിയായും പ്രസിഡന്റായും കെപിസിസി ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചു. 1969 ൽ അഖിലേന്ത്യാടിസ്ഥാനത്തിൽ കോൺഗ്രസ് പിളർന്നപ്പോൾ കോൺഗ്രസ് (ഒ) വിഭാഗത്തിന്റെ ദേശീയ നിർവാഹക സമിതി അംഗമായി. 1977 ൽ തൃത്താലയിൽ നിന്ന് ആദ്യമായി കേരള നിയമസഭാംഗമായി. 1980‑ൽ ശ്രീകൃഷ്ണപുരത്ത് നിന്നും 1987‑ൽ ഒറ്റപ്പാലത്ത് നിന്നും 2001‑ൽ പാലക്കാട് നിന്നും തെരഞ്ഞെടുക്കപ്പെട്ടു. 1982 ൽ ശ്രീകൃഷ്ണപുരത്തും 1991 ൽ ഒറ്റപ്പാലത്തും മത്സരിച്ച് പരാജയപ്പെട്ടു. 1985 മുതൽ 2001 വരെ യുഡിഎഫ് കൺവീനറായിരുന്നു. കെ കരുണാകരൻ, എ കെ ആന്റണി മന്ത്രിസഭകളിൽ കൃഷി, സാമൂഹിക ക്ഷേമ, ധനകാര്യ‑എക്സൈസ് വകുപ്പുകളുടെ മന്ത്രിയായും പ്രവർത്തിച്ചു. ഭാര്യ: രാധ, മകൾ: അനുപമ. മരുമകൻ: അജിത്ത്.

Eng­lish Sum­ma­ry: For­mer min­is­ter K Sankara­narayanan pass­es away

 

You may like this video also

Exit mobile version