Site icon Janayugom Online

മുൻമന്ത്രി വി എസ് സുനിൽകുമാറും കുടുംബവും മനസ്സുനിറഞ്ഞ് കഴിച്ചു കരുതലിന്റെ ഉച്ചയൂണ്

മുൻമന്ത്രി വി എസ് സുനിൽകുമാറും കുടുംബവും മനസ്സുനിറഞ്ഞ് കഴിച്ചു 20 രൂപയുടെ കരുതലിന്റെ ഉച്ചയൂണ്. തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേയ്ക്ക് പോകും വഴി ആലപ്പുഴ ശവക്കോട്ടപ്പാലത്തിന് സമീപത്തെ ജനകീയ ഹോട്ടലിൽ നിന്നായിരുന്നു സുഭിക്ഷമായ ഇവരുടെ ഉച്ചഭക്ഷണം. ഭാര്യ രേഖയും നഗരസഭ വൈസ് ചെയർമാൻ പി എസ് എം ഹുസൈനും കൗൺസിലർ കെ എസ് ജയനും ഡ്രൈവർ സഞ്ജുവും ഉൾപ്പെടെ അഞ്ച് പേരാണ് ഭക്ഷണം കഴിച്ചത്.

വിഭവസമൃദ്ധവും രുചികരവുമായ ഭക്ഷണമാണ് കുടുംബശ്രീ സഹോദരിമാർ ഒരുക്കിയതെന്ന് വി എസ് സുനിൽകുമാർ പറഞ്ഞു. ഒട്ടേറെ വിഭവങ്ങളടങ്ങിയ സ്നേഹം നിറഞ്ഞ ഭക്ഷണം. കഴിഞ്ഞ എൽ ഡി എഫ് സർക്കാർ വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി കേരളത്തിലുടനീളം ഭക്ഷ്യ‑സിവിൽ സപ്ലൈസ് വകുപ്പിന്റേയും കുടുംബശ്രീ സംവിധാനത്തിന്റേയും നേതൃത്വത്തിൽ ആരംഭിച്ച ജനകീയ ഹോട്ടൽ ആശ്വാസമാകുന്നത് നിരവധിപേർക്കാണ്.

ഈ പദ്ധതിയെ അപഹസിക്കുന്നവരോട് ഒന്നും പറയാനില്ലെന്നും സുനിൽകുമാർ പറഞ്ഞു. ഊണ് കഴിച്ചിറങ്ങുമ്പോൾ ഹോട്ടൽ നടത്തിപ്പുകാരായ കുടുംബശ്രീ പ്രവർത്തകർക്കൊപ്പം ഫോട്ടോയും എടുത്താണ് വി എസ് സുനിൽകുമാറും കുടുംബവും മടങ്ങിയത്.

Exit mobile version