Site iconSite icon Janayugom Online

മുംബൈ ഇന്ത്യൻസ് മുൻതാരം ബലാത്സംഗ കേസിൽ അറസ്റ്റിൽ

മുംബൈ ഇന്ത്യൻസിന്റെ മുൻതാരം ശിവാലിക് ശർമ ബലാത്സംഗ കേസിൽ അറസ്റ്റിൽ. ആഭ്യന്തര ക്രിക്കറ്റിൽ ബറോഡയുടെ താരമായിരുന്ന 26കാരൻ, പാണ്ഡ്യ സഹോദരങ്ങളായ ഹാർദിക്കിനും ക്രുനാലിനുമൊപ്പം കളിച്ചിട്ടുണ്ട്.

വിവാഹവാഗ്ദാനം നൽകി ലൈംഗിമായി പീഡിപ്പിച്ച് വഞ്ചിച്ചെന്ന രാജസ്ഥാൻ സ്വദേശിനിയുടെ പരാതിയിലാണ് അറസ്റ്റ്. ജോധ്പുരിലെ കുഡി ഭഗത്സാനി പൊലീസാണ് ശിവാലിക്കിനെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ഇരുവരും വഡോദരയിൽ വെച്ചാണ് പരിചയപ്പെട്ടത്, പിന്നാലെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. 

ഓൾ റൗണ്ടറായ ശിവാലിക് ഇടങ്കൈയൻ ബാറ്ററാണ്. 2018ലാണ് ആഭ്യന്തര ക്രിക്കറ്റിൽ താരം അരങ്ങേറ്റം കുറിക്കുന്നത്. 18 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്നായി 1,087 റൺസ് നേടിയിരുന്നു. ബറോഡ ടീമിൽ കളിക്കുമ്പോൾ ഹാർദിക്കും ക്രുനാൽ പാണ്ഡ്യയും സഹതാരങ്ങളായിരുന്നു. 13 ലിസ്റ്റ് എ മത്സരങ്ങളും 19 ട്വന്‍റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.

2023 ഐപിഎൽ ലേലത്തിൽ അടിസ്ഥാന വിലയായ 20 ലക്ഷം രൂപക്കാണ് താരത്തെ മുംബൈ ഇന്ത്യൻസ് ടീമിലെടുക്കുന്നത്. എന്നാൽ, ഒരു മത്സരം പോലും കളിക്കാൻ അവസരം ലഭിച്ചില്ല. കഴിഞ്ഞ നവംബറിൽ നടന്ന മെഗാ താര ലേലത്തിനു മുന്നോടിയായാണ് ശിവാലിക്കിനെ മുംബൈ ഒഴിവാക്കിയത്.

Exit mobile version