Site iconSite icon Janayugom Online

ബിജെപി തൃശൂര്‍ ജില്ലാ പ്രസിഡന്റിന്റെ കാറില്‍ ഒന്നരകോടി കടത്തിയതായി മുന്‍ ഓഫീസ് സെക്രട്ടറി

നിയമസഭാ തെര‍‍ഞ്ഞെടുപ്പില്‍ ബിജെപി എത്തിച്ച കള്ളപ്പണത്തില്‍ ഒന്നരക്കോടി രൂപ ജില്ലാ പ്രസിഡന്റ് കെ കെ അനീഷ് കൂമാറ്‍ കാറില്‍ കടത്തിയതായി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ്. 2021 നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലാ കമ്മിറ്റി ഓഫീസില്‍ ആറു ചാക്കിലായി ഒമ്പതു കോടി രൂപ എത്തിച്ചത് താന്‍ കണ്ടതാണ്.

14 കോടിയോളം രൂപ തൃശൂരില്‍ എത്തിച്ചതായി ധര്‍മരാജനും മൊഴി നല്‍കിയിട്ടുണ്ട്. വിതരണം ചെയ്ത് ബാക്കി വന്ന ഒന്നരക്കോടി രൂപ ഒരു മാസം പാര്‍ട്ടി ഓഫീസില്‍ സൂക്ഷിച്ചു തൃശൂർ പൂരത്തിനുശേഷം ഈ പണം ഒരു ചാക്കിലും രണ്ട്‌ ബിഗ്‌ഷോപ്പറിലുമായി അനീഷ്‌ കുമാർ കാറിൽ കൊണ്ടുപോയി. അപ്പോൾ ഡ്രൈവറുണ്ടായിരുന്നില്ല. ജില്ലാ ട്രഷറർ സുജയ സേനൻ, ജനറൽ സെക്രട്ടറി കെ ആർ ഹരി എന്നിവരാണ്‌ പണം കാറിൽ എത്തിച്ചത്‌. ഈ ഒന്നരക്കോടി ജില്ലാകമ്മിറ്റിയുടെ ചെലവിൽ വന്നിട്ടില്ല. ഓഡിറ്റിൽ ഇത്‌ വ്യക്തമാണ്തിരൂർ സതീഷ്‌ പറയുന്നു.

കെ കെ അനീഷ്‌ കുമാറിനൊപ്പം ട്രഷറർ സുജയസേനൻ, ജനറൽ സെക്രട്ടറി കെ ആർ ഹരി എന്നിവരാണ്‌ ഇടപാടുകാർ. ഭാരവാഹികളായശേഷം ഇവരുടെ സ്വത്ത്‌ വർധന പരിശോധിക്കണം. ധർമരാജൻ പണം കൊണ്ടുവന്ന അതേ ദിവസം സുജയ സേനൻ മൂന്നുചാക്കിലുള്ള പണം തനിക്കറിയാത്ത ചിലർക്ക്‌ കൈമാറി. കാറിൽ കടത്തിയ ഒന്നരക്കോടിയും മൂന്നു ചാക്കിലായി കൊണ്ടുപോയ പണവും എന്തുചെയ്‌തു, ആർക്കെല്ലാം വീതംവച്ചു, വസ്‌തുവകകളും വാഹനങ്ങളും വാങ്ങിക്കൂട്ടിയോ, എന്നതെല്ലാം അന്വേഷിക്കണം.

പൊലീസും ഇഡിയും ചോദ്യംചെയ്‌താൽ ഇത്‌ പുറത്തുവരും. രാജ്യദ്രോഹക്കുറ്റംചെയ്‌തവരെ നിയമത്തിന്‌ മുമ്പിലെത്തിക്കണം. ഇക്കാര്യങ്ങളെല്ലാം പൊലീസിനോട്‌ പറഞ്ഞിട്ടുണ്ട്‌. കള്ളപ്പണക്കാരെ ഇല്ലാതാക്കുമെന്നാണ്‌ പ്രധാനമന്ത്രി ജനങ്ങളോട്‌ പറഞ്ഞത്‌. എന്നാൽ ബിജെപി ജില്ലാ കമ്മിറ്റി ഓഫീസിൽത്തന്നെ ഒമ്പത്‌ കോടി കള്ളപ്പണം സൂക്ഷിച്ചു. പണം സൂക്ഷിച്ചവർ പ്രധാന ഭാരവാഹികളായി തുടരുകയാണ് അദ്ദേഹം പറയുന്നു

Exit mobile version