രാജ്യത്ത് ഇപ്പോള്‍ നടക്കുന്ന ‘ബുൾഡോസർ നീതി’ അവസാനിപ്പിക്കാന്‍ ഇടപെടണമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണയോട് വിരമിച്ച സിവിൽ സർവീസ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ഇത് ഇപ്പോൾ പല സംസ്ഥാനങ്ങളിലും സാധാരണമായി മാറുകയാണെന്ന് 90 മുൻ സിവിൽ ഉദ്യോഗസ്ഥർ ഒപ്പുവച്ച കത്തില്‍ ആവശ്യപ്പെടുന്നു.
ഉത്തർപ്രദേശില്‍ മുഹമ്മദ് നബിയെ അപമാനിക്കുന്ന തരത്തിലുള്ള ബിജെപി വക്താക്കളുടെ പ്രസ്താവനക്കെതിരെയുള്ള പ്രതിഷേധവുമായി ബന്ധപ്പെട്ട അനധികൃത തടങ്കൽ, വസതികൾ ഇടിച്ചു നിരത്തല്‍, പാെലീസ് അക്രമം എന്നിവയില്‍ സ്വമേധയാ നടപടിയെടുക്കണം. രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി മുനിസിപ്പൽ, പൗര നിയമങ്ങൾ ദുരുപയോഗം ചെയ്യുന്ന ഭരണകൂടം പൊലീസ് സംവിധാനത്തെ ക്രൂരമായ അടിച്ചമർത്തലിനുള്ള ഉപകരണമാക്കി മാറ്റുകയാണ്. ദേശീയ സുരക്ഷാ നിയമം 1980, ഉത്തർപ്രദേശ് ഗ്യാങ്സ്റ്റേഴ്സ് ആന്റ് ആന്റി സോഷ്യൽ ആക്ടിവിറ്റീസ് (പ്രിവൻഷൻ) ആക്ട് 1986 എന്നിവ ഉപയോഗിച്ച് ഏത് പ്രതിഷേധത്തെയും ക്രൂരമായി നേരിടാന്‍ പഴുതുണ്ടെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി.
യുപി സര്‍ക്കാരിന്റെ നയത്തിന് ഉയർന്ന തലങ്ങളിൽ നിന്നുള്ള അനുമതിയുണ്ട്. അധികാരത്തിന്റെ ഏകപക്ഷീയമായ ഉപയോഗത്തിന് പ്രാദേശിക ഉദ്യോഗസ്ഥരും പൊലീസുമാണ് ഉത്തരവാദികളെങ്കിലും, യഥാർത്ഥ കുറ്റവാളികള്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ ഉന്നതങ്ങളിലാണ്. ഭരണഘടനാപരമായ അധികാരികളുടെ അഴിമതിയാണ് സുപ്രീം കോടതിയുടെ ഇടപെടൽ ആവശ്യപ്പെടുന്നത്.
നിയമപരമായി പ്രതിഷേധിക്കാനോ സർക്കാരിനെ വിമർശിക്കാനോ വിയോജിപ്പ് പ്രകടിപ്പിക്കാനോ മുതിരുന്ന പൗരന്മാരെ ക്രൂരമായി ശിക്ഷിക്കുന്ന ‘ബുൾഡോസർ നീതി’ സാധാരണമാവുകയാണ്. പ്രയാഗ്‍രാജിലും കാൺപുരിലും സഹാറൻപുരിലും മുസ്‍ലിം ജനത കൂടുതലുള്ള മറ്റ് പല പട്ടണങ്ങളിലും കണ്ടത് ഈ മാതൃകയാണ്. ഭരണഘടനാ മൂല്യങ്ങളോടും തത്വങ്ങളോടുമുള്ള ഈ അവഗണന ഭൂരിപക്ഷ ശക്തിയുടെ അഹങ്കാരമാണെന്ന് കരുതുന്നതായും കത്തില്‍ ചൂണ്ടിക്കാട്ടി.
യുപിയിലെ സമീപകാല പ്രവൃത്തികളില്‍ ഇടപെടണമെന്ന് അഭ്യർത്ഥിച്ച് സുപ്രീം കോടതിയിലെയും ഹൈക്കോടതികളിലെയും മുൻ ജഡ്ജിമാരുടെയും മുൻനിര അഭിഭാഷകരുടെയും സംഘം ജൂൺ 14 ന് ചീഫ് ജസ്റ്റിസിന് അയച്ച അപേക്ഷയെയും മുൻ സിവിൽ ഉദ്യോഗസ്ഥർ പിന്തുണച്ചു. മുൻ കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി കെ പിള്ള, മുൻ വിദേശകാര്യ സെക്രട്ടറി സുജാത സിങ്, മുൻ ഐപിഎസ് ഉദ്യോഗസ്ഥരായ ജൂലിയോ റിബെയ്റോ, അവിനാഷ് മോഹന നേയ്, മാക്സ്‍വെൽ പെരേര, എ കെ സാമന്ത, മുൻ സാമൂഹിക നീതി സെക്രട്ടറി അനിതാ അഗ്നിഹോത്രി എന്നിവര്‍ ഒപ്പിട്ടവരിൽ ഉൾപ്പെടുന്നു.
english summary;Former officials say Supreme Court should intervene in ‘bulldozer justice’
You may also like this video;