Site iconSite icon Janayugom Online

രാജ്യദ്രോഹക്കേസ്; ദക്ഷിണ കൊറിയൻ മുൻ പ്രസിഡന്റ് യൂൻ സുക് യോളിന്റെ വിധി ഇന്ന്

ദക്ഷിണ കൊറിയൻ മുൻ പ്രസിഡന്റ് യൂൻ സുക് യോളിനെതിരെയുള്ള രാജ്യദ്രോഹക്കേസിൽ സിയോൾ സെൻട്രൽ ഡിസ്ട്രിക്റ്റ് കോടതി ഇന്ന് വിധി പറയും. 2024 ഡിസംബറിൽ രാജ്യത്ത് അടിയന്തരാവസ്ഥയും പട്ടാളനിയമവും നടപ്പിലാക്കാൻ ശ്രമിച്ചതിലൂടെ ജനാധിപത്യ ഭരണകൂടത്തെ അട്ടിമറിക്കാൻ ശ്രമിച്ചു എന്നതാണ് ഇദ്ദേഹത്തിനെതിരെയുള്ള പ്രധാന കുറ്റം. രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ തകർക്കാൻ ശ്രമിച്ച മുൻ നേതാവിനെതിരെ പ്രോസിക്യൂഷൻ വധശിക്ഷയാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഭരണഘടന വിരുദ്ധമായി പട്ടാളനിയമം പ്രഖ്യാപിച്ചതിലൂടെ ദേശീയ അസംബ്ലിയുടെയും ഇലക്ഷൻ കമ്മീഷന്റെയും പ്രവർത്തനങ്ങൾ യൂൻ തടസ്സപ്പെടുത്തിയെന്ന് പ്രോസിക്യൂട്ടർമാർ വാദിക്കുന്നു. പാർലമെന്റിലേക്ക് സൈന്യത്തെ അയച്ച് പ്രതിപക്ഷ നേതാക്കളെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ടതും അധികാരാ ദുർവിനിയോഗമായി കോടതി കണക്കാക്കുന്നു. എന്നാൽ, തന്റെ അധികാരം ഉപയോഗിച്ചാണ് പട്ടാളനിയമം പ്രഖ്യാപിച്ചതെന്നും സർക്കാരിന്റെ പ്രവർത്തനങ്ങളെ പ്രതിപക്ഷം തടസ്സപ്പെടുത്തുന്നതിനെതിരെ മുന്നറിയിപ്പ് നൽകാനാണ് ഇത് ചെയ്തതെന്നുമാണ് 65കാരനായ യൂൻ കോടതിയിൽ വാദിച്ചത്.

വെറും ആറ് മണിക്കൂർ മാത്രം നീണ്ടുനിന്ന പട്ടാളനിയമ പ്രഖ്യാപനം വലിയ ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് പാർലമെന്റ് വോട്ടെടുപ്പിലൂടെ തള്ളുകയായിരുന്നു. ഇതിനെത്തുടർന്ന് പുറത്താക്കപ്പെട്ട യൂൻ നിലവിൽ സിയോൾ ഡിറ്റൻഷൻ സെന്ററിൽ തടവിലാണ്. രാജ്യദ്രോഹക്കേസിന് പുറമെ മറ്റ് എട്ടോളം കേസുകളും ഇദ്ദേഹം നേരിടുന്നുണ്ട്. വിധി പ്രഖ്യാപനത്തോടനുബന്ധിച്ച് കോടതി പരിസരത്ത് കനത്ത പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

Exit mobile version