അമേരിക്കയുടെ മുന്‍ പ്രസിഡന്റും സമാധാന നൊബേല്‍ പുരസ്കാരജേതാവുമായ ജിമ്മി കാര്‍ട്ടന്‍ അന്തരിച്ചു. അദ്ദേഹം മരിക്കുമ്പോള്‍ 100 വയസായിരുന്നു. 1977മുതല്‍ 1981 വരെ അമേരിക്കയുടെ പ്രസിഡന്റായിരുന്നു.ജോര്‍ജിയിലെ സ്വവസതിയിലായിരുന്നു അന്ത്യം.അമേരിക്കയുടെ 39-ാമത്തെ പ്രസിഡന്റായിരുന്നുകാന്‍സറിനെ അതിജീവിച്ച അദ്ദേഹം സമീപ വര്‍ഷങ്ങളില്‍ കരളിലേക്കും തലച്ചോറിലേക്കും പടര്‍ന്ന മെലനോമ ഉള്‍പ്പെടെയുള്ള നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവിച്ചിരുന്നു.
അമേരിക്കന്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം ജീവിച്ച പ്രസിഡന്റാണ് അദ്ദേഹം. 2002‑ലാണ് നൊബേല്‍ ജേതാവാകുന്നത്. 1976‑ലെ യുഎസ് തെരഞ്ഞെടുപ്പില്‍ നിലവിലെ പ്രസിഡന്റായിരുന്ന ജെറാള്‍ഡ് ഫോര്‍ഡിനെ തോല്‍പ്പിച്ചാണ് ഡെമോക്രാറ്റായ കാര്‍ട്ടര്‍ വൈറ്റ് ഹൗസില്‍ പ്രവേശിച്ചത്. വാട്ടര്‍ഗേറ്റ് അഴിമതിയുടെയും വിയറ്റ്‌നാം യുദ്ധത്തിന്റെയും കാലത്താണ് അദ്ദേഹം അമേരിക്കയുടെ പ്രസിഡന്റ് പദവിയിലെത്തുന്നത്.
നേരത്തെ കാലിഫോര്‍ണിയ ഗവര്‍ണറായി സേവനമനുഷ്ഠിച്ച നടനും രാഷ്ട്രീയക്കാരനുമായ റൊണാള്‍ഡ് റീഗനോട് 1980‑ലെ തിരഞ്ഞെടുപ്പില്‍ അദ്ദേഹം പരാജയപ്പെടുകയും ചെയ്തിരുന്നു. ജനാധിപത്യവും മനുഷ്യാവകാശങ്ങളും സംരക്ഷിക്കുന്നതിന് പുറമെ അന്താരാഷ്ട്ര സംഘര്‍ഷങ്ങള്‍ക്ക് സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിനുള്ള സംഭാവനകള്‍ കൂടി കണക്കിലെടുത്താണ് 2002‑ല്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം അദ്ദേഹത്തിന് ലഭിക്കുന്നത്.