ഫോസിൽ ഇന്ധന പദ്ധതികൾ ലോകമെമ്പാടുമുള്ള 200 കോടി ജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്നുവെന്ന് ആംനസ്റ്റി ഇന്റർനാഷണലിന്റെ റിപ്പോര്‍ട്ട്. ലോകജനസംഖ്യയുടെ നാലിലൊന്ന് ഭാഗവും പ്രവർത്തനക്ഷമമായ ഫോസിൽ ഇന്ധന പദ്ധതികളുടെ അഞ്ച് കിലോമീറ്റര്‍ പരിധിയിലാണ് താമസിക്കുന്നത്. ഇത് ആരോഗ്യത്തിനും ആവാസവ്യവസ്ഥയ്ക്കും ഭീഷണിയാകുമെന്ന് പഠനത്തില്‍ വ്യക്തമാക്കുന്നു.
170 രാജ്യങ്ങളിലായി 18,300ലധികം എണ്ണ , വാതക, കൽക്കരി നിക്ഷേപ കേന്ദ്രങ്ങൾ പ്രവര്‍ത്തനക്ഷമമാണ്. ഭൂമിയുടെ ഉപരിതലത്തിന്റെ വലിയൊരു ഭാഗം ഇവ കെെവശപ്പെടുത്തിയിരിക്കുന്നു. സംസ്കരണ പ്ലാന്റുകൾ, പൈപ്പ്‌ലൈനുകൾ, മറ്റ് ഫോസിൽ ഇന്ധന സൗകര്യങ്ങൾ എന്നിവയുടെ സാമീപ്യം കാൻസർ, ശ്വസന സംബന്ധമായ അസുഖങ്ങൾ, ഹൃദ്രോഗം, അകാല ജനനം, മരണം എന്നിവയ്ക്കുള്ള സാധ്യത വർധിപ്പിക്കുന്നു. ഇതിനുപുറമേ, ജലവിതരണത്തിനും വായുവിന്റെ ഗുണനിലവാരത്തിനും ഗുരുതരമായ ഭീഷണി ഉയർത്തുകയും ഭൂമിയെ നശിപ്പിക്കുകയും ചെയ്യുന്നുവെന്നും ആനംസ്റ്റി മുന്നറിയിപ്പ് നല്‍കി.
12.4 കോടി കുട്ടികള്‍ ഉള്‍പ്പെടെ 46.3 കോടി ആളുകൾ ഫോസില്‍ ഇന്ധന സെെറ്റുകളുടെ ഒരു കിലോമീറ്റര്‍ പരിധിക്കുള്ളില്‍ താമസിക്കുന്നു. അതേസമയം 3,500 ഓളം പുതിയ സൈറ്റുകൾ നിലവിൽ നിർദേശിക്കപ്പെട്ടിട്ടുണ്ട്. ഇത് 13.5 കോടി ആളുകളെ കൂടി അപകടത്തിലാക്കും. സജീവമായ മിക്ക പദ്ധതികളും മലിനീകരണ ഹോട്ട്‌സ്‌പോട്ടുകൾ സൃഷ്ടിച്ചിട്ടുണ്ട്. സമീപത്തുള്ള സമൂഹങ്ങളെയും നിർണായക ആവാസവ്യവസ്ഥകളെയും ദുര്‍ബല പ്രദേശങ്ങളായി തരംതിരിച്ചിട്ടുണ്ട്. താഴ്ന്ന വരുമാനക്കാരും പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുമാണ് മലിനീകരണത്തിന്റെയും വിഷവസ്തുക്കളുടെയും പ്രത്യാഘാതങ്ങള്‍ അനുഭവിക്കേണ്ടിവരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഖനനം, സംസ്കരണം, ഗതാഗതം എന്നിവയിൽ നിന്നുള്ള വിനാശകരമായ ആരോഗ്യ നാശനഷ്ടങ്ങളെക്കുറിച്ചും, ചോർച്ചകൾ, പൊട്ടിത്തെറികൾ, നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവ പ്രകൃതി ആവാസവ്യവസ്ഥയെ എങ്ങനെ നശിപ്പിക്കുന്നുവെന്നും മനുഷ്യാവകാശങ്ങളെ എങ്ങനെ ദുർബലപ്പെടുത്തുന്നുവെന്നും റിപ്പോർട്ട് വിശദീകരിക്കുന്നു. പ്രവർത്തനക്ഷമമായ എണ്ണ, കൽക്കരി, വാതക കേന്ദ്രങ്ങളുടെ മൂന്നിലൊന്ന് ഭാഗവും ജൈവവൈവിധ്യത്താൽ സമ്പന്നമായ ആവാസവ്യവസ്ഥകള്‍ക്ക് സമീപമാണുള്ളത്. കാനഡയിലെയും സെനഗലിലെയും തീരദേശ സമൂഹങ്ങളിലെയും തദ്ദേശീയ ഭൂസംരക്ഷണ പ്രവർത്തകർ, കൊളംബിയയിലെയും ബ്രസീലിലെയും മത്സ്യത്തൊഴിലാളികൾ, ഇക്വഡോറിലെ ആമസോണിയൻ നേതാക്കൾ എന്നിവരുടെ സാക്ഷ്യങ്ങളും റിപ്പോർട്ടിൽ ഉൾപ്പെടുന്നു.
ഭൂമി കൈയേറ്റങ്ങൾ, സാംസ്കാരിക കൊള്ള, സമൂഹ വിഭജനം, ഡ്രില്ലിങ് പദ്ധതികൾ, മറ്റ് അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ നിർമ്മാണത്തെ സമാധാനപരമായി എതിർക്കുന്ന തദ്ദേശിയ നേതാക്കൾക്കെതിരായ അക്രമം, ഓൺലൈൻ ഭീഷണികൾ, ക്രിമിനൽ, സിവിൽ കേസുകൾ എന്നിവയുമായി ഫോസിൽ ഇന്ധനങ്ങളുടെ വ്യാപനം ബന്ധപ്പെട്ടിരിക്കുന്നുവെന്നും ആനംസ്റ്റി ചൂണ്ടിക്കാട്ടുന്നു.

