ഇന്ത്യൻ വംശജനായ വ്യവസായിയും ജീവകാരുണ്യപ്രവർത്തകനുമായിരുന്ന സ്വരാജ് പോൾ (94) അന്തരിച്ചു. യു കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാപാറോ ഗ്രൂപ്പ് ഓഫ് ഇന്‍ഡസ്ട്രീസിന്റെ സ്ഥാപകനാണ്. ഹൗസ് ഓഫ് ലോഡ്‌സിലെ അംഗമായ അദ്ദേഹം ജലന്ധറിലാണ് ജനിച്ചത്. മരണ സമയത്ത് കുടുംബാംഗങ്ങൾ അടുത്തുണ്ടായിരുന്നു. ബ്രിട്ടൻ പ്രഭു സ്ഥാനം നൽകി ആദരിച്ചിട്ടുണ്ട്. ഭാര്യ പരേതയായ അരുണ പോൾ.
മകളായ അംബികയുടെ ചികിത്സക്കായാണ് 1960കളില്‍ അദ്ദേഹം യുകെയിലേയ്ക്ക് താമസംമാറ്റിയത്. മകളുടെ മരണശേഷം കുട്ടികളുടെയും യുവാക്കളുടെയും ക്ഷേമത്തിനായി അംബിക പോള്‍ ഫൗണ്ടേഷന്‍ സ്ഥാപിച്ചു. 2015ല്‍ മകന്‍ അംഗദ് പോളും 2022ല്‍ ഭാര്യ അരുണയും മരിച്ചു. അവരുടെ ഓര്‍മക്കായി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം നേതൃത്വം നല്‍കി. 1968ലാണ് കപാറോ ഗ്രൂപ്പ് അദ്ദേഹം സ്ഥാപിച്ചത്. സ്റ്റീൽ, എൻജിനീയറിങ്, പ്രോപ്പർട്ടി മേഖലകളിൽ ആയിരുന്നു ഗ്രൂപ്പിന്റെ താൽപര്യങ്ങൾ. ഇന്ത്യാ–ബ്രിട്ടിഷ് ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഇദ്ദേഹം നിർണായക പങ്കു വഹിച്ചിരുന്നു. 250 കോടി രൂപയുടെ ആസ്തിയുള്ള കമ്പനിയാണ് കപാറോ.

