Site iconSite icon Janayugom Online

നാല് കാലുള്ള കുഞ്ഞൻ താറാവ്; സാബു യോഹന്നാന്റെ ഫാമിലെ കാഴ്ച വ്യത്യസ്തം

പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ കുരീത്തറ പുത്തൻപുരയിൽ സാബു യോഹന്നാന്റെ താറാവ് ഫാമിൽ ചെന്നാൽ ഒരു വ്യത്യസ്ത കാഴ്ച കാണാം. എണ്ണായിരത്തിലധികം താറാവ് കുഞ്ഞുങ്ങളിൽ ഒരുവന് മാത്രം നാല് കാലുണ്ട്. ചെന്നിത്തല പഞ്ചായത്തിലെ മൂന്ന്തെങ്ങിൽനിന്നുള്ള ഹാച്ചറിയിൽ നിന്നുമാണ് കഴിഞ്ഞ 15ന് സാബു യോഹന്നാൻ 8500 താറാവ് കുഞ്ഞുങ്ങളെ വാങ്ങുന്നത്. പിന്നീടാണ് കൂട്ടത്തിലൊരു താറാവു കുഞ്ഞിന് നാലു കാലുകൾ ഉണ്ട് എന്നത് മനസ്സിലാകുന്നത്. ഇതേതുടർന്ന് സാബു യോഹന്നാന്റെ മരുമകൾ ഇതിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. തുടർന്ന് നിരവധി ആളുകളാണ് വ്യത്യസ്തനായ താറാവ് കുഞ്ഞിനെ കാണുവാൻ സാബു യോഹന്നാന്റെ ഫാമിലെത്തുന്നത്.

ഈ താറാവ് കുഞ്ഞന് നാലു കാൽ ഉണ്ടെങ്കിലും മറ്റു താറാവുകളെ പോലെ തന്നെ രണ്ടു കാലുകളിൽ മാത്രമാണ് നടക്കുന്നത്. അധികമായി വളർന്ന രണ്ടു കാലുകൾ പിന്നിലേക്ക് ഇട്ട് മറ്റുള്ളവരുടെ കൂട്ടത്തിൽ നടന്നുനീങ്ങുന്നു. മറ്റുള്ള താറാവുകളുടെ കൂട്ടത്തിൽ തന്നെ ഇതിനെയും വിട്ടിരിക്കുകയാണ്. മറ്റുള്ളവരെ പോലെ തന്നെ വ്യത്യസ്തനായ ഈ താറാവ് കുഞ്ഞൻ ഭക്ഷണം കഴിക്കുകയും, വെള്ളത്തിൽ നീന്തുകയും ചെയ്യും എല്ലാം ചെയ്യുന്നുണ്ടെന്ന് സാബു യോഹന്നാൻ പറഞ്ഞു. നാടൻ ചെമ്പല്ലി ഇനത്തിൽപ്പെട്ട താറാവു കുഞ്ഞുങ്ങളെയാണ് സാബു യോഹന്നാൻ വാങ്ങിയത്. 15 വർഷമായി സാബു യോഹന്നാൻ താറാവ് കൃഷി ചെയ്യുന്നുണ്ട്.

കഴിഞ്ഞ വെള്ളപ്പൊക്കത്തിൽ കൂട്ടത്തോടെ നിരവധി താറാവുകകളാണ് ചത്തത്. അതിനുശേഷമുണ്ടായ പക്ഷി പനിയിൽ എണ്ണായിരത്തിലധികം താറാവുകളിൽ 7500 താറാവുകൾ ചത്തു. ബാക്കിയുണ്ടായിരുന്ന 504 താറാവുകളെ കൊന്നൊടുക്കി. ഇതിനുശേഷമാണ് ഇത്തവണ 8000 താറാവ് കുഞ്ഞുങ്ങളെ സാബു യോഹന്നാൻ വാങ്ങിയത്. ഇതിൽ വ്യത്യസ്തനായ നാലു കാലൻ താറാവ് കുഞ്ഞാണ് ഇപ്പോൾ നാട്ടിൽ താരം.

Eng­lish Sum­ma­ry: Duck with four legs

You may like this video also

Exit mobile version