Site icon Janayugom Online

കേന്ദ്രം പിടിവാശി തുടരുന്നു; നാലുപേര്‍ക്ക് സസ്പെന്‍ഷന്‍

remya haridas

പ്രതിപക്ഷത്തിന്റെ വായടപ്പിക്കാമെന്ന വ്യാമോഹത്തില്‍ സസ്‌പെന്‍ഷന്‍ കാര്‍ഡിറക്കി വീണ്ടും കേന്ദ്ര സര്‍ക്കാര്‍. പ്രതിഷേധിച്ച നാല് അംഗങ്ങളെ ലോക്‌സഭാ സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തു. ഇരുസഭകളിലും പ്രതിപക്ഷ പ്രതിഷേധം അനുദിനം ശക്തമാവുകയാണ്.
വിലക്കയറ്റം, അവശ്യ സാധനങ്ങള്‍ക്ക് ചരക്കു സേവന നികുതി ഏര്‍പ്പെടുത്തിയത്, പെട്രോളിയം ഉല്പന്നങ്ങളുടെ വില വര്‍ധന ഉള്‍പ്പെടെ രാജ്യം നേരിടുന്ന ഗുരുതര പ്രശ്നങ്ങള്‍ നടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ അടിയന്തര പ്രമേയ നോട്ടീസുകള്‍ക്ക് സര്‍ക്കാര്‍ അനുമതി നിഷേധിച്ചതോടെയാണ് നടപ്പു സമ്മേളനത്തില്‍ പ്രതിപക്ഷ പ്രതിഷേധം ശക്തമായത്. വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നിരന്തരം നോട്ടീസ് നല്‍കുകയും സ്പീക്കറും രാജ്യസഭാ അധ്യക്ഷനും നിരാകരിക്കുകയും ചെയ്യുന്ന പതിവ് തുടര്‍ന്നതോടെയാണ് പ്രതിപക്ഷം ശക്തമായി രംഗത്ത് എത്തിയത്.
ഉച്ചതിരിഞ്ഞ് രണ്ടിനു സമ്മേളിച്ച ലോക്‌സഭയില്‍ പ്രതിപക്ഷം പ്ലക്കാര്‍ഡുകളും മുദ്രാവാക്യം വിളികളുമായി സര്‍ക്കാരിനെതിരെ തുടര്‍ച്ചയായ ആറാം ദിവസവും രംഗത്തെത്തി. വിലക്കയറ്റം ചര്‍ച്ച ചെയ്യാം, എന്നാല്‍ പ്ലക്കാര്‍ഡും മുദ്രാവാക്യം വിളികളും നടത്തുന്ന അംഗങ്ങളെ പുറത്താക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയ സ്പീക്കര്‍ മൂന്നു മണിവരെ സഭ നിര്‍ത്തിവച്ചു. തുടര്‍ന്നു സമ്മേളിച്ച സഭയില്‍ പ്രതിപക്ഷം വീണ്ടും പ്രതിഷേധവുമായി രംഗത്ത് എത്തിയതോടെയാണ് കോണ്‍ഗ്രസ് അംഗങ്ങളായ ടി എന്‍ പ്രതാപന്‍, മാണിക്കം ടാഗോര്‍, രമ്യ ഹരിദാസ്, ജ്യോതിമണി എന്നിവരെ നടപ്പ് സമ്മേളനത്തില്‍ നിന്നും സ്പീക്കര്‍ സസ്‌പെന്‍ഡ് ചെയ്തത്. ഇതേത്തുടര്‍ന്നുണ്ടായ പ്രതിഷേധത്തില്‍ ലോക്‌സഭ ഇന്നലത്തേയ്ക്ക് പിരിഞ്ഞു.
രാഷ്ട്രപതി സത്യപ്രതിജ്ഞയുടെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും ഇന്നലെ ഉച്ചകഴിഞ്ഞാണ് സമ്മേളിച്ചത്. രണ്ടിനു ചേര്‍ന്ന രാജ്യസഭയില്‍ വിലക്കയറ്റം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉന്നയിക്കാന്‍ അനുമതി പതിവായി നിഷേധിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചു. പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയും പാര്‍ലമെന്ററികാര്യ മന്ത്രി പിയൂഷ് ഗോയലും തമ്മില്‍ സഭയില്‍ തര്‍ക്കം കനത്തതോടെ രാജ്യസഭ ആദ്യം മൂന്നുവരെ പിരിഞ്ഞു. സഭ വീണ്ടും ചേര്‍ന്നപ്പോള്‍ ശ്രദ്ധക്ഷണിക്കല്‍ പ്രമേയാവതരണത്തിന് ശ്രമം നടത്തി നടപടികള്‍ മുന്നോട്ടു കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും പ്രതിപക്ഷ പ്രതിഷേധത്തില്‍ നാലുവരെ പിരിയുകയാണുണ്ടായത്.
രാജ്യസഭ വീണ്ടും നാലു മണിക്ക് സമ്മേളിച്ചപ്പോഴും പ്രതിപക്ഷ പ്രതിഷേധം തുടര്‍ന്നു. ഇതിനിടയിലും വന്‍ വിനാശകാരികളായ ആയുധങ്ങളുമായി ബന്ധപ്പെട്ട (വെപ്പണ്‍സ് ഓഫ് മാസ് ഡിസ്ട്രക്ഷന്‍) ബില്‍ അവതരിപ്പിച്ച് പാസാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് നിര്‍ത്തിവച്ച സഭയില്‍ സര്‍ക്കാര്‍ അടിയന്തര ശ്രദ്ധ പതിപ്പിക്കേണ്ട പ്രത്യേക പരാമര്‍ശ വിഷയങ്ങളുടെ അവതരണമാണ് നടന്നത്. സിപിഐ അംഗം പി സന്തോഷ് കുമാറിന്റെ രാജ്യത്തെ തൊഴിലില്ലായ്മാ വിഷയാവതരണത്തോടെ രാജ്യസഭ ഇന്നലത്തേക്ക് പിരിയുകയായിരുന്നു. 

Eng­lish Sum­ma­ry: Four MPs sus­pend­ed for protest­ing price hike

You may like this video also

Exit mobile version