Site iconSite icon Janayugom Online

എഴില്‍ നാല്; ഇന്ത്യ കരുത്ത് കാട്ടി

ലോക്‌സഭ തെരഞ്ഞടെുപ്പിന് മുന്നോടിയായി വിവിധ സംസ്ഥാനങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ കരുത്തുകാട്ടി പ്രതിപക്ഷ സഖ്യമായ ഇന്ത്യ. ആകെ എഴ് നിയമസഭാ സീറ്റുകളില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ നാല് സീറ്റുകള്‍ ഇന്ത്യ സഖ്യം കരസ്ഥമാക്കി. ത്രിപുരയിലും ഉത്തരാഖണ്ഡിലും മാത്രമാണ് ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയിക്കാന്‍ കഴിഞ്ഞത്. ത്രിപുരയിലെ ധന്‍പൂര്‍, ബോക്സാ നഗര്‍ സീറ്റുകള്‍ ബിജെപി നിലനിര്‍ത്തി. ഉത്തരാഖണ്ഡിലെ ബാഗേശ്വര്‍ സീറ്റിലും ബിജെപി സ്ഥാനാര്‍ത്ഥി വിജയം കണ്ടു. 

ഉത്തര്‍പ്രദേശിലെ ഘോസിയില്‍ സമാജ്‌വാദി പാര്‍ട്ടിയില്‍ നിന്ന് ബിജെപിയിലേക്ക് കൂറുമാറിയ ധാരാസിങ് കനത്ത തോല്‍വി നേരിട്ടു. എസ്‌പി സ്ഥാനാര്‍ത്ഥിയായി ഇന്ത്യ സഖ്യത്തില്‍ മത്സരിച്ച സുധാകര്‍ സിങ് ധാരസിങ്ങിനെ അട്ടിമറിച്ച് മിന്നുന്ന വിജയം നേടി. ബംഗാളിലെ ധൂപ്ഗിരി മണ്ഡലം തൃണമൂല്‍ കോണ്‍ഗ്രസ് ബിജെപിയില്‍ നിന്ന് തിരിച്ച് പിടിച്ചു. ഝാര്‍ഖണ്ഡിലെ ധുമ്രി മണ്ഡലത്തില്‍ ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ ബേബി ദേവാണ് വിജയിച്ചത്. 

ത്രിപുരയിലെ ബിജെപിയുടെ വിജയം ജനാധിപത്യം അട്ടിമറിച്ചുകൊണ്ടുള്ളതാണെന്ന് ഇടതുപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. വ്യാപകമായ ക്രമക്കേടും അക്രമങ്ങളും ബൂത്തുപിടിത്തവും രണ്ട് മണ്ഡലങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ജനാധിപത്യത്തിന്റെ വിശ്വാസ്യത വീണ്ടെടുക്കാന്‍ റീ പോളിങ് നടത്തണമെന്നും ഇടതുപാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മിഷനോട് അഭ്യര്‍ത്ഥിച്ചു.

Eng­lish Summary:four out of sev­en; India showed strength
You may also like this video

Exit mobile version