വടക്കൻ നഗരമായ മസാർ‑ഇ-ഷെരീഫിൽ നാല് സ്ത്രീകൾ കൊല്ലപ്പെട്ടതായി അഫ്ഗാനിസ്ഥാനിലെ താലിബാൻ സർക്കാരിന്റെ വക്താവ് അറിയിച്ചു. നഗരത്തിലെ ഒരു വീട്ടിൽ നിന്നാണ് കൊല്ലപ്പെട്ട സ്ത്രീകളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയ വക്താവ് ഖാരി സയ്യിദ് ഖോസ്തി പറഞ്ഞു.
“സ്ത്രീകളെ വീട്ടിലേക്ക് ക്ഷണിച്ചത് തങ്ങളാണെന്ന് അറസ്റ്റിലായവർ പ്രാഥമിക ചോദ്യം ചെയ്യലിൽ സമ്മതിച്ചിട്ടുണ്ട്. കൂടുതൽ അന്വേഷണം നടക്കുകയാണെന്നും കേസ് കോടതിയിലേക്ക് റഫർ ചെയ്തിട്ടുണ്ടെന്നും” അദ്ദേഹം പറഞ്ഞു. സാമ്പത്തികശാസ്ത്ര അധ്യാപികകൂടിയായ ഫ്രോസാൻ സാഫിയാണ് കൊല്ലപ്പെട്ടത്. ഒക്ടോബർ 20ന് കാണാതായ സാഫിയുടെ മൃതദേഹം മസാറെ ഷരീഫ് നഗരത്തിൽ നിന്ന് കണ്ടെത്തുകയായിരുന്നു. താലിബാൻ അഫ്ഗാന്റെ നിയന്ത്രണം പിടിച്ചശേഷം ആദ്യമായാണ് ഇങ്ങനെയൊരു സംഭവം റിപ്പോർട്ടു ചെയ്യുന്നത്.
സാഫി ധരിച്ചിരുന്ന വസ്ത്രങ്ങളിൽനിന്നാണ് അവരെ തിരിച്ചറിഞ്ഞതെന്നും വെടിയുണ്ടകൾ അവരുടെ മുഖം വികൃതമാക്കിയിരുന്നെന്നും സാഫിയുടെ സഹോദരി റിത പറഞ്ഞു.
താലിബാന്റെ പ്രതികാരനടപടി ഭയന്നിരുന്ന സാഫി, ജർമനിയിൽ അഭയം തേടാനുള്ള ശ്രമത്തിലായിരുന്നു. സുരക്ഷിതമായി രാജ്യംവിടാൻ സഹായിക്കാമെന്ന അജ്ഞാതന്റെ ഫോൺസന്ദേശം ലഭിച്ച സാഫി രേഖകളുമായി വീടുവിടുകയായിരുന്നുവെന്നും സഹോദരി പറഞ്ഞു. എന്നാൽ, വ്യക്തികൾ തമ്മിലുള്ള ശത്രുതയാണ് സംഭവത്തിനുപിന്നിലെന്ന് താലിബാൻ പ്രതികരിച്ചു.
english summary: Four people, including a women’s rights activist, have been killed in Afghanistan
you may also like this video