താമരശ്ശേരിയിൽ ബസും കാറും കൂട്ടിയിടിച്ച് നാലു പേർക്ക് പരുക്കേറ്റു. തമിഴ്നാട് ദേവാലയിൽ നിന്ന് കോഴിക്കോട്ടേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് താമരശ്ശേരി പെരുമ്പള്ളിയിൽ കാറുമായി കൂട്ടിയിടിച്ചത്. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട ഇരുവാഹനങ്ങളും സമീപത്തെ മതിലിൽ ഇടിച്ചാണ് നിന്നത്. അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നു.
കാറിലുണ്ടായിരുന്ന നടുവണ്ണൂർ തലപ്പന സത്യൻ (55), ബാലുശ്ശേരി മന്ദങ്കാവ് ചേനാത്ത് സുരേഷ് ബാബു (40), തിക്കോടി മുതിരക്കാലിൽ സുർജിത്ത് (37) എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ സത്യന്റെ പരുക്ക് അതീവ ഗുരുതരമാണ്.

