നിയന്ത്രണം വിട്ട ബൈക്ക് പാഞ്ഞു കയറി റോഡരികിൽ നിന്ന കുട്ടിയ്ക്കടക്കം നാലു പേർക്ക് പരിക്കേറ്റു. മുതുകുളം വടക്ക് സ്വദേശി ഭാഗ്യശ്രീ (23), ഇവരുടെ സഹോദരീ പുത്രൻ രണ്ടു വയസ്സുകാരൻ ശ്രേയാലിനും ബൈക്ക് യാത്രികരായ രണ്ടു യുവാക്കൾക്കുമാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് മുതുകുളം ഹൈസ്കൂൾ ജംഗ്ഷനിലാണ് അപകടം ഉണ്ടായത്. തെക്കുഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്ക് റോഡിന്റ പടിഞ്ഞാറു ഭാഗത്തിരുന്ന മൂന്നു ഇരുചക്രവാഹനങ്ങളും കടയുടെ പരസ്യസ്റ്റാൻഡും ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തെറിച്ച സ്കൂട്ടറുകൾ അരികിൽ നിന്ന കുട്ടിയുടെ ദേഹത്തേക്കാണ് മറിഞ്ഞത്.
നെറ്റിയ്ക്ക് പരിക്കേറ്റ ശ്രേയാൽ മാവേലിക്കരയിലുളള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഭാഗ്യശ്രീയുടെ പരിക്ക് സാരമുളളതല്ല. ബൈക്ക് യാത്രികരായ യുവാക്കൾ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. എതിരേ വന്ന വാഹനം റോഡിലെ കുഴി ഒഴിവാക്കാനായി കുറച്ചു വലത്തേക്ക് കയറിയാണ് വന്നത്. ബൈക്ക് യാത്രികർ അപ്രതീക്ഷിതമായി എതിരേ ഈ വാഹനം കണ്ടു വെട്ടിച്ചതാണ് അപകടത്തിന് കാരണമെന്ന് പറയുന്നു. ഇവിടെ റോഡിന് ചെറിയ വളവുമുണ്ട്.

