സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്ക് അനുയോജ്യമായി കണ്ടെത്തിയ 654 തസ്തികകൾക്ക് നാല് ശതമാനം സംവരണം അനുവദിച്ച് ഉത്തരവായതായി സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു. ഭിന്നശേഷിക്കാരുടെ അവകാശങ്ങൾ ‑2016 ആക്ടിന്റെ സെക്ഷൻ 34 പ്രകാരമാണ് ഭിന്നശേഷി സംവരണം മൂന്നിൽ നിന്ന് നാലായി ഉയർത്തിയത്. ഭിന്നശേഷി വിഭാഗക്കാർക്ക് അനുയോജ്യമായ തസ്തികകൾ കണ്ടെത്തുന്നതിന് രൂപീകരിച്ച വിദഗ്ധ സമിതിയാണ് വിവിധ വകുപ്പുകളിൽ 654 തസ്തികകൾ കണ്ടെത്തിയത്.
കാഴ്ചയില്ലാത്തവർ, കാഴ്ച പരിമിതിയുള്ളവർ, ബധിരർ, കേൾവി പരിമിതിയുള്ളവർ, സെറിബ്രൽ പാൾസി രോഗബാധിതർ, കുഷ്ഠരോഗം ഭേദമായവർ, ഹ്രസ്വകായർ, ആസിഡ് ആക്രമണത്തിന് ഇരയായവർ, മസ്കുലാർ ഡിസ്ട്രോഫി, ചലന ശേഷി നഷ്ടപ്പെട്ടവർ, ഓട്ടിസം ബാധിതർ, ബുദ്ധിവൈകല്യമുള്ളവർ, പ്രത്യേക പഠന വൈകല്യമുള്ളവർ,മാനസികരോഗമുള്ളവർ, ഒന്നിലധികം വൈകല്യങ്ങൾ ഉള്ളവർ എന്നീ ഭിന്നശേഷി വിഭാഗങ്ങൾക്ക് ബന്ധപ്പെട്ട തസ്തികകളിൽ ഉത്തരവിന്റെ ആനുകൂല്യം ലഭിക്കും.
ഡെപ്യൂട്ടി കളക്ടർ, അസിസ്റ്റന്റ് എൻജിനീയർ, സംസ്ഥാന ഓഡിറ്റ് വകുപ്പിൽ ഓഡിറ്റർ, സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, നിയമ വകുപ്പിൽ ലീഗൽ അസിസ്റ്റന്റ്, ഗവർണർസ് സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ലെജിസ്ലേച്ചൽ സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, അഗ്രിക്കൾച്ചറൽ ഓഫീസർ, അഗ്രിക്കൾച്ചറൽ അസിസ്റ്റന്റ്, വെറ്ററിനറി സർജൻ, മൃഗ സംരക്ഷണ വകുപ്പിൽ സയന്റിഫിക് അസിസ്റ്റന്റ്, റിസർച്ച് അസിസ്റ്റന്റ്, വിവിധ വകുപ്പുകളിൽ അസിസ്റ്റന്റ് പ്രൊഫെസർ, തുടങ്ങി 654 തസ്തികകളിലാണ് ഭിന്നശേഷി സംവരണത്തിന് അനുയോജ്യമായി കണ്ടെത്തിയിരിക്കുന്നത്.
English Summary:Four percent reservation for differently abled in 654 posts: Minister R Bindu
You may also like this video