Site icon Janayugom Online

നാലുവർഷ ബിരുദം: അധ്യാപക തസ്തികകൾ നിലനിർത്തും

നാലുവർഷ ബിരുദം ആരംഭിക്കുന്ന സർക്കാർ, എയ്ഡഡ് കോളജുകളിലെ നിലവിൽ അനുവദിക്കപ്പെട്ട മുഴുവൻ അധ്യാപക തസ്തികകളും നിലനിർത്തും. ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും തമ്മിൽ നടന്ന ചർച്ചയിലാണ് തീരുമാനം.
നാളെ ആരംഭിക്കുന്ന ആദ്യബാച്ചിന്റെ പഠനം പൂർത്തിയാകുന്നതുവരെ നിലവിൽ അനുവദിക്കപ്പെട്ടിട്ടുള്ള സേവന വ്യവസ്ഥകളും തസ്തികകളും തൽസ്ഥിതി നിലനിർത്തി തുടരാനാണ് തീരുമാനം. വിദ്യാർത്ഥികൾക്ക് ആവശ്യമായ മേജർ, മൈനർ, ഫൗണ്ടേഷൻ കോഴ്സുകൾ നൽകുന്നതിന് ഗസ്റ്റ് അധ്യാപക സേവനം ഉറപ്പാക്കാനും ധാരണയായി. 

നെറ്റ് പരീക്ഷാ തീയതി പ്രഖ്യാപിച്ചു 

ന്യൂഡൽഹി: ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയെത്തുടര്‍ന്ന് മാറ്റിവച്ച യുജിസി നെറ്റ് പരീക്ഷയുടെ പുതുക്കിയ തീയതികൾ പ്രഖ്യാപിച്ചു.
യുജിസി നെറ്റ് ഓഗസ്റ്റ് 21 മുതൽ സെപ്റ്റംബർ നാല് വരെയാണ് നടക്കുന്നത്. നേരത്തെ ഓഫ്‌ലൈനായി നടത്തിയിരുന്ന യുജിസി നെറ്റ് പരീക്ഷ, ഇനി മുതൽ പുതുക്കിയ മാനദണ്ഡമനുസരിച്ച് ഓണ്‍ലൈനാക്കി. ശാസ്ത്ര സാങ്കേതിക വിഷയങ്ങളിലേക്കുള്ള സിഎസ്ഐആര്‍– യുജിസി നെറ്റ് പരീക്ഷ ജൂലൈ 25നും 27നുമിടയിൽ നടത്തും.
ഓള്‍ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് എന്‍ട്രന്‍സ് ടെസ്റ്റ് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം ജൂലൈ ആറിന് തന്നെ നടക്കും. മാറ്റിവച്ച നാല് വര്‍ഷത്തെ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എഡ്യൂക്കേഷന്‍ പ്രോഗ്രാമിന്റെ (ഐടിഇപി) പ്രവേശനത്തിനായുള്ള ദേശീയ പൊതുപ്രവേശന പരീക്ഷ (എന്‍സിഇടി) ജൂലൈ പത്തിനും നടക്കും.
ക്രമക്കേട് നടന്നെന്ന കണ്ടെത്തലിനെ തുടർന്നാണ് ജൂൺ 18ന് നടന്ന യുജിസി നെറ്റ് പരീക്ഷ റദ്ദാക്കിയത്. രണ്ട് ഘട്ടങ്ങളിലായി നടന്ന പരീക്ഷയാണ് റദ്ദാക്കിയത്. 11 ലക്ഷം പേരാണ് പരീക്ഷ എഴുതിയിരുന്നത്. 

Eng­lish Sum­ma­ry: Four-year degree: Teach­ing posts will be retained

You may also like this video

Exit mobile version