Site iconSite icon Janayugom Online

മന്ത്രി എ കെ ശശീന്ദ്രനും, തോമസ് കെ തോമസിനും മുന്നറിയിപ്പുമായി ഫ്രബുല്‍ പട്ടേല്‍; പവാറിനൊപ്പം നിന്നാല്‍ ആയോഗ്യരാക്കും

എംഎല്‍എ സ്ഥാനം രാജിവെയ്ക്കണമെന്ന് മന്ത്രി എ കെ ശശീന്ദ്രനും, എന്‍സിപി സംസ്ഥാന പ്രസിഡന്റ് തോമസ് കെ തോമസിനും എന്‍സിപി ദേശീയ പ്രസിഡന്റ് പ്രഫുല്‍ പട്ടേലിന്റെ മുന്നറിയിപ്പ്. ശരദ് പവാറിനൊപ്പം തുടര്‍ന്നാല്‍ എംഎല്‍എ സ്ഥാനത്തു നിന്നും അയോഗ്യരാക്കുമെന്ന് ഇവര്‍ക്ക് അയച്ചകത്തില്‍ പ്രഫുല്‍ പട്ടേല്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ കേരളത്തിലെ എന്‍സിപി എംഎല്‍എമാര്‍ പവാറിനൊപ്പമാണെന്ന് തോമസ് കെ തോമസ് പറഞ്ഞു.

കേരളത്തിലെ എംഎല്‍എമാര്‍ ശരദ് പവാറിനൊപ്പം തുടരുന്നതിനാല്‍ മെയ് 31നുള്ളില്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട പ്രഫുല്‍ പട്ടേല്‍ രണ്ട് എംഎല്‍എമാര്‍ക്കും നേരത്തെ കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇരുവരും അതിന് വിശദീകരണം നല്‍കാത്ത സാഹചര്യത്തിലാണ് പുതിയ കത്ത് അയച്ചിരിക്കുന്നത്. ജൂലൈ നാലിന് അയച്ച കത്തില്‍ ഇരുവരും കടുത്ത പാര്‍ട്ടി അച്ഛടക്കലംഘനമാണ് നടത്തിയതെന്നും വിശദീകരണം നല്‍കാത്ത പക്ഷം ഇരുവരെയും ആറ് വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതായും ഉടന്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്നും അല്ലാത്ത പക്ഷം അയോഗ്യരാക്കുമെന്നും കത്തില്‍ പറയുന്നു.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍സിപി സ്ഥാനാര്‍ഥികളായ എകെ ശശീന്ദ്രനും തോമസ് കെ തോമസും ക്ലോക്ക് അടയാളത്തിലാണ് മത്സരിച്ച് ജയിച്ചത്. പിന്നീട് എന്‍സിപി പിളര്‍ന്നതിനെ തുടര്‍ന്ന് അജിത് പവാറാണ് ഔദ്യോഗിക എന്‍സിപിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. കേന്ദ്രത്തില്‍ എന്‍ഡിഎയ്‌ക്കൊപ്പമാണ് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി. എന്നാല്‍ ആ എന്‍സിപിയുടെ ഭാഗമായ ശശീന്ദ്രനും തോമസ് കെ തോമസു എല്‍ഡിഎഫില്‍ തുടരുന്നതിനെതിരെ പ്രതിപക്ഷം ഉള്‍പ്പടെ രംഗത്തുവന്നിരുന്നു.

എന്നാല്‍ സംസ്ഥാനത്തെ എന്‍സിപി എംഎല്‍എമാര്‍ പവാറിനൊപ്പം തുടരുമെന്ന് തോമസ് കെ തോമസ് പറഞ്ഞു. അവര്‍ക്ക് മറ്റ് പണിയില്ലാത്തതിനാലാണ് കത്തയച്ചിരിക്കുന്നത്. പവാറിനൊപ്പം തുടരുന്നവരില്‍ പലരും ക്ലോക്ക് ചിഹ്നത്തില്‍ ജയിച്ചവരാണെന്നും തോമസ് ചാണ്ടി പറഞ്ഞു.

Exit mobile version