2024ലാണ് അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കേണ്ടത്. 2014 പോലെയോ 2019 പോലെയോ അത്ര എളുപ്പത്തില്‍ ജയിക്കുക സാധ്യമല്ല 2024ല്‍ എന്ന് നല്ല ബോധ്യംവന്ന ബിജെപിയും എന്‍ഡിഎയും അതിനെ മറികടക്കുവാനുള്ള കുതന്ത്രങ്ങളുടെ പണിപ്പുരയിലാണ്. അതിന്റെ ഭാഗമായാണ് നല്കിയ എല്ലാ വാഗ്ദാനങ്ങള്‍ക്കും മേലെ അടയിരുന്ന് വീണ്ടും മടിയില്ലാതെ പ്രഖ്യാപനങ്ങള്‍ നടത്തുന്നത്. ഒന്നര വര്‍ഷത്തിനിടെ പത്തുലക്ഷം പേര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സര്‍വീസില്‍ തൊഴില്‍ നല്കുമെന്നാണ് പുതിയ പ്രഖ്യാപനമുണ്ടായിരിക്കുന്നത്. ഇന്ത്യയിലെ തൊഴിലില്ലായ്മ രൂക്ഷമാണെന്നും അത് തൊഴില്‍രഹിത യുവത്വത്തെ പ്രകോപിപ്പിക്കുന്നുണ്ടെന്നും സമ്മതിദായകരിലെ വലിയൊരു പങ്കുള്ള ചെറുപ്പത്തെ ക്ഷുഭിതരാക്കുന്നത് അത്ര നല്ലതല്ലെന്നും ബോധ്യപ്പെട്ടിടത്തുനിന്നാണ് ഈ പുതിയ വാഗ്ദാനം പിറവികൊള്ളുന്നത്. അതിലൂടെ പക്ഷേ ചെറുപ്പക്കാരുടെ കണ്ണില്‍ പൊടിയിടാനാകില്ലെന്ന് മനസിലാക്കുന്നത് നല്ലതാണ്. കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളില്‍ അപ്രഖ്യാപിത നിയമന നിരോധനമേര്‍പ്പെടുത്തിയത് ബിജെപി സര്‍ക്കാര്‍ തന്നെയാണ്. പൊതുമേഖലാ സംരംഭങ്ങളെ വിറ്റൊഴിവാക്കുകയും സര്‍ക്കാര്‍ സേവനങ്ങളെ അപ്രസക്തമാക്കുകയും ചെയ്യുകയെന്നത് ആഗോളവല്ക്കരണ — ഉദാരവല്ക്കരണ സാമ്പത്തിക നയത്തിന്റെ അടിത്തറ സ്തംഭങ്ങളില്‍ ഒന്നാണ്. കോണ്‍ഗ്രസാണ് ആ നയസമീപനങ്ങളുടെ ഇന്ത്യന്‍ ഉപജ്ഞാതാക്കളെങ്കിലും മോഡിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ എട്ടുവര്‍ഷമായി കോണ്‍ഗ്രസിനെക്കാള്‍ വിശ്വസ്തവിധേയരായി ആ നയങ്ങള്‍ നടപ്പിലാക്കി വരികയാണ്. അതുകൊണ്ടുതന്നെയാണ് പൊതുമേഖലാ വില്പനയും കേന്ദ്ര സര്‍ക്കാരിനു കീഴിലെ നിയമന നിരോധനവും ശക്തമായത്. വിവിധ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളില്‍ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 8.72 ലക്ഷം തസ്തികകളാണ് ഒഴിഞ്ഞുകിടക്കുന്നത്. അതുതന്നെ 2020 വരെയുള്ള കണക്കാണ്. അതിനു പിന്നീടുള്ള രണ്ടുവര്‍ഷം ഉണ്ടായ ഒഴിവുകള്‍ കൂടി ചേരുമ്പോള്‍ അത് പത്തു ലക്ഷത്തിലധികം കടക്കും.
ഇതുകൂടി വായിക്കാം; പ്രതിരോധ സേനയിലെ പരിഷ്കാര വെെകൃതങ്ങള്‍ അപലപനീയം
അനൗദ്യോഗിക കണക്കുകള്‍ പ്രകാരമാണെങ്കില്‍ ഒഴിവുകളുടെ എണ്ണം 25 ലക്ഷത്തിലധികമാണ്. പൊതുമേഖല സ്ഥാപനങ്ങളിലുണ്ടായിരുന്ന തസ്തികകള്‍ കൂടി കണക്കിലെടുത്താല്‍ അത് നാല്പതു ലക്ഷത്തിലധികമാകും. ആറുമാസം മുമ്പുള്ള റിപ്പോര്‍ട്ട് അനുസരിച്ച് രാജ്യത്ത് പൊതുമേഖലാ ബാങ്കുകളില്‍ 41,000ത്തിലധികം തസ്തികകള്‍ ഒഴിഞ്ഞുകിടപ്പാണ്. കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനങ്ങളിലെ തസ്തികകള്‍ ഒഴിച്ചിട്ട് അതിന് കാവല്‍ കിടന്ന മോഡിയാണ് തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തുന്ന ഘട്ടത്തില്‍ പത്തു ലക്ഷം പേര്‍ക്ക് ഉടന്‍ തൊഴില്‍ നല്കുമെന്ന വാഗ്ദാനം നല്കുന്നത്. അതിനര്‍ത്ഥം ഒരു ദിവസം ശരാശരി 1800ലധികം നിയമനങ്ങള്‍ നടത്തിയിരിക്കുമെന്നാണ്. അതിന്റെ സാധ്യത പരിശോധിക്കുന്നതിന് മുമ്പ് നേരത്തെ ബിജെപി നല്കിയ തെരഞ്ഞെടുപ്പ് വാഗ്ദാനത്തെ കൂടി ഓര്‍ക്കേണ്ടതുണ്ട്. പ്രതിവര്‍ഷം രണ്ടു കോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നായിരുന്നു ആ വാഗ്ദാനം. എട്ടുവര്‍ഷത്തിനിടെ 16 കോടി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടിരിക്കണമെന്നര്‍ത്ഥം. അതുണ്ടായില്ലെന്നു മാത്രമല്ല കേന്ദ്ര സര്‍ക്കാരിനു കീഴിലെ നിയമനങ്ങള്‍ പോലും യഥാസമയം നടത്താതിരിക്കുകയാണ് ചെയ്തത്. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമിയുടെ കണക്കനുസരിച്ച് 2021 ഡിസംബറില്‍ രാജ്യത്ത് തൊഴിലില്ലാത്തവരുടെ എണ്ണം 5.3 കോടിയാണ്. ഓരോ വര്‍ഷവും തൊഴിലില്ലായ്മാ നിരക്ക് കൂടിക്കൊണ്ടിരിക്കുകയുമാണ്. 2020ല്‍ 7.11 ശതമാനമായിരുന്നു തൊഴിലില്ലായ്മാ നിരക്കെങ്കില്‍ 2021ല്‍ അത് 7.90 ശതമാനമായി. ഈ പശ്ചാത്തലത്തില്‍വേണം കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം പ്രായോഗിക തലത്തിലെത്തുമോ എന്ന് പരിശോധിക്കപ്പെടേണ്ടത്. യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ (യുപിഎസ്‌സി), സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ (എസ്എസ്‌സി), റയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡ്(ആര്‍ആര്‍ബി) എന്നിവയാണ് കേന്ദ്ര സര്‍ക്കാര്‍ സര്‍വീസിലെ നിയമനങ്ങള്‍ നടത്തുന്നത്.
ഇതുകൂടി വായിക്കാം; ശ്രീലങ്ക ഒരു പാഠമാണ്
ബാങ്കിങ് മേഖലയില്‍ നിയമനത്തിന് പ്രത്യേക സംവിധാനമുണ്ട്. 2016 മുതല്‍ 21 വരെയുള്ള അഞ്ചുവര്‍ഷം യുപിഎസ്‌സി, എസ്എസ്‌സി, ആര്‍ആര്‍ബി എന്നീ മൂന്ന് സ്ഥാപനങ്ങളും കൂടി ചേര്‍ന്ന് നടത്തിയ നിയമനങ്ങളുടെ എണ്ണം നാലര ലക്ഷത്തിനു താഴെയായിരുന്നു. അവരാണ് ഓരോ ദിവസവും 1800ലധികം നിയമനങ്ങള്‍ നടത്തി തീര്‍ക്കേണ്ടത്. നിയമന പ്രക്രിയ സാധാരണ നിലയില്‍ പൂര്‍ത്തിയാകുന്നതിനു തന്നെ മാസങ്ങളെടുക്കുമെന്നതാണ് ഇപ്പോഴത്തെ അവസ്ഥ. ഓരോ തസ്തികയ്ക്കും അപേക്ഷ ക്ഷണിച്ച് പരിശോധന നടത്തിയും പരീക്ഷ നടത്തിയും നിയമന യോഗ്യതയുള്ളവരെ തിരഞ്ഞെടുക്കുകയെന്ന പ്രക്രിയ പൂര്‍ത്തിയാക്കുന്നതിന് മതിയായ കാലയളവ് പോലും നല്കാതെയാണ് മോഡിയുടെ വാഗ്ദാനമുണ്ടായിരിക്കുന്നത്. ഇതെല്ലാം കൊണ്ടുതന്നെ പ്രഖ്യാപനം പാഴ്‌വാക്കാകുമെന്നുറപ്പാണ്. ഒരിക്കല്‍കൂടി രാജ്യത്തെ തൊഴിലില്ലാ പടയെ പറഞ്ഞു പറ്റിക്കുന്നതിനാണ് ഈ പ്രഖ്യാപനമെന്ന് മനസിലാക്കുവാന്‍ വലിയ ആലോചനകള്‍ ആവശ്യമില്ലെന്നര്‍ത്ഥം. ഇന്ത്യയിലെ തൊഴിലില്ലായ്മ ഗുരുതരമാണെന്നും നിയമന നിരോധനം യാഥാര്‍ത്ഥ്യമാണെന്നും ഭംഗ്യന്തരേണ സമ്മതിക്കുന്നുവെന്നതു മാത്രമാണ് ഈ പ്രഖ്യാപനത്തിന്റെ പ്രത്യേകത.
You may also like this video;