ലണ്ടനിലെ ഒരു ഹോട്ടലിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് ഒരു കോടി 17 ലക്ഷം രൂപയുടെ തട്ടിപ്പ്. സിനിമ സംവിധായകയായ ഹസീനയും സുഹൃത്ത് ബിജു ഗോപിനാഥും ചേർന്നാണ് തിരുവനന്തപുരം സ്വദേശിയായ സുനിലിനെ കബളിപ്പിച്ചത്.
മ്യൂസിയം പൊലീസ് ഹസീനയ്ക്കും ബിജു ഗോപിനാഥിനുമെതിരെ ഈ മാസം മൂന്നാം തീയതിയാണ് കേസെടുത്തത്. ലണ്ടൻ ഈസ്റ്റ് ഹാമിലെ ‘തട്ടുകട’ എന്ന ഹോട്ടലിൽ പങ്കാളിത്തം നൽകാമെന്ന് പറഞ്ഞാണ് 1,17,41,700 രൂപ തട്ടിയെടുത്തത്. ഈ തട്ടിപ്പ് വാർത്തയായതോടെ പരാതിക്കാരനെ വെല്ലുവിളിച്ചുകൊണ്ട് രണ്ടാം പ്രതിയായ ബിജു ഗോപിനാഥ് രംഗത്തെത്തി. താനാണ് പണം വാങ്ങിയതെന്നും, വാർത്ത കൊടുത്തതുകൊണ്ട് ഇനി പണം തിരികെ നൽകില്ലെന്നും പറയുന്ന ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്. ഒന്നാം പ്രതിയായ ഹസീനയുമായുള്ള പണമിടപാടുകളെക്കുറിച്ചും ബിജു ഗോപിനാഥ് ശബ്ദരേഖയിൽ വിശദമാക്കുന്നുണ്ട്. നിലവിൽ യുകെയിലുള്ള പ്രതികളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് പരാതിക്കാര്‍ ആവശ്യപ്പെട്ടു.

