Site icon Janayugom Online

വാട്സ് ആപ്പ് വഴി തട്ടിപ്പ്; മെഡിക്കല്‍ വിദ്യാര്‍ത്ഥിക്ക് പണം നഷ്ടമായി

whatsapp

ഓൺലൈൻ തട്ടിപ്പിലൂടെ പണം നഷ്ടപ്പെട്ട അമ്പലപ്പുഴ കാക്കാഴം സ്വദേശിയുടെ പരാതിയിൻമേൽ ഐടി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം 31ന് കാക്കാഴം സ്വദേശിയായ മെഡിക്കൽ വിദ്യാർഥിയുടെ വാട്ട്സ്ആപ്പിൽ ഒരു മെസ്സേജ് വരുകയും, അതിൽ ടെലഗ്രാം ഓണ്‍ലൈന്‍ ട്രേഡ് ഗ്രൂപ്പായ ബി-ക്ലസ്റ്റര്‍ 2205 എന്ന ലിങ്കിൽ ജോയിൻ ചെയ്യാന്‍ ആവശ്യപ്പെട്ടു. അതിൽ പറഞ്ഞതനുസരിച്ച് ഗൂഗിളിൽ ഓരോ കമ്പനികളെയും, ഹോട്ടലുകളെയും പറ്റി ഗൂഗിൾ റിവ്യൂ ചെയ്തു അവരുടെ അത്തരം സ്ഥാപനങ്ങളുടെ റേറ്റിംഗ് കൂട്ടുന്ന 22 ടാസ്ക് കംപ്ലീറ്റ് ചെയ്തു. അതിൽ ആദ്യത്തെ 4 ടാസ്ക് ഫ്രീ ആയി കൊടുക്കുകയും അഞ്ചാമത്തെ ടാസ്ക് ചെയ്യണമെങ്കിൽ 1000 രൂപ പേയ്മെന്റ് ചെയ്യണമെന്ന് പറഞ്ഞതനുസരിച്ച് 1000 രൂപ 31ന് കൊടുക്കുകയും ആയതിന്റെ കമ്മീഷൻ അടക്കം 1300 രൂപ ക്രെഡിറ്റ് ആവുകയും ചെയ്തു. 

പിന്നീട് 9-ാം ടാസ്ക് വരെ സൗജന്യമായി റിവ്യൂ ചെയ്യുന്ന ടാസ്കുകൾ കിട്ടുകയും തുടർന്നുള്ള ടാസ്കുകൾ കംപ്ലീറ്റ് ചെയ്യണമെങ്കിൽ 33,000 രൂപ അക്കൗണ്ടിൽ ഇട്ട് കൊടുക്കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് പണം ഇട്ട് കൊടുക്കുകയും അതിന്റെ കമ്മീഷൻ ഉൾപ്പടെ 43,000 രൂപയായി എന്നുള്ള അറിയിപ്പ് വിദ്യാർത്ഥിക്ക് കിട്ടുകയും ചെയ്തു. തുടർന്നുള്ള രണ്ട് ടാസ്ക് കംപ്ലീറ്റ് ചെയ്യണമെങ്കിൽ 98,000 രൂപ അയക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പണം അയച്ച് കൊടുക്കുകയും തുടർന്ന് അടുത്ത ടാസ്കിൽ പങ്കെടുത്ത് 2,00,000 രൂപ ഇട്ട് കൊടുത്താൽ 3,50,000 രൂപ ആയി തിരികെ കിട്ടുമെന്നും പറഞ്ഞു. ഇല്ലെങ്കിൽ ഇതുവരെ അടച്ച 131000 രൂപ കിട്ടില്ല എന്ന് പറഞ്ഞപ്പോഴാണ് ചതി മനസിലാക്കി പോലീസിൽ പരാതി നൽകിയത്. തുടർന്ന് അമ്പലപ്പുഴ പോലീസ് സ്റ്റേഷനിൽ ഐടി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ജാർഖണ്ഡിലെ റായ്പൂറിലും, ഗുജറാത്തിലെ അഹമ്മദാബാദിലുമുള്ള അക്കൗണ്ടുകളിലേക്കാണ് പണം ക്രെഡിറ്റായതെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടതായി അമ്പലപ്പുഴ ഇൻസ്പെക്ടർ എസ് ദ്വിജേഷ് അറിയിച്ചു. 

Eng­lish Sum­ma­ry: Fraud through What­sApp; Med­ical stu­dent lost money

You may also like this video

Exit mobile version