Site iconSite icon Janayugom Online

പകുതി വിലക്ക് ഗൃഹോപകരണങ്ങള്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മലപ്പുറത്ത് ഒരാള്‍ അറസ്റ്റില്‍

പകുതി വിലക്ക് ഗൃഹോപകരണങ്ങള്‍ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഒരാളെ മലപ്പുറം തീരൂരങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ വടക്കാ‍ഞ്ചേരി സ്വദേശിയായ അക്ബര്‍ ആണ് പിടിയിലായത്.ഇലക്ട്രോണിക് ഉപകരണങ്ങളുടെ വിൽപ്പനശാലയിലെ ജീവനക്കാരനാണെന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്. 

വീടുകൾ സന്ദർശിച്ച് ആകർഷകമായ ഓഫറുകൾ നൽകി ഉപഭോക്താക്കളെ വലയിലാക്കുകയായിരുന്നു പ്രതിയുടെ രീതി. പകുതി വിലക്ക് വീട്ടുപകരണങ്ങൾ നൽകാമെന്ന് വിശ്വസിപ്പിച്ച് ആളുകളിൽ നിന്ന് പണം വാങ്ങിയ ശേഷം മുങ്ങുകയാണ് ഇയാൾ ചെയ്തിരുന്നത്.നിരവധി ആളുകൾക്ക് പണം നഷ്ടപ്പെട്ടതായി പൊലീസിന് പരാതി ലഭിച്ചിരുന്നു. 

കക്കാട് സ്വദേശിയായ യുവതിയുടെ പരാതിയിലാണ് ഇപ്പോൾ പൊലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അക്ബറിനെ പൊലീസ് പിടികൂടിയത്. തട്ടിപ്പിന് ഇരയായവർ എത്രയും പെട്ടെന്ന് പൊലീസുമായി ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു. ഇത്തരം തട്ടിപ്പുകളെക്കുറിച്ച് ജാഗ്രത പുലർത്തണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Exit mobile version