Site icon Janayugom Online

സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും സൗജന്യ ഭക്ഷ്യക്കിറ്റ് മുടക്കില്ലെന്ന് മന്ത്രി ജി ആർ അനിൽ

G R Anil

സാമ്പത്തിക പ്രയാസങ്ങൾ നേരിടുന്നുണ്ടെങ്കിലും സൗജന്യ ഭക്ഷ്യകിറ്റ് വിതരണം നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ജി ആർ അനിൽ. ഇപ്പോൾ കിറ്റ് വിതരണം ചെയ്യുന്നതിൽ ചെറിയ ബുദ്ധിമുട്ട് ഉണ്ടെന്നത് യാഥാർത്ഥ്യമാണ്. മുൻഗണന വിഭാഗങ്ങൾക്ക് മാത്രം നൽകിയാൽ പോരെ എന്ന ചോദ്യം പല കോണുകളിൽ നിന്നും ഉയരുന്നുണ്ട്. എന്നാൽ സർക്കാർ എല്ലാ വിഭാഗങ്ങളേയും ഒരേപോലെയാണ് കാണുന്നതെന്നും ജി ആർ അനിൽ പറഞ്ഞു. ഇക്കാര്യത്തിൽ ചർച്ചചെയ്ത് തീരുമാനമെടുക്കുമെന്നും മന്ത്രി പ്രതികരിച്ചു.

 


ഇതുകൂടി വായിക്കൂ: കേന്ദ്ര വിഹിതമായ അരി എത്തുന്നത് കീറച്ചാക്കുകളില്‍; കത്ത് നല്‍കി മന്ത്രി ജി ആര്‍ അനില്‍


 

സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം സർക്കാർ അവസാനിപ്പിച്ചെന്ന തരത്തിൽ നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു. കൊവിഡ് വ്യാപനം തുടങ്ങിയ 2020 ഏപ്രിൽ‑മെയ് മാസങ്ങളിലാണ് സൗജന്യ കിറ്റ് നൽകിത്തുടങ്ങിയത്. കഴിഞ്ഞ മാസം വരെ ഭക്ഷ്യക്കിറ്റ് വിതരണം തുടരുകയും ചെയ്തു. ഓണക്കാലംവരെ 13 തവണയാണ് കിറ്റ് വിതരണം നടത്തിയത്. ഏകദേശം 11 കോടി കിറ്റുകളാണ് ആകെ നൽകിയത്. മാസം ശരാശരി 350–400 കോടി രൂപ ചെലവിട്ടെന്നും കണക്കുകൾ സൂചിപ്പിക്കുന്നു. 11 കോടി കിറ്റുകൾക്കായി 5200 കോടി രൂപയാണ് സർക്കാർ ചെലവിട്ടത്.
സർക്കാരിന്റ ഭക്ഷ്യക്കിറ്റ് വിതരണം ദേശീയ തലത്തിൽ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ജനങ്ങളുടെ പിന്തുണയും ഇക്കാര്യത്തിൽ സർക്കാരിന് ലഭിച്ചു. ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ പ്രഖ്യാപിത പരിപാടിയുടെ ഭാഗമാണ് സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം.

 

Eng­lish Summary:Free kits not stopped: Food Min­is­ter G R Anil

You may like this video also

Exit mobile version