സംസ്ഥാനത്ത് എവിടെയും കാൻസർ ചികിത്സയ്ക്കായി സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ പോകുന്ന രോഗികൾക്ക് കെഎസ്ആർടിസി ബസുകളിൽ യാത്ര പൂര്‍ണമായും സൗജന്യമായിരിക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ നിയമസഭയില്‍ പ്രഖ്യാപിച്ചു. സൂപ്പർഫാസ്റ്റ് വരെയുള്ള സർവീസുകളിലാണ് ഇളവെന്നും മന്ത്രി ചോദ്യോത്തരവേളയില്‍ പറഞ്ഞു. ഡോക്ടർ നല്‍കുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലുള്ള പാസ് മുഖേനയാണ് സൗജന്യ യാത്ര അനുവദിക്കുന്നത്. ഇത് കേള്‍ക്കുമ്പോള്‍ ചാണ്ടി ഉമ്മനും, എല്‍ദോസ് കുന്നപ്പിള്ളിലിനുമൊക്കെ ഷെയിം ആയി തോന്നിയതില്‍ തനിക്ക് സങ്കടമുണ്ട്.
ഇന്ന് മുതല്‍ പറയാൻ പോകുന്നത് യാത്രാസൗജന്യം ഉമ്മൻചാണ്ടി സര്‍ക്കാര്‍ കൊണ്ടുവന്നതാണെന്നായിരിക്കും. എന്നാല്‍ 2012ൽ ഉമ്മൻചാണ്ടി സര്‍ക്കാരിന്റെ കാലത്ത് ഓര്‍ഡിനറി, സിറ്റി സര്‍വീസുകളിലാണ് കാൻസര്‍ രോഗികള്‍ക്ക് 50% യാത്രാ ഇളവ് അനുവദിച്ചിരുന്നതെന്നും മന്ത്രി പറഞ്ഞു. പൊതുഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ദീർഘദൂര അന്തർസംസ്ഥാന സർവീസുകൾ എസിയാക്കും. ഊട്ടി, മൈസൂർ, ധനുഷ്കോടി, കൊടെക്കനാൽ, തിരുപ്പതി എന്നിവിടങ്ങളിലേക്കും സർവീസ് ആരംഭിക്കുന്നത് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.

