Site iconSite icon Janayugom Online

പാലിയേറ്റീവ് കെയര്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് സൗജന്യമായി വെള്ളം നല്‍കും: റോഷി അഗസ്റ്റിന്‍

പാലിയേറ്റീവ് കെയര്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്ക് സൗജന്യമായി വെള്ളം നല്‍കുമെന്ന് ജലസേചന മന്ത്രി റോഷി അഗസ്റ്റിന്‍. ഇക്കാര്യം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും അതുകൊണ്ടു തന്നെ ഇക്കാര്യം നിയമസഭ സമ്മേളനത്തില്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. വട്ടപ്പാറയില്‍ ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്‌പിറ്റലിന്റെ രണ്ടാമത്തെ സൗജന്യ ഹോസ്‌പിറ്റല്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഒരു ലക്ഷത്തി അറുപത്തിയെട്ടായിരം മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ നല്‍കിയതായി ഭക്ഷ്യ — പൊതു വിതരണ മന്ത്രി അഡ്വ. ജി ആര്‍ അനില്‍ പറഞ്ഞു. ആശുപത്രിയില്‍ ആരംഭിക്കുന്ന സൗജന്യ ഡയാലിസിസ് പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദുരിതം അനുഭവിക്കുന്നവര്‍ക്ക് റേഷന്‍ സാധനങ്ങള്‍ സര്‍ക്കാര്‍ വീടുകളിലെത്തിച്ചു നല്‍കുമെന്നും മന്ത്രി പറഞ്ഞു.

24 മണിക്കൂറും ലഭ്യമാകുന്ന എമര്‍ജന്‍സി ഹോം കെയര്‍സര്‍വീസിന്റെ ഉദ്ഘാടനം ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്‌പിറ്റല്‍സിന്റെ ചീഫ് പേട്രണും തൃശൂര്‍ ആര്‍ച്ച് ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത് നിര്‍വ്വഹിച്ചു. സൗജന്യ ഫിസിയോ തെറാപ്പിയുടെ ഉദ്ഘാടനം നെയ്യാറ്റിന്‍കര ബിഷപ്പ് മാര്‍. വിന്‍സെന്റ് സാമുവലാണ് നിര്‍വ്വഹിച്ചത്.

തിരുവനന്തപുരം ലൂര്‍ദ്ദ് പളളി വികാരി റവ. ഫാ മോറേലി കൈതപറമ്പില്‍ അധ്യക്ഷനായിരുന്നു. ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്‌പിറ്റല്‍സ് കോ ഫൗണ്ടറും സിഇഒയുമായ റവ. ഫാ. ജോയ് കൂത്തൂര്‍ ആമുഖ പ്രഭാഷണം നടത്തി. അടിയന്തര സാഹചര്യങ്ങളില്‍ ആംബുലന്‍സ് സഹായം ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ ഉറപ്പു വരുത്തുന്നതിനായി ശാന്തിഭവന്‍ വികസിപ്പിച്ചെടുത്ത എമര്‍ജന്‍സി കെയര്‍ ഡിവൈസായ ജോയ്‌സ് ടച്ചിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഏപ്രില്‍ 12 ന് നിര്‍വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി പ്രത്യേക എമര്‍ജന്‍സി കണ്‍ട്രോള്‍ ആരംഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ശാന്തിഭവന്‍ തിരുവനന്തപുരം പേട്രണ്‍ ഡോ. പി എസ് അബ്ദുല്ല താഹ മുഖ്യപ്രഭാഷണം നടത്തി.

Eng­lish summary;Free water for pal­lia­tive care orga­ni­za­tions: Roshi Augustine

You may also like this video;

Exit mobile version