Site iconSite icon Janayugom Online

‘ഡെയ്ഞ്ചർ കമ്യൂണിസ്റ്റ് ’ വിടവാങ്ങി

narayanannarayanan

1946 ഡിസംബർ 30 ന് കാവുമ്പായി കുന്നിൽ കർഷക സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന ഐതിഹാസിക പോരാട്ടത്തിൽ മുൻ നിരയിൽ പ്രവർത്തിച്ച, മുതിര്‍ന്ന സിപിഐ നേതാവ് ഇ കെ നാരായണൻ നമ്പ്യാർ (99) വിടവാങ്ങി.
സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്നു. തന്റെ ഇരുപതാം വയസിലാണ് 1946 ഡിസംബർ 30 ന് പിതാവ് തളിയൻ രാമൻ നമ്പ്യാരോടൊപ്പം നാരായണൻ നമ്പ്യാരും സമരമുഖത്തേക്ക് പുറപ്പെട്ടത്. പിന്നീട് ഒളിവിൽ പോയ നാരായണൻ നമ്പ്യാരെ 1948 ഒക്ടോബറിൽ മലബാർ സ്പെഷൽ പൊലീസ് പിടികൂടി ക്രൂര മർദ്ദനത്തിന് ഇരയാക്കി തലശ്ശേരി സബ്‌ജയിലിലും പിന്നീട് വിയ്യൂർ ജയിലിലും പാർപ്പിച്ചു. 37 വർഷം കഠിന തടവിന് വിധിച്ച നാരായണൻ നമ്പ്യാർ ഉൾപ്പെടെ 108 പേരെ 1949 ൽ സേലം ജയിലിലേക്ക് മാറ്റി. അവിടെ കൊടും കുറ്റവാളികള്‍ക്കുള്ള ബ്ലോക്കിൽ പാർപ്പിക്കുകയും കഠിന ജോലികൾ ചെയ്യിപ്പിക്കുകയും ചെയ്തു. മോഷ്ടാക്കൾക്ക് സമാനമായ രീതിയിലുള്ള ജയിൽ അധികൃതരുടെ പീഡനത്തിന് എതിരെ ശബ്ദമുയർത്തിയ തടവുകാർക്ക് നേരെ 1952 ഫെബ്രുവരി 11ന് ജയിലധികൃതർ വെടി ഉതിർക്കുകയായിരുന്നു. തന്റെ പിതാവ് തളിയൻ രാമൻ നമ്പ്യാർ ഉൾപ്പെടെ കൺമുന്നിൽ പിടഞ്ഞ് വീണ് മരിക്കുമ്പോള്‍ വെടിവയ്പ്പിൽ ഗുരുതര പരിക്കേറ്റ് മൃതപ്രായമായി കിടന്ന നാരായണൻ നമ്പ്യാരെ ആശുപത്രിയിലേക്ക് മാറ്റി. അദ്ദേഹത്തിന്റെ ശരീരത്തിൽ നീക്കം ചെയ്യാത്ത 22 വെടിയുണ്ടകൾ ഉണ്ടായിരുന്നു. കാവുമ്പായി സമരത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയായാണ് അദ്ദേഹവും അറിയപ്പെട്ടത്. പിൽക്കാലത്ത് നാരായണൻ നമ്പ്യാർ സിപിഐ പ്രവർത്തകരുടെ ആവേശം കൂടിയായിരുന്നു.

തിരുവനന്തപുരത്ത് മകന്റെ കൂടെ വിശ്രമജീവിതം നയിക്കുന്നതിനിടെ വാർധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ഇന്നലെ വൈകിട്ടായിരുന്നു അന്ത്യം. ഇന്ന് രാവിലെ കാവുമ്പായിലെ വീട്ടിൽ എത്തിക്കുന്ന മൃതദേഹം 7.30 മുതൽ പൊതുദർശനത്തിന് വച്ച് ഉച്ചക്ക് രണ്ടുമണിക്ക് വീട്ട് വളപ്പിൽ സംസ്കരിക്കും. ഭാര്യമാർ: പരേതരായ കാർത്ത്യായനിഅമ്മ, ശ്രീദേവി അമ്മ. മക്കൾ: പ്രസന്നകുമാരി, രാമചന്ദ്രൻ, ഉഷ, രുഗ്മിണി, ഗണേശ് കുമാർ, ശോഭ, രമണി വേണുഗോപാൽ. മരുമക്കൾ: കുഞ്ഞിരാമൻ, പുരുഷോത്തമൻ, ചന്തു, പത്മനാഭൻ, രേഷ്മ, വേണുഗോപാൽ, ഓമന.
ഭക്ഷ്യ വകുപ്പ് മന്ത്രി അഡ്വ. ജി ആര്‍ അനില്‍, സിപിഐ സംസ്ഥാന കൗണ്‍സില്‍ ഓഫീസ് സെക്രട്ടറി പി ബാബു, ജനയുഗം എക്സിക്യൂട്ടീവ് എഡിറ്റര്‍ അബ്ദുള്‍ ഗഫൂര്‍, നവയുഗം പത്രാധിപര്‍ ആര്‍ അജയന്‍ തുടങ്ങിയവര്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെത്തി അന്തിമോപചാരമര്‍പ്പിച്ചു. സംസ്കാരം നാളെ. 

Eng­lish Sum­ma­ry: Free­dom fight­er and com­mu­nist leader EK Narayanan Nam­biar passed away

You may also like this video

Exit mobile version