അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിയ സുനിത വില്യംസിനേയും ബുച്ച് വിൽമോറിനെയും തിരികെ കൊണ്ടുവരാനുള്ള സ്പേസ് എക്സ് ദൗത്യ സംഘം ബഹിരാകാശത്തെത്തി. സെപ്റ്റംബർ 26നായിരുന്നു ആദ്യം ദൗത്യം തുടങ്ങാൻ ഷെഡ്യൂൾ ചെയ്‌തിരുന്നത് എന്നാൽ ഫ്ലോറിഡയിലെ ഗൾഫ് തീരത്തെ ഹെലിൻ ചുഴലിക്കാറ്റ് ബാധിച്ചതിനെ തുടർന്നുണ്ടായ പ്രതികൂല കാലാവസ്ഥ കാരണം വിക്ഷേപണം മാറ്റിവെച്ചിരുന്നു. നാസയുടെ ബഹിരാകാശയാത്രികൻ നിക്ക് ഹേഗും റഷ്യൻ ബഹിരാകാശ സഞ്ചാരി അലക്സാണ്ടർ ഗോർബുനോവും ഉൾപ്പെടുന്ന ക്രൂവാണ്, ഫ്ലോറിഡയിലെ കേപ് കനാവറലിൽ നിന്നും ഇന്നലെ സ്പേസ് എക്സിൽ ദൗത്യത്തിനായി പുറപ്പെട്ടത്. ഫ്രീഡം എന്നാണ് ഡ്രാഗൺ പേടകത്തിന് നൽകിയിട്ടുള്ള പേര്. നാലുപേർക്ക് യാത്ര ചെയ്യാൻ സൗകര്യമുള്ള വാഹനമാണിത്. ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ളതാണ് സ്പേസ് എക്സ്.
രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയ നിക്കും അലക്സാൻഡറും സുനിത വില്യംസിനെയും ബുച്ച്മോറിനെയും ആലിംഗനം ചെയ്യുന്ന വിഡിയോ നാസ പുറത്തുവിട്ടു. 2025 ഫെബ്രുവരിയിലാണ് സുനിതയും ബുച്ച്മോറും ഭൂമിയിലേക്ക് തിരിച്ചെത്തുക. അതുവരെ നിക്കും അലക്സാൻഡറും അവർക്കൊപ്പം നിലയത്തിൽ തുടരും. ജൂൺ 5നാണ് 10 ദിവസത്തെ ബഹിരാകാശ ദൗത്യത്തിനായി സ്റ്റാർലൈനർ പേടകത്തിൽ സുനിതയും ബുച്ച്മോറും ഐഎസ്എസിലെത്തിയത്. പേടകത്തിൽ ഹീലിയം ചോർച്ചയുണ്ടായതോടെയാണ് തിരിച്ചുവരവ് പ്രതിസന്ധിയിലായത്.