മലയാള ഭാഷയില്‍ ‘വരികള്‍ക്കിടയില്‍ വായിക്കുക’ എന്നൊരു സാമാന്യ പ്രയോഗമുണ്ട്. വായിക്കുന്ന കാര്യങ്ങള്‍ സത്യസന്ധമായ വിലയിരുത്തലാകാം അല്ലാതെയും വരാം. കൃത്യമായ വിലയിരുത്തലിന് അവസരം നല്‍കിക്കൊണ്ട് കഴിഞ്ഞ ദിവസമുണ്ടായ രണ്ട് പ്രസ്താവനകള്‍ പരിശോധിക്കപ്പെടേണ്ടതും അവയ്ക്കിടയിലെ അര്‍ത്ഥതലങ്ങളുടെ വായന സാധിക്കേണ്ടതുമാണ്. രണ്ട് പ്രസ്താവനകളും ഒരേദിവസം ഒരേ രാഷ്ട്രീയ നിലപാടില്‍ നിന്നും ഒരേ വിഷയത്തെ സംബന്ധിച്ചുള്ളതുമായിരുന്നു. പ്രസ്താവന നടത്തിയവര്‍ അവരവരുടെ തലങ്ങളില്‍ ഉത്തരവാദപ്പെട്ടവരും ആണ് എന്നത് നിര്‍ണായകമാണ്. ഇതില്‍ ഒന്നാമത്തെ പ്രസ്താവന ഭാരതത്തിന്റെ പ്രധാനമന്ത്രിയില്‍ നിന്നും രണ്ടാമത്തേത് കോണ്‍ഗ്രസില്‍ നിന്നും പ്രധാനമന്ത്രിയുടെ പാര്‍ട്ടി വിലകൊടുത്ത് വാങ്ങിയ മണിപ്പൂര്‍ മുഖ്യമന്ത്രിയില്‍ നിന്നും ഉണ്ടായതാണ്. ഇവയുടെ പശ്ചാത്തലം മേയ് മൂന്നാം തീയതി ആരംഭിച്ച മണിപ്പൂരിലെ കലാപത്തിനിടയ്ക്ക് നാലാം തീയതി പീഡിപ്പിക്കപ്പെട്ട്, വിവസ്ത്രരാക്കപ്പെട്ട്, തെരുവിലൂടെ നടത്തപ്പെട്ട വനിതകളുടെ വീഡിയോ പുറത്തുവന്നതും. മണിപ്പൂരില്‍ അതുവരെ 79 ദിവസമായി നടന്നുവന്ന കലാപത്തെയും അതിക്രൂരമായ ആക്രമണങ്ങളെയും കുറിച്ച് പ്രധാനമന്ത്രി ആദ്യമായി പ്രതികരിച്ചു. പതിവിന്‍പടി ആരെങ്കിലും എഴുതിത്തയ്യാറാക്കി ഇരുവശത്തും ഉറപ്പിച്ച് നിര്‍ത്തുന്ന ടെലിപ്രോംപ്റ്ററില്‍ ലഭിക്കാത്തതുകൊണ്ടാണോ അദ്ദേഹം അതുവരെ ഒന്നും മിണ്ടാതിരുന്നത് എന്ന് സംശയിക്കണം. അദ്ദേഹം വീഡിയോയില്‍ കണ്ട വിഷയത്തെ ആധാരമാക്കി മാത്രമാണ് സംസാരിച്ചത്. അതും പ്രതിപക്ഷത്തുള്ള കോണ്‍ഗ്രസ് പാര്‍ട്ടി അധികാരത്തിലിരിക്കുന്ന രാജസ്ഥാനിലും ഛത്തീസ്ഗഢിലും സമാനമായി സ്ത്രീകള്‍ക്കെതിരെ അതിക്രമം നടക്കുന്നു എന്ന മുഖവുരയോടെ. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ തക്കതായ നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിമാരോട് താന്‍ നിര്‍ദേശിക്കുന്നതായും അദ്ദേഹം പറഞ്ഞു. മണിപ്പൂരിലെ സാഹചര്യത്തെക്കുറിച്ച് മറ്റൊന്നും പറഞ്ഞില്ല. വ്യാപകമായ അതിക്രമത്തെ ഇതര സംസ്ഥാനങ്ങളിലെ ഒറ്റപ്പെട്ട സംഭവങ്ങളുമായി താരതമ്യം ചെയ്ത് ചെറുതാക്കുകയായിരുന്നു അദ്ദേഹം ചെയ്തത്.
ഇതുകൂടി വായിക്കൂ; ജനങ്ങളുടെ സമ്പത്ത് കൊള്ളയടിക്കുന്ന ചങ്ങാത്ത മുതലാളിത്തം
ലോകവ്യാപകമായും ഭാരതത്തിലെ സകലമാന ജനാധിപത്യ വിശ്വാസികളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ മാത്രമാണ്, പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമ പ്രതിനിധികളോട് സംസാരിച്ച നരേന്ദ്ര മോഡി, അതില്‍ 30 സെക്കന്റ് സമയം ഇതിനായി നീക്കിവച്ചത്. ജനാധിപത്യത്തിന്റെ ശ്രീകോവിലിനു മുമ്പില്‍ നിന്നാണ് താന്‍ സംസാരിക്കുന്നത് എന്നദ്ദേഹം പറഞ്ഞു. ഒരുപ്രത്യേക മതപുരോഹിതരുടെ അകമ്പടിയോടെ ഏകാധിപത്യ രാജഭരണത്തിന്റെ പ്രതീകമായ ചെങ്കോല്‍ സ്ഥാപിച്ച ഇടത്തെയാണ് ഇപ്രകാരം വിശേഷിപ്പിച്ചത് എന്നതാണ് വിചിത്രം. അപ്പോള്‍ ജനാധിപത്യം എന്ന വാക്ക് ഏതര്‍ത്ഥത്തിലാണ് അദ്ദേഹം ഉപയോഗിച്ചത് എന്നത് വ്യക്തമാണ്. എന്നിട്ടും അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് അവസരം നല്‍കിയില്ല. ഞാന്‍ പറയുന്നത് അങ്ങോട്ട് കേട്ടാല്‍ മതി ചോദ്യങ്ങളൊന്നും ഇങ്ങോട്ട് വേണ്ട എന്ന ഫ്യൂഡല്‍ ഭാവം തന്നെ. ഇതും ജനാധിപത്യ വ്യവസ്ഥയെ അദ്ദേഹം എങ്ങനെ മനസിലാക്കുന്നു എന്നതിന്റെ തെളിവാണ്. രണ്ടാമത്തെ പ്രസ്താവന നടത്തിയ മണിപ്പൂര്‍ മുഖ്യമന്ത്രി നോംതോമാം ബിരേന്‍ സിങ് സ്ത്രീകളെ നഗ്നരാക്കി തെരുവിലൂടെ നടത്തിയതിനെക്കുറിച്ച് പറഞ്ഞത്, ഇതൊരൊറ്റപ്പെട്ട സംഭവമൊന്നുമല്ല നൂറ്കണക്കിന് സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്, അവയുടെയെല്ലാം കാര്യത്തില്‍ വേണ്ടുംവണ്ണം ഇടപെട്ടിട്ടുണ്ട് എന്നാണ്. ഇക്കാര്യത്തില്‍ സുപ്രീം കോടതി നടത്തിയ ഇടപെടലിനെക്കുറിച്ച് ചോദിച്ചപ്പോള്‍ ഇവ പുറത്തറിയാതിരിക്കാനാണ് ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയത് എന്നാണ് ഉത്തരം നല്‍കിയത്. ഇതില്‍ തന്നെ മൂന്ന് കാര്യങ്ങള്‍ വായിക്കാം. ഒന്നാമത്, ഇത്തരം അക്രമങ്ങള്‍ തുടര്‍ച്ചയായി ഉണ്ടായിരുന്നുവെന്നും അതദ്ദേഹം എപ്പോഴും അറിഞ്ഞിരുന്നു എന്നുമാണ്. രണ്ടാമത് ഇക്കാര്യങ്ങള്‍ പുറത്തറിഞ്ഞ് ദേശീയവും അന്തര്‍ദേശീയവുമായ തലങ്ങളില്‍ പ്രതിഷേധം ഉണ്ടാകരുത് എന്നദ്ദേഹത്തിന് നിര്‍ബന്ധമുണ്ടായിരുന്നു. ആരും അറിയാതെ നടക്കുന്നതില്‍ കുഴപ്പമില്ല അഥവാ നല്ലതാണ് എന്ന നിലപാടാണദ്ദേഹത്തിന്റേത് എന്ന് മനസിലാക്കണം. ഇതുകൊണ്ടാണ് കേന്ദ്രത്തിലെയും സംസ്ഥാനത്തെയും ഭരണ നേതൃത്വത്തിന്റെ അറിവോടും നിശബ്ദമോ പ്രകടമോ ആയ സമ്മതത്തോടുമാണ് ഈ അക്രമങ്ങള്‍ നടന്നത് എന്ന് പ്രതിപക്ഷവും ജനാധിപത്യ വിശ്വാസികളും തുടര്‍ച്ചയായി ആരോപിക്കുന്നത്.
ഇതുകൂടി വായിക്കൂ; ഈ നഗ്നത മറയ്ക്കാൻ കീറത്തുണിപോലുമില്ല
2002 ലെ ഗുജറാത്ത് കൂട്ടക്കൊലയില്‍ സാധിച്ചതുപോലെ മറ്റൊരു സംസ്ഥാനത്തെ വേറൊരു ന്യൂനപക്ഷത്തെ തുടച്ചു മാറ്റാനുള്ള സൗകര്യമൊരുക്കുകയായിരുന്നു ഇന്റര്‍നെറ്റ് നിരോധനം മൂലം ലക്ഷ്യമിട്ടത് എന്ന് ധരിക്കേണ്ടതുണ്ട്. ഇവിടെ ഇന്റര്‍നെറ്റ് അവര്‍ക്ക് വില്ലനായി തീരുന്നു. ഇതിനോട് ചേര്‍ത്ത് വായിക്കേണ്ട മറ്റൊരു കാര്യമുണ്ട്. കേന്ദ്രം മണിപ്പൂരില്‍ ഇടപെടണം എന്ന പ്രതിപക്ഷത്തിന്റെ നിരന്തരമായ ആവശ്യത്തിന്റെ പശ്ചാത്തലത്തില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ മേയ് 29 മുതല്‍ ജൂണ്‍ രണ്ട് വരെ മണിപ്പൂരില്‍ സന്ദര്‍ശനം നടത്തി. തീര്‍ച്ചയായും മുന്‍ ദിവസങ്ങളില്‍ നടന്ന കാര്യങ്ങള്‍ അദ്ദേഹത്തിന്റെ മുമ്പില്‍ മുഖ്യമന്ത്രി വിശദീകരിച്ചിട്ടുണ്ടാകും. അതില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും ഉള്‍പ്പെട്ടിരിക്കും. ആഭ്യന്തര മന്ത്രി വിവിധ വിഭാഗങ്ങളുടെ പ്രതിനിധികളെ കാണുകയും എത്രയും വേഗം സമാധാനാന്തരീക്ഷം സൃഷ്ടിക്കാൻ നടപടി സ്വീകരിക്കുമെന്ന് വാക്ക് നല്‍കുകയും ചെയ്തു. എന്നാല്‍ ഒരു മാസം കഴിഞ്ഞിട്ടും അക്രമം പതിന്മടങ്ങ് വര്‍ധിച്ചതല്ലാതെ ഒരു വാഗ്ദാനവും നിറവേറ്റപ്പെട്ടില്ല എന്ന് പ്രതിരോധ വകുപ്പിലെ ഉന്നതോദ്യോഗസ്ഥനായിരുന്ന കുക്കി ഗ്രാമത്തലവന്‍ ജെ ലുങ്ദിം ജൂണ്‍ 26ന് ഒരു മാധ്യമത്തോട് പറയുകയുണ്ടായി.
ഇതുകൂടി വായിക്കൂ; സ്ത്രീവിരുദ്ധ ഏകാധിപത്യ ഭരണകൂടങ്ങള്‍
അമിത് ഷായും ബിരേന്‍ സിങ്ങും പ്രധാനമന്ത്രിയെ കാണുകയും അവര്‍ നല്‍കിയ വിവരങ്ങള്‍ വച്ചുകൊണ്ട് ജൂണ്‍ 26ന് അദ്ദേഹം മുതിര്‍ന്ന മന്ത്രിമാരുടെയും ഉയര്‍ന്ന ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്ന് വിഷയം വിലയിരുത്തുകയും ചെയ്തിരുന്നു. അപ്പോള്‍ അവിടെ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും വ്യക്തമായ ധാരണ ഉള്ളവരായിക്കഴിഞ്ഞിരിക്കണം. പക്ഷെ ഇവര്‍ രണ്ടുപേരും ഇതേക്കുറിച്ച് ഒരക്ഷരം മിണ്ടുകയോ പ്രധാനമന്ത്രിയുടെ “ഹൃദയം വേദനകൊണ്ടും രോഷം കൊണ്ടും നിറയുകയോ” ചെയ്തില്ല. അതിന് പിന്നെയും കാത്തിരിക്കേണ്ടിവന്നു, സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമത്തിന്റെ വീഡിയോ പൊതുജന മധ്യത്തില്‍ വരുന്നതുവരെ. രാജ്യത്ത് സ്ത്രീകള്‍ക്കെതിരെയുണ്ടായ അതിക്രമമല്ല അദ്ദേഹത്തിന്റെ ഹൃദയത്തെ വേദനിപ്പിച്ചത്, അത് ലോകം കണ്ടതാണ്. എത്ര അപഹാസ്യമായിരിക്കുന്നു ഈ ചിന്തയെന്ന് വിവരിക്കുക വയ്യ. ജൂലൈ 21ലെ ടെലഗ്രാഫ് പത്രം മുന്‍ പേജ് ചിത്രത്തിലൂടെ പറഞ്ഞതു തന്നെയാണ് വാസ്തവത്തില്‍ ഇക്കാര്യത്തിലെ ശരിയായ വിലയിരുത്തല്‍. പ്രധാനമന്ത്രി അമേരിക്കന്‍ കോണ്‍ഗ്രസില്‍ റഷ്യയുടെ ഉക്രെയ്ന്‍ യുദ്ധത്തെക്കുറിച്ച് പറഞ്ഞത് അദ്ദേഹം ഇവിടെയാണ് നടപ്പാക്കേണ്ടത്. “ഞാന്‍ പരസ്യമായും വ്യക്തമായും പറയട്ടെ, ഇത് ഒരു യുദ്ധത്തിന്റെ യുഗമല്ല, സമാധാനപരമായ പരിഹാരമാണ് ഏത് വിഷയത്തിലും ഉണ്ടാകേണ്ടത്” എന്നാണദ്ദേഹം പ്രസംഗിച്ചത്. ഇത് ഉക്രെയ്‌ന് മാത്രം ബാധകമായതാണ് എന്നദ്ദേഹം കരുതിയെങ്കില്‍ ഖേദകരമാണ്. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും പ്രസ്താവനകള്‍ക്കിടയില്‍ വായിച്ചാല്‍ കാണാവുന്നത്, ഇത് കരുതിക്കൂട്ടിയുള്ള വംശീയ നിര്‍മൂലനമാണ് എന്നാണ്. ഗുജറാത്തില്‍ 2002ല്‍ നടന്നതിന്റെ പുതിയ പതിപ്പ്. അത് പുറത്തറിയുന്നു, പ്രതിപക്ഷവും ലോകരാജ്യങ്ങളും പ്രതിഷേധിക്കുന്നു എന്നതാണവരെ ആശങ്കപ്പെടുത്തുന്നത്. ഈ നിലപാടിനെതിരെ പ്രതിഷേധം ഉയര്‍ത്തിയേ മതിയാകൂ. ഭാരതത്തിന്റെ മനസ്, ഈ രാജ്യത്തെ ഓരോ പൗരനെയും അതിനായി ക്ഷണിക്കുന്നു.