Site icon Janayugom Online

അടച്ചുപൂട്ടലില്‍ നിന്ന് ആഹ്ലാദാരവങ്ങളിലേക്ക്

രണ്ടുവർഷത്തെ നീണ്ട ഇടവേളക്കുശേഷം കേരളത്തിലെ വിദ്യാലയങ്ങൾ കുട്ടികളുടെ ആഹ്ലാദാരവങ്ങളിലേക്ക് ഉണരുകയാണ്. ലോകത്ത് മറ്റെല്ലായിടത്തും എന്നതുപോലെ കേരളത്തിലും വിദ്യാലയങ്ങൾ ഏതാണ്ട് സമ്പൂർണ അടച്ചുപൂട്ടലിൽ ആയിരുന്നു. കഴിഞ്ഞ അധ്യയനവർഷത്തിന്റെ രണ്ടാം പകുതിയിൽ, നവംബർ മാസംമുതൽ, സ്കൂളുകൾ ഭാഗികമായി തുറന്നു പ്രവർത്തിച്ചിരുന്നു. എന്നിരിക്കിലും, അത് സമ്പൂർണ സജീവത കൈവരിച്ചിരുന്നില്ല. ഇന്ന്, വീണ്ടും പതിവ് രീതിയിൽ സ്കൂളുകൾ തുറക്കുന്നതോടെ നീണ്ട നാളുകളിലെ ഒറ്റപ്പെടലിൽനിന്നും വിരസതയിൽനിന്നും വീട്ടുതടങ്കലിന് സമാനമായ അന്തരീക്ഷത്തിൽനിന്നും കുട്ടികൾക്ക് മോചനമാവും. അടച്ചുപൂട്ടലിന്റെ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവന്ന ഒരു ചെറുവിഭാഗം കുട്ടികളുടെ സാധാരണ നിലയിലേക്കുള്ള തിരിച്ചുവരവിന് ഏറ്റവും ഉചിതമായ ഒറ്റമൂലിയായിരിക്കും സജീവമായ സ്കൂൾ അന്തരീക്ഷം. നമ്മുടെ കുട്ടികളുടെ സ്കൂളിലേക്കുള്ള തിരിച്ചുവരവിനെ ആഘോഷമാക്കാൻ അതിവിപുലമായ ഒരുക്കങ്ങളാണ് സർക്കാരിന്റെയും സമൂഹത്തിന്റെയാകെയും മുൻകൈയിൽ സംസ്ഥാനത്തുടനീളം നടന്നിട്ടുള്ളത്. സംസ്ഥാനത്തെ 95 സർക്കാർ സ്കൂളുകളിൽ നിർമ്മിച്ച പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച നിർവഹിക്കുകയുണ്ടായി.

48 ഹയർ സെക്കന്‍ഡറി സ്കൂൾ ലാബുകൾ സ്കൂൾ തുറക്കലിന് മുന്നോടിയായി നവീകരിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷങ്ങൾക്കുള്ളിൽ അഞ്ചുകോടി രൂപവീതം ചെലവിട്ടു നിർമ്മിച്ച 110ഉം മൂന്നുകോടി വീതം ചെലവഴിച്ച 106ഉം ഓരോകോടി ചെലവിൽ നിർമ്മിച്ച രണ്ടും പുതിയ സ്കൂൾ കെട്ടിടങ്ങൾക്കു പുറമെയാണ് ഇത്. അഭൂതപൂർവമായ നിക്ഷേപം, ഭാവനാപൂർണമായ പദ്ധതികൾ, വിപുലമായ സാമൂഹിക ഇടപെടൽ എന്നിവയിലൂടെ കേരളത്തിന്റെ പൊതുവിദ്യാഭ്യാസരംഗത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താനുള്ള യത്നത്തിനാണ് എൽഡിഫ് സർക്കാർ ഏർപ്പെട്ടിട്ടുള്ളത്. കുട്ടികളില്ലാത്ത, അവഗണിക്കപ്പെട്ട പൊതുവിദ്യാലയങ്ങൾ എന്ന ദുഷ്‌പേര് ഇന്ന് കേരളത്തിൽ പഴങ്കഥയായി മാറിക്കഴിഞ്ഞിരിക്കുന്നു. സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് സ്കൂളുകൾ ഏതാണ്ടെല്ലാം തന്നെ ഏതു മികവുറ്റ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളോടും കിടപിടിക്കാവുന്ന അടിസ്ഥാന സൗകര്യമുള്ള വിദ്യാലയങ്ങളായി മാറിക്കഴിഞ്ഞു. അവയെല്ലാം തന്നെ ആധുനിക ബോധന സാങ്കേതികവിദ്യാ സജ്ജങ്ങളുമാണ്. അടുത്ത കാലംവരെ സ്വകാര്യ സ്വാശ്രയ വിദ്യാലയങ്ങൾ തിരഞ്ഞുപോയിരുന്ന രക്ഷിതാക്കൾ തങ്ങളുടെ കുട്ടികളെ പൊതുവിദ്യാലയങ്ങളിൽ തിരികെയെത്തിക്കാൻ മത്സരിക്കുന്ന കാഴ്ചയാണ് എവിടെയും.


ഇതുകൂടി വായിക്കാം; കാർമേഘങ്ങൾക്കിടയിൽ വെയിൽച്ചിരിയോടെ പുതുവിദ്യാലയ വർഷം


ഇക്കൊല്ലം പൊതുവിദ്യാലയങ്ങളിൽ എത്തുന്ന 42.9 ലക്ഷം കുട്ടികളിൽ 10.48 ലക്ഷംപേരും കഴിഞ്ഞ ആറു വർഷത്തിനുള്ളിൽ ഇത്തരത്തിൽ സർക്കാർ സ്കൂളുകളിൽ എത്തിച്ചേർന്നവരാണ്. അവിടങ്ങളിലെ അധ്യാപകരാകട്ടെ പൊതു മത്സരപരീക്ഷകളിൽ മികവ് തെളിയിച്ചവർ എന്നുമാത്രമല്ല നിരന്തരമായ പരിശീലനത്തിലൂടെ ഏറ്റവും ആധുനികമായ ബോധന വൈദഗ്ധ്യം ആർജിച്ചവരുമാണ്. സ്കൂൾ നടത്തിപ്പിൽ അധ്യാപകരും പൊതുസമൂഹവും കൈകോർക്കുന്നു എന്നത് നമ്മുടെ സ്കൂൾ വിദ്യാഭ്യാസരംഗത്തിന്റെ ശോഭനമായ ഭാവിയുടെ മുന്നുറപ്പാണ്. എന്നാൽ, പൊതു വിദ്യാഭ്യാസത്തിന്റെ നിലവാരം സംബന്ധിച്ച വിമർശനങ്ങൾ അപ്പാടെ അസ്ഥാനത്താണെന്ന് ഇതിനു് അർത്ഥമില്ല. തൊഴിൽ വിപണിയിൽ മത്സരിക്കാൻ പ്രാപ്തരും സംസ്ഥാനവും രാജ്യവും ലോകവും നേരിടുന്ന വെല്ലുവിളികളെ നേരിടാൻ കരുത്തരുമായ പുതുതലമുറകളെ വാർത്തെടുക്കാൻ കഴിവുറ്റ ഒന്നായി നമ്മുടെ സ്കൂൾ വിദ്യാഭ്യാസരംഗം വളരേണ്ടതുണ്ട്. പൊതു വിദ്യാഭ്യാസരംഗം ഇനിയുമേറെ മികവും കരുത്തുറ്റതുമാക്കി മാറ്റുകവഴിയെ വിദ്യാഭ്യാസജന്യമായ വരേണ്യവൽക്കരണത്തെ മറികടക്കാൻ നമുക്ക് കഴിയു.

കോവിഡ് മഹാമാരി സംബന്ധിച്ച ആശങ്കകൾക്ക് തെല്ല് അയവ് വന്നിട്ടുണ്ടെങ്കിലും കരുതൽ കൈവെടിയാൻ ഇനിയും സമയമായിട്ടില്ല. മാസ്ക്, വ്യക്തിശുചിത്വം, പരിസരശുചിത്വം എന്നിവ കർക്കശമായി പാലിക്കപ്പെടുന്നു എന്നതിന്റെ ഉത്തരവാദിത്തം വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും അധ്യാപകരുടെയും സ്കൂൾ അധികൃതരുടേതും മാത്രമായിക്കൂട. അത് സമൂഹത്തിന്റെ ആകെ ചുമതലയായി മാറണം. തദ്ദേശ ഭരണ സ്ഥാപങ്ങൾ, ആരോഗ്യവകുപ്പ്, സന്നദ്ധസംഘടനകൾ എന്നിവ ഇക്കാര്യത്തിൽ കൈകോർക്കുന്നത് സമൂഹത്തിന്റെയാകെ ആരോഗ്യസുരക്ഷക്ക് അനിവാര്യമാണ്. മുമ്പൊന്നും കേട്ടിട്ടില്ലാത്ത, മതിയായ ചികിത്സാക്രമം പോലുമില്ലാത്ത, പുതിയതും മാരകവുമായ പകർച്ചരോഗങ്ങളെപ്പറ്റിയുള്ള മുന്നറിയിപ്പുകൾ അവഗണിക്കാവുന്നതല്ല. പരിഭ്രാന്തിയല്ല മുന്‍കരുതലാണ് പ്രധാനം. സുരക്ഷിതവും, ആസ്വാദ്യകരവും, മികവുറ്റതുമായ ഒരു വിദ്യാഭ്യാസ വർഷം നമ്മുടെ കുട്ടികൾക്ക് ഒരുക്കിനൽകുക സമൂഹത്തിന്റെയാകെ മുൻഗണനയാവണം.

You may also like this video;

Exit mobile version