21 May 2024, Tuesday

Related news

April 19, 2024
March 31, 2024
March 30, 2024
March 19, 2024
February 14, 2024
February 13, 2024
January 19, 2024
January 15, 2024
January 2, 2024
December 8, 2023

കാർമേഘങ്ങൾക്കിടയിൽ വെയിൽച്ചിരിയോടെ പുതുവിദ്യാലയ വർഷം

എൻ ശ്രീകുമാർ
May 31, 2022 6:00 am

പതിവ് തെറ്റിക്കാതെ ജൂൺ ഒന്ന് മഴക്കാലമാണ്, ഇക്കുറിയും. മഴക്കുളിരോടെ വിദ്യാലയങ്ങളിലേക്ക് എത്തിച്ചേരുന്ന അനുഭൂതിക്ക് ഇത്തവണയും കുട്ടികൾക്ക് നഷ്ടം വരില്ല. കലങ്ങിക്കിടക്കുന്ന ആകാശത്തിന് നടുവിൽ നിന്നുള്ള ശക്തികുറഞ്ഞ സൂര്യന്റെ വെയിൽച്ചിരിയേറ്റ് ഈ അധ്യയന വർഷത്തിൽ, ജൂൺ ഒന്നിന് തന്നെ വിദ്യാർത്ഥികൾ വിദ്യാലയങ്ങളിലേക്ക് നടന്നടുക്കും. ആകാശത്തെ കാർമേഘത്തുണ്ടു കണക്കെ കറുത്തിരുണ്ടു കിടക്കുന്ന കഴിഞ്ഞ നാളുകളെല്ലാം മറക്കാം എന്നാകാം മഴക്കാറുകൾക്കിടയിലൂടെ വിരിയുന്ന സൂര്യന്റെ വെയിൽച്ചിരി നമ്മളോട് പറയുന്നത്! ഇതിനു മുമ്പ് 2019 ലാണ് ഒരു സ്കൂൾവർഷം ജൂൺ ആദ്യം തുടങ്ങുന്നത്. അതിനു ശേഷമുള്ള ജൂണിലെ രണ്ട് സ്കൂൾ തുറപ്പുകാലങ്ങൾ കോവിഡ് നിർദാക്ഷിണ്യം അപഹരിച്ചു. കഴിഞ്ഞ അധ്യയന വർഷത്തിൽ, നവംബർ ഒന്നിന് ഭാഗികമായി തുടക്കമായിരുന്നു എന്ന കാര്യം മറക്കുന്നില്ല. അന്ന്, കോവിഡിന്റെ മൂന്നാംതരംഗഭീഷണി തലയ്ക്കുമുകളിൽ തൂങ്ങി നിന്നിരുന്നു. ആശങ്കകളൊഴിഞ്ഞ് സ്വച്ഛശാന്തമായൊരു കാലയളവാണ് ഈ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ ലഭിച്ചിരിക്കുന്നത്. കേരള സർക്കാർ വിപുലമായ തയാറെടുപ്പുമായാണ് അധ്യയന വർഷത്തെ വരവേൽക്കുന്നത്. പഴുതടച്ചുള്ള തയാറെടുപ്പുകൾ നടത്തിക്കൊണ്ടിരിക്കുന്നു. പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലറിൽ സ്കൂൾ അധികാരികൾ നടത്തേണ്ട സൂക്ഷ്മതല ആസൂത്രണം നിർദേശിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടവും വിദ്യാഭ്യാസ വകുപ്പിന്റെ എല്ലാതലങ്ങളിലെ ഭരണ നേതൃത്വവും ജാഗ്രതയോടെ പ്രതീക്ഷാനിർഭരമായൊരു പുതുവർഷത്തിന് മുന്നൊരുക്കങ്ങൾ നടത്തുകയും നേതൃത്വം നൽകുകയും ചെയ്യുന്നു. കുട്ടികളുടെ സുരക്ഷിതത്വം, ആരോഗ്യ സംരക്ഷണം, യാത്ര, ഭക്ഷണവും വെള്ളവും, ആത്മവിശ്വാസം പകരൽ തുടങ്ങി എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുന്നുണ്ട്. കുട്ടികളുടെ പഠനമാണ് പ്രധാനം.

കോവിഡ് കാലം പഠനാന്തരീക്ഷത്തെയാകെ മാറ്റി മറിച്ചു. ഓൺലൈൻ പഠനം, ഓൺലൈനിലും ഓഫ് ലൈനിലുമുള്ള ബ്ലെൻഡഡ് ലേണിങ് തുടങ്ങിയ രീതികളെല്ലാം ക്ലാസ് മുറിയുടെ ജൈവികത നഷ്ടപ്പെടുത്തിയിട്ടുണ്ട്. അധ്യാപികയുടെ മുഖത്തു നിന്ന് നേരിട്ട് കേൾക്കുകയും തിരികെ സംവദിക്കുകയും സംശയനിവാരണം വരുത്തുകയും ചെയ്യുന്ന രീതിയാണ് കുട്ടിയുടെ മാനസിക ബൗദ്ധിക വളർച്ചയ്ക്ക് ഉത്തമം. കുട്ടി അംഗീകരിക്കപ്പെടുന്നതിനും തിരുത്തപ്പെടുന്നതിനും ഇത് സഹായിക്കും. അധ്യാപകര്‍ക്കാകട്ടെ ഓരോ കുട്ടിയുടെ പഠനപുരോഗതി വിലയിരുത്തി മുന്നോട്ടു പോകാനും നേരിട്ടുള്ള രീതിയാണ് ഉത്തമം. ക്ലാസ് മുറിക്കുള്ളിലെ പഠനം മാത്രമല്ല, സ്കൂളിൽ നടക്കുന്ന ദിനാചരണങ്ങൾ, കലാകായിക മത്സരങ്ങൾ, പ്രവൃത്തിപരിചയ മേളകൾ എല്ലാം കുട്ടിയുടെ പഠനപുരോഗതിയെ നിർണയിക്കുന്നതാണ്. അധ്യാപകർക്ക് ലഭിക്കുന്ന പരിശീലനവും പ്രധാനമാണ്. കോവിഡ് കാലാനന്തര കുടുംബ പശ്ചാത്തലത്തെ മനസിൽ കണ്ട് കുട്ടിയെ സമീപിക്കാനും, വിദ്യാഭ്യാസം നൽകാനുമുള്ള പരിശീലനമാണ് നൽകിയിട്ടുള്ളത്. തൊഴിൽരഹിതരും, സാമ്പത്തിക പ്രയാസമനുഭവിക്കുന്നവരുമായ കുടുംബാംഗങ്ങളായ കുട്ടികൾ, ജീവഹാനി നഷ്ടപ്പെട്ടവരുടെയോ, കഠിനരോഗികളായി മാറിയവരുടെയോ വീടുകളിലെ കുട്ടികൾ എന്നിങ്ങനെ നല്ല കരുതലോടെ വേണം വിദ്യാർത്ഥികളെ അധ്യാപകർ സമീപിക്കേണ്ടത്.


ഇതുകൂടി വായിക്കാം; വരൂ മക്കളേ, പൊതുവിദ്യാലയം വിളിക്കുന്നു


കുട്ടികളുടെ പഠനത്തിന്റെ തുടർപാതകൾ തടസമില്ലാത്തതും അനായാസവുമാക്കി ഒരുക്കിക്കൊടുക്കാൻ അധ്യാപകർക്കു കഴിയണം. അതിനുള്ള പ്രോത്സാഹനവും ഉത്തേജനവും പകരുന്ന പരിശീലനം നടന്നിട്ടുണ്ട്. അധ്യാപകസമൂഹം നന്നായി സജ്ജമായി എന്ന് കരുതാം. വിദ്യാലയ വർഷം ആരംഭിക്കുമ്പോൾ, ഭരണതലത്തിൽ അടിയന്തരമായി പരിഹരിക്കേണ്ട വിഷയങ്ങളുണ്ട്. എല്ലാ തസ്തികകളിലേക്കും വേഗം ഒഴിവുകൾ നികത്തി എല്ലാ അധ്യാപകരുടെയും സേവനം സ്കൂളുകളിൽ ഉറപ്പാക്കണം. ഹയർ സെക്കന്‍ഡറി മേഖല ഒഴികെ മറ്റ് വിഭാഗം അധ്യാപകരുടെ സ്ഥലംമാറ്റം നടന്നിട്ടില്ല. ഓൺലൈൻ സ്ഥലംമാറ്റം നടക്കാത്തത് അധ്യാപകരിൽ അസംതൃപ്തി വളർത്തുന്നുണ്ട്. ജില്ലാന്തര സ്ഥലം മാറ്റം ഉൾപ്പെടെ വേഗം നടക്കണം. പ്രഥമാധ്യാപകരുടെ സ്ഥലം മാറ്റവും സ്ഥാനക്കയറ്റവും ഉത്തരവായിട്ടില്ല. പ്രീപ്രൈമറി പ്രശ്നപരിഹാരം എങ്ങുമെത്തിയില്ല. സംസ്ഥാനത്തെ ഡയറ്റുകളിൽ പ്രവർത്തനത്തിന് മുപ്പതുശതമാനം ഫാക്കൽറ്റികളുടെ അംഗബലമേയുള്ളു. അത് ഉടനെ പരിഹരിക്കണം. കായികാരോഗ്യ പഠന സാഹചര്യങ്ങളും ശാസ്ത്രീയമായി വളർത്തണം. ജില്ലാ, വിദ്യാഭ്യാസ, ഉപജില്ലാതല വിദ്യാഭ്യാസ ഓഫീസുകളുടെ നിർജീവാവസ്ഥ അടിയന്തരമായി മാറ്റണം. അവ കാര്യക്ഷമവും ഉത്തരവാദിത്തമുള്ളതുമാക്കി തീർക്കണം. പൊതുസമൂഹത്തിനെ വിദ്യാലയങ്ങൾക്കൊപ്പം ചേർത്തു നിർത്തൽ വളരെ പ്രധാനമാണ്.

വിദ്യാർത്ഥികളെ ലൈംഗികമായി ഉപയോഗിക്കാൻ ശ്രമിക്കുന്ന അധ്യാപകർ രൂപം കൊള്ളുന്നത് പൊതുസമൂഹത്തിന്റെ ജാഗ്രത കുറവുമൂലമാണ്. സ്കൂളുകളുടെ കർശന നിയമങ്ങളും നിയന്ത്രണങ്ങളും ഉറപ്പാക്കിക്കൊണ്ടുതന്നെ രക്ഷിതാക്കളുടെ നിരന്തര സമ്പർക്കത്തിന് അവസരം വേണം. വിദ്യാർത്ഥികളുടെ ജനാധിപത്യാവകാശങ്ങളെ കൂച്ചുവിലങ്ങിടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളെ കണ്ടെത്തി മാറ്റത്തിന് വിധേയമാക്കണം. പാഠ്യപദ്ധതി പരിഷ്കരണത്തിന് സർക്കാർ തുടക്കം കുറിക്കുന്ന വർഷവുമാണിത്. മികച്ച പാഠ്യപദ്ധതി രൂപകല്പന ചെയ്യാനുള്ള ചർച്ചകൾ ഉടൻ തുടങ്ങണം. കേരള വിദ്യാഭ്യാസം ഭരണഘടനാ മൂല്യങ്ങൾക്കും സാമൂഹിക നീതിക്കും ഇണങ്ങുന്ന വിധം കാലങ്ങളായി നിലനിൽക്കുന്നതാണ്. ജാഗ്രതയോടെ അതിനെ മുന്നോട്ടു നയിക്കാൻ കഴിയണം. കാരണം, ഇതൊരു രാഷ്ട്രീയ ബദലാണ് എന്നും നാം മറന്നു പോകരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.