Site iconSite icon Janayugom Online

പഠിപ്പിക്കാന്‍ വെള്ളക്ക മുതല്‍ ഓഗ്മെന്റ് റിയാലിറ്റിവരെ: അധ്യാപക ദിനത്തില്‍ വൈറലായി അജിനി ടീച്ചര്‍

teacherteacher

ഓൺലൈൻ പഠനകാലത്തെ കുട്ടികളുടെ വിരസത മാറ്റാനും കുട്ടികളിൽ ശാസ്ത്രാഭിരുചി വളർത്തിയെടുക്കാനും അധ്യാപികദിനത്തില്‍ മാതൃകയായി അജിനി ടീച്ചര്‍.
റാന്നി പഴവങ്ങാടി ഗവൺമെന്റ് യുപി സ്കൂളിലെ ശാസ്ത്ര അധ്യാപിക എഫ് അജിനിയാണ് കുട്ടികള്‍ക്ക് മാതൃകയാവുന്നത്. ദിനാചരണങ്ങളുടെ വിദ്യാലയ അനുഭവങ്ങൾ വീടുകളിൽ എത്തിക്കാൻ ഓഗ്മെന്റ് റിയാലിറ്റി ഉൾപ്പെടെയുള്ള സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി ടീച്ചർ തയ്യാറാക്കിയ ഹ്രസ്വ വീഡിയോകൾ വൈറലായിരുന്നു.ടീച്ചർ അവതരിപ്പിച്ച ശാസ്ത്ര മാജിക്കുകൾ കുട്ടികളും സമൂഹവും ഏറ്റെടുത്തു.
കളിപ്പാട്ടങ്ങളോടുള്ള കുട്ടികളുടെ അഭിനിവേശം പ്രയോജനപ്പെടുത്തി ശാസ്ത്ര കളിപ്പാട്ടങ്ങൾ നിർമ്മിക്കാൻ കുട്ടികളെ പ്രാപ്തരാക്കി. ഒപ്പം കളിപ്പാട്ടങ്ങളുടെ ശാസ്ത്ര തത്വങ്ങളും കുട്ടികളെ ബോധ്യപ്പെടുത്തി. കളിപ്പാട്ടങ്ങളും പഠനോപകരണങ്ങളും നിർമ്മിക്കാനുള്ള സാമഗ്രികൾ കുട്ടികളുടെ പരിസരത്ത് ലഭ്യമാകണമെന്നതിനാൽ അത്തരം സാമഗ്രികൾ (പ്രൈമറി ഡാറ്റകൾ) ഉപയോഗിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ പരിചയപ്പെടുത്തിയത്. വെള്ളക്കയും, ഈർക്കിലും, വാഴത്തണ്ടും പ്ലാസ്റ്റിക് കുപ്പികളും ഒക്കെയായിരുന്നു ഇതിനായി ടീച്ചർ തെരഞ്ഞെടുത്തത്.
കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാലയങ്ങളിലെ കുട്ടികൾക്ക് ടീച്ചർ ക്ലാസ് എടുത്ത് അവരുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ചു. ജില്ലാ വിദ്യാഭ്യാസ പരിശീലന ഇൻസ്റ്റിറ്റ്യൂട്ട്,
വിവിധ അധ്യാപക പരിശീലന ഇൻസ്റ്റിട്യൂട്ടുകള്‍ എന്നിവിടങ്ങളിൽ കുട്ടികൾക്ക് നേരിട്ട് ക്ലാസ് എടുത്തു പഠനോപകരണ നിർമ്മാണത്തിൽ പരിശീലനം നൽകി. കേരള സർക്കാരിന്റെ വാർഷികത്തോടനുബന്ധിച്ച് ജില്ലാ സ്റ്റേഡിയത്തിൽ നടന്ന പ്രദർശനത്തിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്റ്റാളിൽ ടീച്ചർ ഒരുക്കിയ ശാസ്ത്ര കളിപ്പാട്ടങ്ങളും പഠനോപകരണങ്ങളും സന്ദർശകരെ ഹഠാദാകർഷിച്ചു. പഴവങ്ങാടി ഗവൺമെന്റ് യുപി സ്കൂളിലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും ടീച്ചർ ഒരു ആവേശമാണ്. വിദ്യാലയത്തിന് സാമൂഹ്യ ബന്ധം ഉണ്ടാക്കാൻ ടീച്ചറുടെ ദിനാചരണ പ്രവർത്തനങ്ങൾ ഏറെ സഹായമാകുന്നു. കുട്ടികളിൽ ശാസ്ത്രബോധം, പരിസ്ഥിതിബോധം, മൂല്യങ്ങൾ,മനോഭാവ രൂപീകരണം ഇവയൊക്കെ ലക്ഷ്യം വെച്ച് അക്കാദമിക താല്പര്യങ്ങളോടുകൂടിയാണ് വിവിധ പ്രവർത്തനങ്ങൾ നടത്തുന്നത്. ആദിവാസി വന മേഖലകളിലും കുട്ടികളുമായി സംവദിക്കാനും ശാസ്ത്ര കൗതുകങ്ങൾ അവതരിപ്പിക്കുന്നതിനും ടീച്ചർ സമയം കണ്ടെത്തുന്നു. ശാസ്ത്രരംഗം റാന്നി ഉപജില്ലാ കോ-ഓർഡിനേറ്റർ ആയ അജിനി ടീച്ചർ അധ്യാപക പരിശീലനങ്ങൾക്ക് നേതൃത്വം നൽകുന്ന സംസ്ഥാന റിസോഴ്സ് ഗ്രൂപ്പ്‌ അംഗം കൂടിയാണ്.

Eng­lish Sum­ma­ry: From coconut shell to Aug­ment­ed Real­i­ty to Teach: Aji­ni Teacher Goes Viral on Teach­ers’ Day

You may like this video also

Exit mobile version