Site iconSite icon Janayugom Online

ഹിരണ്യകശിപു മുതല്‍ മഹാബലിവരെ

എല്ലാവര്‍ക്കും ഓണാശംസകള്‍.… ഓണം വാമനന്റെ ഉത്സവമാണോ അതോ മഹാബലിയുടെ ഉത്സവമാണോ എന്ന തര്‍ക്കം സജീവമാകുന്ന കാലമാണല്ലോ. നമ്മുടെ പുരാവൃത്തങ്ങളില്‍ ഓണത്തെക്കുറിച്ചുള്ള ഐതിഹ്യങ്ങള്‍ മഹാബലിയില്‍നിന്ന് തുടങ്ങി മഹാബലിയില്‍ അവസാനിക്കുന്നതല്ല എന്നത് ശ്രദ്ധേയമാണ്. അത് ഏറ്റവും ചുരുങ്ങിയത് ഹിരണ്യകശിപുവില്‍ നിന്ന് ആരംഭിക്കുകയും പ്രഹ്ലാദനിലൂടെ വിരോചനിലൂടെ പല പല കഥകളായി വളര്‍ന്ന് മഹാബലിയില്‍ അവസാനിക്കുകയും ചെയ്യുന്നു.

വൈദികപാരമ്പര്യത്തിന്റെ അധികാരകേന്ദ്രമായ നാരായണനെയാണോ അതോ അസുരരാജാവായ ഹിരണ്യകശിപുവിനെയാണോ അസുരന്മാര്‍ സ്തുതിക്കേണ്ടത് എന്ന തര്‍ക്കമായിരുന്നുവല്ലോ ഹിരണ്യകശിപുവും അദ്ദേഹത്തിന്റെ പുത്രന്‍ പ്രഹ്ലാദനും തമ്മിലുണ്ടായിരുന്നത്. പ്രഹ്ലാദന്‍ സ്വന്തം വംശത്തെയും പിതാവിനെയും വഞ്ചിച്ച് നാരായണനെ സ്വീകരിച്ചു ഭക്തപ്രഹ്ലാദനായി. പിന്നീട് കേശിനിയെ വിവാഹം ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ സ്വന്തം പുത്രന്‍ വിരോചനനെതിരെ വിധി പ്രസ്താവിച്ചും പ്രഹ്ലാദന്‍ സ്വന്തം വംശത്തെ വഞ്ചിക്കുകയാണ് ചെയ്യുന്നത്. പ്രഹ്ലാദനും വിരോചനനും ശേഷം മഹാബലിയിലെത്തുമ്പോള്‍ അസുരവംശത്തിന് ഭൂമിയിലുള്ള അധികാരം മാത്രമല്ല രാജാവിന്റെ ജീവനും നഷ്ടപ്പെടുന്നു. നാരായണന്റെ തുടർച്ചയാണ് വാമനൻ എന്നും, ഹിരണ്യകശിപുവിന്റെ തുടർച്ചയാണ് മഹാബലിയെന്നും പറയാം.

വാമനന്‍ എന്തിനായിരുന്നു മഹാബലിയെ വധിച്ചത് എന്നതിനെ സംബന്ധിച്ച് മഹാഭാരതത്തിലെ വനപര്‍വത്തില്‍ ബ്രാഹ്മണര്‍ യുധിഷ്ഠിരനോടു സംസാരിക്കുന്നുണ്ട്. അഗ്നി വായുവുമായി ചേര്‍ന്ന് വനത്തെ ദഹിപ്പിക്കുന്നതുപോലെ ബ്രാഹ്മണനും ക്ഷത്രിയനും യോജിച്ചുനിന്നാല്‍ രണ്ടുകൂട്ടരുടേയും ശത്രുക്കളെ നശിപ്പിക്കാന്‍ കഴിയും എന്ന് ഉപദേശിക്കുന്നതിനിടയിലാണ് മഹാബലിയുടെ കഥ ഉദാഹരിക്കുന്നത്. വനത്തെ കത്തിച്ചുകളയുക എന്ന, അഗ്നിബാധയുടെ അഥവാ സർവനാശത്തിന്റെ ബിംബമാണ് ഇവിടെ ഉപയോഗിക്കുന്നത് എന്ന കാര്യം ശ്രദ്ധേയമാണ്. ബ്രാഹ്മണന്റെ സഹായമില്ലാതെ ക്ഷത്രിയര്‍ക്ക് ഈ ലോകവും പരലോകവും ആര്‍ജ്ജിക്കാന്‍ കഴിയില്ല എന്ന മുന്നറിയിപ്പും നല്കുന്നുണ്ട്. ബ്രാഹ്മണരെ വേണ്ടവിധത്തില്‍ മാനിക്കാതിരിക്കുന്നത് ക്ഷത്രിയരുടെ നാശത്തിനു കാരണമാകും എന്നതിന് മഹാബലിയുടെ ഉദാഹരണമാണ് വനപര്‍വം ഇരുപത്തിയേഴാം അധ്യായത്തില്‍ നല്കിയിരിക്കുന്നത്.

വിരോചനന്റെ പുത്രനായിരുന്നു മഹാബലി. അദ്ദേഹത്തിന്റെ രാജ്യം സര്‍വ ഐശ്വര്യങ്ങളും നിറഞ്ഞതായിരുന്നു. പക്ഷേ ബ്രാഹ്മണരെ വേണ്ടവിധം ബഹുമാനിക്കാതിരുന്നതിനാലാണ് മഹാബലിക്ക് നാശം സംഭവിച്ചത് എന്നാണ് വനപർവത്തിൽ പറയുന്നത്. മറ്റെന്തെങ്കിലും തെറ്റ് മഹാബലി ചെയ്തിരുന്നു എന്നതിന് പുരാവൃത്തങ്ങളില്‍ യാതൊരു തെളിവുമില്ല.

“ചരന്‍ നൈഃശ്രേയസം ധര്‍മം പ്രജാപാലനകാരിതം
നാധ്യഗച്ഛദ് ബലിര്‍ ലോകേ
തീര്‍ഥം അന്യത്ര വൈ ദ്വിജാത്
അനൂനം ആസീദ് അസുരസ്യ കാമൈര്‍;
വൈരോചനേഃ ശ്രീര്‍ അപി ചാക്ഷയാസീത്
ലബ്ധ്വാ മഹീം ബ്രാഹ്മണസമ്പ്രയോഗാത്,
തേഷ്വ ആചരന്‍ ദുഷ്ടം അതോ വ്യനശ്യത് ”

വിഷ്ണുഭക്തനായ പ്രഹ്ലാദന്റെ പുത്രനായിരുന്നു വിരോചനന്‍. വിരോചനന്റെ പുത്രന്‍ ഇന്ദ്രസേനന്‍, അഥവാ മഹാബലി. പ്രജാപരിപാലനകാര്യങ്ങളില്‍മാത്രം ശ്രദ്ധിക്കുകയും ബ്രാഹ്മണരെ വേണ്ടതുപോലെ സേവിക്കാതിരിക്കുകയും ചെയ്തതാണ് മഹാബലിയെ കൊല്ലാന്‍ കാരണം എന്ന് പറയുകയാണല്ലോ മുകളില്‍ ഉദ്ധരിച്ച ശ്ലോകം. മുഴുവന്‍ പ്രജകള്‍ക്കും നന്മ ചെയ്ത മഹാബലിയെ എന്തിനായിരിക്കാം വാമനന്‍ ചതിച്ചു പാതാളത്തിലേയ്ക്ക് ചവിട്ടിത്താഴ്ത്തിയത് എന്ന സംശയം ഓണത്തെക്കുറിച്ചുള്ള ഐതിഹ്യത്തിന്റെ കൂടപ്പിറപ്പാണല്ലോ. ആ സംശയത്തിനുള്ള മറുപടികൂടിയാണ് മുകളില്‍ കൊടുത്ത വിശദീകരണം.

‘അലബ്ധ ലാഭായ ച ലബ്ധ വൃദ്ധയേ
യഥാര്‍ഹ തീര്‍ഥ പ്രതിപാദനായ
യശസ്വിനം വേദവിദം വിപശ്ചിതം
ബഹുശ്രുതം ബ്രാഹ്മണം ഏവ വാസയ’

അലബ്ധമായ ഐശ്വര്യങ്ങള്‍ ലബ്ധമാവാനും, ലബ്ധമായവയെ അഭിവൃദ്ധിപ്പെടുത്താനും ക്ഷത്രിയര്‍ക്ക് ബ്രാഹ്മണരുടെ സഹായം കൂടിയേ തീരൂ എന്ന് സമര്‍ത്ഥിക്കുകയാണ് മഹാഭാരതകഥയുടെ ഈ ഭാഗം. ഇന്ത്യയില്‍ പലതരത്തിലുള്ള ചിന്താധാരകളും ദര്‍ശനങ്ങളും ഉണ്ടായിരുന്നുവെങ്കിലും പുരാവൃത്തങ്ങളിലൂടെയും ഇതിഹാസങ്ങളിലൂടെയും പ്രാമുഖ്യം നേടിയത് ഇവിടത്തെ ബഹുഭൂരിപക്ഷത്തിന്റെ മതമായിരുന്നില്ല എന്നും അത് ന്യൂനപക്ഷം വരുന്ന സവര്‍ണബ്രാഹ്മണരുടെ മതമായ വൈദികമതം ആയിരുന്നു എന്നും, ആ മതം എങ്ങനെയാണ് ബ്രാഹ്മണര്‍ക്ക് സമൂഹത്തില്‍ പ്രഥമസ്ഥാനം ഉറപ്പുവരുത്താന്‍ ക്ഷത്രിയരെ കൂടെ നിര്‍ത്തിയത് എന്നതിനുമുള്ള ഉത്തമമായ ഉദാഹരണമാണ് ഈ കഥാസന്ദര്‍ഭം.

മഹാബലിയുടെ കഥയ്ക്കു മുമ്പ് അതേ വംശത്തില്‍ നടന്ന മറ്റൊരു കഥയാണ് വിദുരര്‍ മറ്റൊരു സന്ദര്‍ഭത്തില്‍ ധൃതരാഷ്ട്രരോടു പറയുന്ന കേശിനിയുടെ കഥ. ബ്രാഹ്മണനും അസുരനും തമ്മിലുള്ള തര്‍ക്കത്തിന്റെയും ബ്രാഹ്മണന്റെ അപ്രമാദിത്തം സ്ഥാപിക്കുന്നതിന്റെയും കഥയാണ് ഇതും.

കേശിനിയെ വരിക്കാന്‍ അസുരരാജാവായ വിരോചനനും ബ്രാഹ്മണനായ സുധന്വനും തമ്മിലുണ്ടാകുന്ന മത്സരവും തര്‍ക്കവുമാണ് ബ്രാഹ്മണനാണോ അതോ അസുരനാണോ ശ്രേഷ്ഠന്‍ എന്നു നിര്‍ണയിക്കുന്ന, മുകളില്‍ പറഞ്ഞ കഥയുടെ കാതല്‍. ദിതിയുടെ പുത്രനും ദൈത്യന്മാരുടെ നേതാവും ആയിരുന്നു വിരോചനന്‍ എന്നു പറയുന്നുണ്ട്. പക്ഷേ അതൊന്നും കേശിനിയുടെ കണ്ണില്‍ വിരോചനനെ വരിക്കാനുള്ള ശ്രേഷ്ഠതയാകുന്നില്ല. ബ്രാഹ്മണരാണോ ദിതിയുടെ പുത്രന്മാരാണോ ശ്രേഷ്ഠര്‍ എന്ന ചോദ്യമാണ് കേശിനി ചോദിക്കുന്നത്. ഈ ചോദ്യത്തിന് പ്രഹ്ലാദന്‍ മറുപടി പറയട്ടെ എന്നാണ് സുധന്വന്‍ നിര്‍ദ്ദേശിക്കുന്നത്. അസുരരാജാവാണെങ്കിലും ബ്രാഹ്മണര്‍ക്ക് അനുകൂലമായി മാത്രമേ പ്രഹ്ലാദന്‍ തീരുമാനമെടുക്കൂ എന്ന് സുധന്വന് നല്ല ബോധ്യമുണ്ടായിരുന്നു എന്നർത്ഥം. സുധനന്വന്‍ പ്രതീക്ഷിച്ചതുപോലെതന്നെ പ്രഹ്ലാദന്‍ സ്വന്തം പുത്രനെതിരെ വിധി പറയുകയാണുണ്ടായത്. അങ്ങനെ വിരോചനന്‍ സുധന്വന്റെ അടിമയായിത്തീര്‍ന്നു എന്നാണ് കഥ.

ദിതിയുടെ പുത്രന്മാര്‍ ദൈത്യന്മാര്‍ അഥവാ അസുരന്മാരായിരുന്നു. ദിതിയുടെ സഹോദരി അദിതിയുടെ പുത്രന്മാര്‍ ആദിതേയന്മാര്‍ അഥവാ ദേവന്മാരും. ദിതിയും അദിതിയും ബ്രഹ്മാവിന്റെ സന്താനങ്ങള്‍തന്നെ. ബ്രാഹ്മണമതവും വര്‍ണാശ്രമധര്‍മവും പ്രാബല്യത്തില്‍ വരുന്നതിനു മുമ്പ് ഇന്ത്യയില്‍ അധികാരത്തിലുണ്ടായിരുന്ന ഗോത്രജനവിഭാഗങ്ങളെയാണ് അസുരന്മാരെന്നു വിളിച്ചത് എന്നും അവരുടെ രാജാക്കന്മാരെയായിരുന്നു അസുരരാജാക്കന്മാരായി അധിക്ഷേപിച്ചിരുന്നത് എന്നും മനസ്സിലാക്കിയാല്‍ കേശിനിയെ സ്വയംവരം ചെയ്യാന്‍ മത്സരം പ്രാദേശിക ജനവിഭാഗങ്ങളുടെ രാജാവും ഒരു ബ്രാഹ്മണനും തമ്മിലായിരുന്നു എന്നു കരുതാം.

പ്രഹ്ലാദന്റെ പുത്രന്‍, തന്നെ വരിക്കാന്‍ വന്നിട്ടും അത് അംഗീകരിക്കാതെ ബ്രാഹ്മണന്റെ മഹത്വത്തിലാണ് കേശിനി ഊന്നുന്നത്. അതേപോലെ, സ്വന്തം പുത്രന്റെ ജീവിതമാണ് പണയപ്പെടുത്തിയിരിക്കുന്നത് എന്നു മനസ്സിലാക്കിയിട്ടും സുധന്വനാണ് ശ്രേഷ്ഠന്‍ എന്നു പ്രഹ്ലാദന്‍ വിധി പ്രസ്താവിക്കുകയും ചെയ്യുന്നു. ഈ പരാമര്‍ശങ്ങളെ അടിസ്ഥാനപ്പെടുത്തി അനുമാനിക്കാവുന്ന ഒരു കാര്യം ഈ കഥയുണ്ടാകുന്ന കാലത്ത് ബ്രാഹ്മണ്യവും ജാതിവ്യവസ്ഥയും സമൂഹത്തില്‍ ശക്തി സംഭരിച്ചു തുടങ്ങിയിരുന്നു എന്നാണ്. തങ്ങള്‍ പ്രജാപതിയില്‍നിന്നു ജനിച്ചവരാണ്, അതിനാല്‍ ഈ ലോകം സംശയരഹിതമായും തങ്ങളുടേതാണ് എന്ന വിരോചനന്റെ മറുപടിയും ഈ ലോകം ബ്രാഹ്മണരുടേതാണ് എന്ന പ്രഹ്ലാദന്റെ നിര്‍ണയവും ചേര്‍ത്തു വെച്ചു വായിക്കുമ്പോള്‍ ഒരു കാര്യം മനസ്സിലാകും. ലോകം അടക്കിവാണിരുന്ന മഹാബലിയെ വാമനന്‍ പാതാളത്തിലേയ്ക്കു ചവിട്ടിത്താഴ്ത്തുന്നതിനു മുമ്പുതന്നെ മഹാബലിയുടെ വംശക്കാര്‍ക്ക് അധികാരം നഷ്ടപ്പെടുകയും ബ്രഹ്മാവിന്റെ മുഖത്തുനിന്നു ജനിച്ചവര്‍ എന്ന നിലയില്‍ ബ്രാഹ്മണര്‍ അധികാരം കയ്യടക്കുകയും ചെയ്തിരുന്നു.

അസുരരാജാവായ തന്റെ നാമമാണ് ജപിക്കേണ്ടത് എന്ന് പ്രഹ്ലാദന്റെ പിതാവ് ഹിരണ്യന്‍ വാശി പിടിക്കുന്നതും, നാരായണന്റെ നാമം ജപിക്കാനുള്ള പ്രഹ്‌ളാദന്റെ നിര്‍ബ്ബന്ധവും, അവസാനം സ്വന്തം പിതാവിന്റെ മരണത്തിന് പ്രഹ്ലാദന്‍ കാരണക്കാരനാകുന്നതുമായ കഥയെ പ്രഹ്ലാദന്റെ വിഷ്ണുഭക്തിയുടെ നിദര്‍ശനമായിട്ടാണ് സാധാരണ വ്യാഖ്യാനിക്കാറുള്ളത്. വാസ്തവത്തില്‍ സ്വന്തം പിതാവിന്റെയും വംശത്തിന്റെയും നാശത്തിന് കാരണക്കാരനാവുകയും വാമനന്റെ വംശത്തിന് അഥവാ ബ്രാഹ്മണമതത്തിന്റെ അധികാരത്തിന് കീഴ്‌പ്പെടുകയുമാണ് പ്രഹ്ലാദന്‍ ചെയ്യുന്നത് എന്നും നിരീക്ഷിക്കാം.

ബ്രാഹ്മണരെ വേണ്ടതുപോലെ ബഹുമാനിച്ചില്ല എന്നതിന്റെ പേരിലാണല്ലോ മഹാബലിയെ പാതാളത്തിലേയ്ക്കു ചവിട്ടിത്താഴ്ത്തുന്നത്. ബ്രാഹ്മണരെയാണ് ബഹുമാനിക്കേണ്ടത് എന്നു വിധിക്കുന്ന ചാതുര്‍വര്‍ണ്യ വ്യവസ്ഥയുടെ കൈപ്പിടിയില്‍ പ്രഹ്ലാദന്റെ വംശം അതിനുമുമ്പുതന്നെ ഒതുങ്ങിപ്പോയിരുന്നു എന്നര്‍ഥം. ആ അര്‍ഥത്തില്‍ ഭാരതത്തിലെ പ്രാദേശിക ജനവിഭാഗങ്ങളുടെ സ്വാതന്ത്ര്യവും അധികാരവും സംരക്ഷിക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ട ഭരണാധികാരയായിരുന്നു ഹിരണ്യകശിപു എന്നും, സ്വന്തം പിതാവിനെയും വംശത്തെയും വഞ്ചിച്ചുകൊണ്ട് അധികാരം ബ്രാഹ്മണ്യത്തിനു പണയപ്പെടുത്തിയ വഞ്ചകനായിരുന്നു പ്രഹ്ലാദന്‍ എന്നും വിലയിരുത്തിയാല്‍ തെറ്റു പറയാനാവില്ല.

ഹിരണ്യ കശിപുവും പ്രഹ്ലാദനും വിരോചനനും മഹാബലിയുമൊക്കെ ജീവിച്ചിരുന്നുവോ, ഈ പറയുന്ന കാര്യങ്ങളൊക്കെ സംഭവിച്ചിരുന്നുവോ എന്നതല്ല ഇവിടെ പ്രസക്തമായ കാര്യം. ഇന്ത്യയിലെ പ്രാദേശിക ഭരണാധികാരികളെയും അവരുടെ അധികാരത്തെയും കൈപ്പിടിയിലൊതുക്കാനും വര്‍ണവ്യവസ്ഥയുടെ നിയമങ്ങള്‍ സമൂഹത്തില്‍ അടിച്ചേല്‍പ്പിക്കാനും ഉള്ള ശ്രമങ്ങള്‍ മുറയ്ക്കു നടന്നിരുന്നു എന്നും, ആ ശ്രമങ്ങളില്‍ സ്വന്തം വംശത്തെത്തന്നെ വഞ്ചിച്ചുകൊണ്ട് പ്രാദേശിക ജനവിഭാഗങ്ങളില്‍പ്പെട്ട പലരും ബ്രാഹ്മണ്യത്തിനു വഴിപ്പെട്ടിരുന്നു എന്നും ഇത്തരം കഥകളില്‍നിന്നു മനസ്സിലാക്കാവുന്നതാണ്.

സുധന്വന്‍ വിരോചനനോടൊപ്പം ഒരേ ഇരിപ്പിടത്തില്‍ ഇരിക്കുമോ എന്നാണ് കേശിനി ചോദിക്കുന്നത്. വിരോചനന്‍ ക്ഷണിച്ചിട്ടും സുധന്വന്‍ അദ്ദേഹത്തോടൊപ്പം ഇരിക്കാന്‍ തയ്യാറാകുന്നില്ല. മഹാഭാരതത്തില്‍ തൊട്ടുകൂടായ്മയുടെ ആദ്യത്തെ അനുഭവമായിരിക്കും ഈ കഥാസന്ദര്‍ഭം. പിതാവിനും പുത്രനും, ഒരുമിച്ചിരിക്കാം. രണ്ടു ക്ഷത്രിയര്‍ക്കും രണ്ടു വൈശ്യര്‍ക്കും രണ്ടു ശൂദ്രര്‍ക്കും ഒരുമിച്ചിരിക്കാം. ബ്രാഹ്മണരാണെങ്കില്‍ തുല്യമായ ജ്ഞാനവും പ്രായവും ഉള്ളവരാണെങ്കില്‍ മാത്രമേ ഒരുമിച്ച് ഇരിക്കാവൂ എന്നു നിഷ്‌കര്‍ഷിക്കുമ്പോള്‍ വ്യത്യസ്ത ജാതിക്കാര്‍ ഒരുമിച്ച് ഇരിക്കാന്‍ പാടില്ല എന്നിടത്താണ് സുധന്വന്റെ ഊന്നല്‍.
യാതൊരു കാരണവശാലും ഭൂമിക്കുവേണ്ടി കളവു പറയരുത് എന്നു സ്ഥാപിക്കാനാണ് വിദുരര്‍ കേശിനിയുടെ കഥ പറയുന്നത്. അതേസമയം, ദേവന്മാര്‍ക്കും ബ്രാഹ്മണര്‍ക്കും എന്തു കളവു പറഞ്ഞും ഭൂമി സ്വന്തമാക്കാം എന്നു സ്ഥാപിക്കുന്ന കഥകൂടിയാണ് വാമനന്റെയും മഹാബലിയുടെയും കഥ

Exit mobile version