Site iconSite icon Janayugom Online

മുന്നണി വിപുലീകരണം തിരിച്ചടി; കോണ്‍ഗ്രസിനെതിരെ ഘടകകക്ഷികള്‍

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണി വിപുലീകരിക്കാൻ ഇറങ്ങിയ യുഡിഎഫിന് തിരിച്ചടി. ഇടതുമുന്നണിയുടെ ഭാഗമായ ചില പാർട്ടികളെ ലക്ഷ്യമിട്ട് നടത്തിയ നീക്കമാണ് ഒടുവിൽ എൻഡിഎയുടെ ഭാഗമായ ചെറുകക്ഷികളിലേക്ക് എത്തിയത്. ഇതില്‍ ഒരു ചെറുപാർട്ടിയെ അസോസിയേറ്റ് അംഗമാക്കാനുള്ള നീക്കവും പാളിയതോടെ കോൺഗ്രസിനെതിരെ ഘടകകക്ഷികളുടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
പി വി അൻവറിന്റെ തൃണമൂൽ കോൺഗ്രസിനെയും സി കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാർടിയെയും വിഷ്ണുപുരം ചന്ദ്രശേഖരൻ നയിക്കുന്ന കാമരാജ് കോൺഗ്രസിനെയും അസോസിയേറ്റ് അംഗങ്ങളാക്കാനുള്ള നീക്കത്തിൽ നിലവിലെ ഘടകക്ഷികൾക്ക് എതിർപ്പുണ്ടായിരുന്നു. വിപുലീകരണമല്ല മുന്നണിയുടെ അടിത്തറ ബലപ്പെടുത്തുകയാണ് വേണ്ടതെന്ന അഭിപ്രായങ്ങൾ മാനിക്കാതെയുള്ള നീക്കമായിരുന്നു വി ഡി സതീശൻ ഉൾപ്പെടെയുള്ളവരുടേത്. സംഘടനാ ശക്തിയില്ലെങ്കിലും മുന്നണിയിൽ കൂടുതൽ പാർട്ടികൾ എത്തുന്നുവെന്ന തോന്നലുളവാക്കുകയെന്നതായിരുന്നു ലക്ഷ്യം.
അസോസിയേറ്റ് അംഗത്വം നൽകിയെന്ന് വി ഡി സതീശൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് എൻഡിഎ വൈസ് ചെയർമാനായ വിഷ്ണുപുരം ചന്ദ്രശേഖർ യുഡിഎഫുമായി ഒരു ചർച്ചയും നടത്തിയിട്ടില്ലെന്ന വാദവുമായി രംഗത്തെത്തിയത്. മുന്നണിയിൽ എടുക്കണമെന്ന് കത്തു നൽകിയിട്ടില്ലെന്നും അങ്ങനെയൊരു കത്തുണ്ടെങ്കിൽ പുറത്തുവിടണമെന്നും ഇദ്ദേഹം വെല്ലുവിളിച്ചതോടെ സതീശനും കൂട്ടരും വെട്ടിലായി.
കഴിഞ്ഞ കുറേനാളുകളായി സി കെ ജാനുവും വിഷ്ണുപുരം ചന്ദ്രശേഖരനും എൻഡിഎയിൽ അതൃപ്തരായിരുന്നു. യുഡ‍ിഎഫുമായി അടുക്കാനുള്ള ഇവരുടെ നീക്കം പക്ഷേ ബിജെപി കാര്യമാക്കിയിരുന്നില്ല. മുന്നണി മര്യാദ പാലിക്കാത്തതിൽ പ്രതിഷേധിച്ച് സി കെ ജാനു നേതൃത്വം നൽകുന്ന ജനാധിപത്യ രാഷ്ട്രീയ പാർട്ടി നേരത്തെ തന്നെ എൻഡിഎ വിട്ടിരുന്നു.
വിഷ്ണുപുരം ചന്ദ്രശേഖരൻ നയിക്കുന്ന കാമരാജ് കോൺഗ്രസ് മുന്നണി വിടുമെന്ന് ബിജെപി പ്രതീക്ഷിച്ചിരുന്നില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ നാല് സീറ്റുകൾ മാത്രമായിരുന്നു ബിജെപി ഇവർക്ക് നൽകിയത്. സംഘടനാ സംവിധാനങ്ങൾ ദുർബലമാണെങ്കിലും ഒപ്പമുള്ളവർ വിട്ടുപോകുന്നത് എൻഡിഎ സംവിധാനത്തിന് തിരിച്ചടിയാകുമെന്ന് വന്നപ്പോഴാണ് ഇദ്ദേഹത്തെ അനുനയിപ്പിച്ചതെന്നാണ് അറിയുന്നത്. ചന്ദ്രശേഖരനെ യുഡിഎഫിലെത്തിക്കാൻ പ്രധാനമായും ശ്രമം നടത്തിയത് തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉൾപ്പെടെയുള്ളവരായിരുന്നു. നീക്കം നാണക്കേടായി മാറിയതിലുള്ള അതൃപ്തിയും വി ഡി സതീശനുണ്ട്.
തദ്ദേശ തെരഞ്ഞെടുപ്പിലെ നേട്ടത്തിന്റെ പേരില്‍ ഇടതു മുന്നണിയിലെ പാർട്ടികളെ യുഡിഎഫിലെത്തിക്കുമെന്നായിരുന്നു കോൺഗ്രസിന്റെ വീരവാദം. ഇത് നടക്കില്ലെന്ന് വ്യക്തമായതോടെയാണ് പി വി അൻവറിനെയും സി കെ ജാനുവിനെയും മുന്നണിയിലെത്തിക്കുന്നത്. എന്നാല്‍ ആൾബലമോ സംഘടനാ സ്വാധീനമോ ഇല്ലാത്ത ഇത്തരം പാർട്ടികൾ വരുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നാണ് ഘടകകക്ഷികളുടെ വിലയിരുത്തൽ. താൻ ഇപ്പോഴും ഒരു സ്വയം സേവകനാണെന്ന് പറയുന്ന വിഷ്ണുപുരത്തെപ്പോലുള്ള ഒരാളെ മുന്നണിയിലേക്ക് ക്ഷണിച്ചതുതന്നെ അംഗീകരിക്കാനാവാത്ത കാര്യമാണെന്നും ഇവർ വ്യക്തമാക്കുന്നു.
നേരത്തെ കേരള പ്രവാസി അസോസിയേഷൻ എന്ന പാർട്ടിയെ യുഡ‍ിഎഫിൽ പ്രത്യക ക്ഷണിതാക്കളായി ഉൾപ്പെടുത്തിയിരുന്നു. എന്നാൽ ഇത്തരമൊരു പാർട്ടിയെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നാണ് യുഡിഎഫ് പ്രവർത്തകർ തന്നെ പറയുന്നത്. പാർട്ടിയിലും മുന്നണിയിലും ഉയരുന്ന അഭിപ്രായങ്ങൾ മാനിക്കാതെ മുന്നണി വിപുലീകരമത്തിനിറങ്ങിയിരിക്കുന്ന കോൺഗ്രസ് നേതൃത്വത്തിന് പുതിയ നീക്കങ്ങൾ തിരിച്ചടിയായി മാറിയിരിക്കുകയാണ്.

Exit mobile version