Site iconSite icon Janayugom Online

പഴം-പച്ചക്കറി വിലക്കയറ്റം; കര്‍ഷകര്‍ക്ക് തുച്ഛവില, ഇടനിലക്കാര്‍ കൊള്ളയടിക്കുന്നുവെന്ന് ആര്‍ബിഐ

vegveg

രാജ്യത്തെ പഴം, പച്ചക്കറി കർഷകർക്ക്‌ അവസാന വിപണി വിലയുടെ മൂന്നിലൊന്ന്‌ മാത്രമാണ്‌ ലഭിക്കുന്നതെന്ന്‌ റിസർവ്‌ ബാങ്കിന്റെ പഠന റിപ്പോർട്ട്‌. ബാക്കി മൂന്നില്‍ രണ്ടു തുകയും കൈക്കലാക്കുന്നത് മൊത്തവില്പനക്കാരും ചില്ലറ വില്പനക്കാരുമാണെന്ന് പഠനത്തില്‍ പറയുന്നു. പഴങ്ങള്‍, പച്ചക്കറികള്‍, പയറുവര്‍ഗങ്ങള്‍ എന്നിവയുടെ പണപ്പെരുപ്പത്തെക്കുറിച്ച് റിസര്‍വ് ബാങ്ക് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

അതേസമയം, ഇതിന് വിപരീതമായി, ക്ഷീരകര്‍ഷകര്‍ക്ക് അവരുടെ ഉല്പന്നങ്ങളുടെ അന്തിമ വിലയുടെ 70 ശതമാനം വില ലഭിക്കുന്നുണ്ട്. മുട്ട കര്‍ഷകര്‍ക്ക് 75 ശതമാനം ലഭിക്കുന്നുണ്ട്. കോഴി, മാംസം ഉല്പാദകര്‍ക്കാകട്ടെ ഉപഭോക്തൃവിലയുടെ 56 ശതമാനം ലഭിക്കുന്നതായും പഠനത്തില്‍ കണ്ടെത്തി.
തക്കാളി കര്‍ഷകര്‍ക്ക് വലിയ ചൂഷണം നേരിടേണ്ടിവരുന്നു. ഉപഭോക്തൃവിലയുടെ 33 ശതമാനം മാത്രമെ ലഭിക്കുന്നുള്ളൂ. ഉള്ളി കര്‍ഷകര്‍ക്ക് വിപണിവിലയുടെ 36 ശതമാനവും ഉരുളക്കിഴക്ക് കര്‍ഷകര്‍ക്ക് 37 ശതമാനവും മാത്രമാണ് വില ലഭിക്കുന്നത്. വാഴ കൃഷി ചെയ്യുന്നവര്‍ക്ക് ഉപഭോക്തൃവിലയുടെ 31 ശതമാനവും മുന്തിരി കര്‍ഷകര്‍ക്ക് 35 ശതമാനവും മാമ്പഴത്തിന് 43 ശതമാനവും മാത്രമാണ് ലഭിക്കുന്നത്. പയറുവര്‍ഗങ്ങള്‍ക്ക് ഉപഭോക്താക്കള്‍ ചെലവിടുന്ന തുകയുടെ 75 ശതമാനവും കര്‍ഷകര്‍ക്ക് ലഭിക്കുന്നതായി കണ്ടെത്തി. ചെറുപയര്‍ കര്‍ഷകര്‍ക്ക് 75 ശതമാനവും പരിപ്പ് കര്‍ഷകര്‍ക്ക് 65 ശതമാനം തുകയും ലഭിക്കുന്നുണ്ട്.

കാലാവസ്ഥാ വ്യതിയാനം, പ്രകൃതി ദുരന്തം, പ്രാദേശികമായുള്ള പ്രശ്‌നങ്ങള്‍ എന്നിവ മൂലം കര്‍ഷകര്‍ വളരെയധികം ദുരിതം അനുഭവിക്കുന്നുവെന്നും പഠനം സൂചിപ്പിക്കുന്നു. കൃഷി ചെയ്‌തെടുക്കുന്ന വിളവുകള്‍ സൂക്ഷിക്കുന്നതിനുള്ള സൗകര്യങ്ങളിലെ അപര്യാപ്തതയും വിതരണശൃംഖലയിലെ നിരവധി ഇടനിലക്കാരും കര്‍ഷകരുടെ വരുമാനം കുറയ്ക്കുന്നതായും പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
‘ബാലന്‍സ് ഷീറ്റ് സമീപനം’ സ്വീകരിച്ച് കൃത്യമായി നിരീക്ഷിച്ചാല്‍ ഈ ഉല്പന്നങ്ങളുടെ വിലക്കയറ്റം പ്രവചിക്കാനും ആവശ്യമായ നടപടികളെടുക്കാനും കഴിയുമെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ കാര്‍ഷിക സാമ്പത്തിക വിദഗ്ധന്‍ അശോക് ഗുലാത്തി നിര്‍ദേശിക്കുന്നു. വിതരണവും ആവശ്യകതയും അടിസ്ഥാനമാക്കിയുള്ള വ്യാപാരനയങ്ങളില്‍ ഹ്രസ്വകാല മാറ്റങ്ങള്‍ വരുത്തി വില സ്ഥിരപ്പെടുത്താനും ഇതിലൂടെ കഴിയും. ദേശീയതലത്തില്‍ തക്കാളി, ഉള്ളി, ഉരുളക്കിഴങ്ങ് ഉള്‍പ്പെടെയുള്ളവയുടെ വിലക്കയറ്റം ലഘൂകരിക്കുന്നതിനും ഈ പദ്ധതി ഉപകരിക്കും. ഇതിനായി സ്വകാര്യ വിപണികൾ വിപുലീകരിക്കുക, ഓൺലൈൻ വഴിയുള്ള ദേശീയ കാര്‍ഷിക വിപണികള്‍ പ്രയോജനപ്പെടുത്തുക, കർഷക കൂട്ടായ്മകളെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നടപടികളും പഠനം ശുപാർശ ചെയ്യുന്നു. 

Exit mobile version