വവ്വാല്‍ മാംസം കോഴിയിറച്ചിയെന്ന വ്യാജേന വിറ്റ രണ്ടുപേര്‍ അറസ്റ്റില്‍. തമിഴ്‌നാട്ടിലെ സേലം ജില്ലയിലെ ഒമല്ലൂര്‍ ഡാനിഷ്‌പേട്ടയിലാണ് സംഭവം. കമല്‍, സെല്‍വം എന്നിവരാണ് അറസ്റ്റിലായത്. പഴംതീനി വവ്വാലുകളെ പിടികൂടിയ ശേഷം പാചകം ചെയ്ത് കോഴിയിറച്ചിയെന്ന വ്യാജേന പ്രതികള്‍ വില്‍പ്പന ചെയ്യുകയായിരുന്നു.
തോപ്പൂര്‍ രാമസ്വാമി ഫോറസ്റ്റ് റേഞ്ചില്‍ ഒന്നിലധികം വെടിയൊച്ചകള്‍ കേട്ടതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതേതുടര്‍ന്ന്
ഫോറസ്റ്റ് റേഞ്ചര്‍ വിമല്‍ കുമാറിന്റെ നേതൃത്വത്തിലുളള പട്രോളിംഗ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് അന്വേഷണസംഘം അറിയിച്ചു. ബെംഗളൂരുവിലും കഴിഞ്ഞ വര്‍ഷം സമാനമായ രീതിയില്‍ ഇറച്ചി പിടികൂടിയിരുന്നു.

